

2013 സെപ്റ്റംബറില്‍ ബള്‍ഗേറിയയുമായുള്ള മത്സരശേഷം വട്ടം കൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആകെ അറിയേണ്ടത് ഒരു കാര്യം മാത്രമായിരുന്നു. 35 വയസുള്ള ഒരു 'കിഴവന്‍' ഗോള്‍കീപ്പര്‍ക്ക് ഇത്രയും മികച്ച പ്രകടനം നടത്താന്‍ എങ്ങനെ സാധിക്കുന്നു എന്നതായിരുന്നു കാര്യം. എന്നാല്‍, ജിയാണ്‍ല്യൂഗി ബഫണ്‍ എന്ന ഇറ്റാലിയന്‍ കോട്ടഭടന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത് ഇങ്ങനെയാണ്. എന്റെ സേവുകള്‍ കണ്ട് നിങ്ങള്‍ ഇപ്പോഴും ആശ്ചര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാക്കുന്നില്ല.
അതെ, ബഫണ്‍ ഗോള്‍വല കാക്കുമ്പോള്‍ ഒന്നും പുതിയതായി നമ്മള്‍ കാണുന്നില്ല. 24 അടി നീളം, എട്ട് അടി വീതി ഈ ചതുരത്തിലേക്ക് വരുന്ന ഏത് പന്തും അയാള്‍ നിഷ്പ്രയാസം തട്ടികയറ്റിക്കൊണ്ടേയിരിക്കുന്നു. രണ്ട് പതിറ്റാണ്ടോളം കളികണ്ടുകൊണ്ടിരുന്നവര്‍ക്ക് ഇതില്‍ എന്ത് പുതുമ. ബഫണ്‍ അതു തട്ടിയകറ്റിയിരിക്കുമെന്നുള്ള ഒരു ആത്മവിശ്വാസം ഒരു ഗോളിക്ക് മേല്‍ കളിയാരാധകര്‍ക്ക് ഉണ്ടാകണമെങ്കില്‍ അയാള്‍ ഇതിഹാസമല്ലാതെ പിന്നെയാരാണ്.
അല്‍ബേനിയയുമായുള്ള ലോകക്കപ്പ് യോഗ്യതാ പോരാട്ടം ബഫണിന് ആയിരാമത്തെ മത്സരമായിരുന്നു. ഒരു ഗോള്‍കീപ്പര്‍ ഇത്രയും കളികള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി വലകാത്തത് ചരിത്രത്തില്‍ രേഖപ്പെടുത്താതെ തരമില്ല. സമകാലീനരായ ഐകര്‍ കാസില്ലാസ്, വാന്‍ഡര്‍ സാര്‍, പീറ്റര്‍ ചെക്ക്, മാനുവല്‍ ന്യൂയര്‍ തുടങ്ങിയവരില്‍ കളം വിട്ടവരും തുടരുന്നവരുമുണ്ടെങ്കിലും ബഫണ്‍ തന്നെയാണ് ഇവരുടെ മുന്നില്‍ നില്‍ക്കുന്നത്. ഇറ്റലിയുടെ കളിക്കാരന്‍ എന്നതിലേക്കാറെ യുവന്റസിന്റെ ബഫണ്‍ എന്നാകും കൂടുതല്‍ ചേര്‍ച്ച. എന്നാല്‍, അങ്ങനെയുമല്ല, ബഫണിന്റെ യുവന്റസാണ് സത്യത്തില്‍.
1995ല്‍ പാര്‍മയ്ക്ക് വേണ്ടി കളിതുടങ്ങിയ ബഫണ്‍ 2001ല്‍ അക്കാലത്ത് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഒരു ഗോള്‍കീപ്പര്‍ക്ക് ലഭിക്കുന്ന ലോകറെക്കോര്‍ഡ് തുകയ്ക്ക് ഓള്‍ഡ് ലേഡിയിലെത്തി. പാര്‍മയ്ക്ക് വേണ്ടി ചാംപ്യന്‍മാരാകണമെന്ന് സ്വപ്‌നം കണ്ടിരുന്ന ബഫണിനെ പിതാവാണ് യുവന്റസിന്റെ നിരയിലെത്തിച്ചത്.
ഏഴ് സീരി എ കിരീടങ്ങള്‍, സീരി ബിയില്‍ ഒരു തവണ ചാംപ്യന്‍മാര്‍, രണ്ട് കോപ്പ ഇറ്റാലിയ, അഞ്ച് സൂപ്പര്‍കോപ്പ ഇറ്റാലിയ. ഒരു ഗോള്‍കീപ്പര്‍ക്ക് സ്വപ്‌നം കാണാവുന്നതിലുമപ്പുറം നേട്ടങ്ങള്‍. 2006ല്‍ ഇറ്റലിക്ക് ലോകക്കപ്പും നേടിക്കൊടുത്ത താരം നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ഇറ്റലിക്കാര്‍ക്ക്.
2006ല്‍ ഇറ്റാലിയന്‍ ഫുട്‌ബോളിനെ പിടിച്ചുകുലുക്കിയ വാതുവെയ്പ്പ് വിവാദത്തില്‍ സീരി ബിയിലേക്ക് തരംതാഴ്ത്തപ്പെട്ട യുവന്റസില്‍ നിന്നും വിട്ടുപോകാന്‍ ബഫണ്‍ വിസമ്മതിച്ചത് പണക്കിലുക്കത്തേക്കാള്‍ വലുതാണ് തന്റെ മൂല്യങ്ങളെന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ്.
തുടര്‍ച്ചയായി വരുന്ന പന്തുകള്‍ ബഫണ്‍ നിഷ്പ്രയാസം തട്ടിയകറ്റി യുവന്റസിനെ കിരീടത്തിലേക്ക് അടുപ്പിച്ചുകൊണ്ടേയിരുന്നു. പോസ്റ്റിന് കീഴില്‍ അയാള്‍ എപ്പോഴും അസ്വസ്ഥനായിരുന്നു. ശാന്തതയില്ലാതെ അയാള്‍ ഫസ്റ്റ് കോര്‍ട്ടിലും സെക്കന്‍ഡ് കോര്‍ട്ടിലുമായി ഉലാത്തിക്കൊണ്ടിരുന്നു. കോട്ടയുടെ പഴുതകളടക്കാന്‍ കാവല്‍ഭടന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടേയിരുന്നു. സൂത്രശാലിയായ എതിരാളികള്‍ കോട്ടകള്‍ പൊളിച്ചു ഗോള്‍പോസ്റ്റിനെ ഉന്നമാക്കി വെടിയുണ്ടകള്‍ പായിച്ചപ്പോള്‍ മാത്രം അയാള്‍ ശാന്തനായി. മനസാന്നിധ്യം കൈവിടാതെ പോസ്റ്റിന്റെ ഏത് മൂലയില്‍ വരുന്ന പന്തുകളും ഗതിതിരിച്ചു വിട്ടു. അല്ലെങ്കില്‍ കയ്യിലൊതുക്കി.
ആയിരം തവണ ഗ്യാലറിയെ സാക്ഷിയാക്കി അയാള്‍ കൈകള്‍ ഉയര്‍ത്തിക്കാണിച്ചു ഞാന്‍ ഇപ്പോഴും സാധാരണക്കാരനായ ഒരു ഗോള്‍കീപ്പര്‍ മാത്രമാണെന്ന് അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates