

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ യുഎസ് ഓപണ്‍ ഫൈനലില്‍ റാഫേല്‍ നദാലിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ഡാനിയല്‍ മെദ്‌വദേവിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നദാലിന്റെ കിരീട ജയത്തേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് തോറ്റ ശേഷം മെദ്‌വദേവ് നടത്തിയ വികാര നിര്‍ഭരമായ പ്രസംഗമായിരുന്നു.
പരാജയപ്പെട്ട് പോയിട്ടും അതിലൊന്നും ഒട്ടും പതറാതെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആ വാക്കുകള്‍ പലര്‍ക്കും പ്രചോദനമായിരുന്നു. താരത്തിന്റെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെയാണ് മോദി പ്രശംസിക്കുന്നത്. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് മെദ്‌വെദേവിനെ മോദി പരാമര്‍ശിച്ചത്.
'മറ്റെല്ലാവരെയും പോലെ ഞാനും ഒരു സാധാരണക്കാരനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ നിങ്ങളെ എന്തൊക്കെ ബാധിക്കുന്നുവോ അത് എന്നിലും അതേ ഫലമാണ് ഉണ്ടാക്കുന്നത്. നിങ്ങളെപ്പോലെ നദാലും മെദ്‌വദേവും തമ്മിലുള്ള മത്സരം കാണുകയും മെദ്‌വദേവിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്തിരുന്നു'.
'എല്ലാവരെയും സ്പര്‍ശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ലാളിത്യവും പക്വതയും. അതെന്നെയും വല്ലാതെ സ്വാധീനിച്ചു. ആ ലാളിത്യവും വിനയവും കൊണ്ട് അദ്ദേഹം ഹൃദയങ്ങള്‍ കീഴടക്കി. അക്ഷരാര്‍ഥത്തില്‍ തന്നെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ പ്രതീകമാണ് താനെന്ന് ഇതിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്'.
'ജയ പരാജയങ്ങള്‍ അപ്രസക്തമാക്കുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തില്‍ എന്ന് തെളിയിക്കുന്നതാണ് ഇത്തരം നിമിഷങ്ങള്‍. ജീവിതം തന്നെയാണ് യഥാര്‍ഥ വിജയം. അത് തെളിയിച്ച മെദ്‌വെദേവ് ലോകത്തെങ്ങുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്'- മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates