

മുംബൈ: ഋഷഭ് പന്തിന്റെ ബാറ്റിങ് ഫോം സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. യുവ താരം നിരുത്തരവാദപരമായി ബാറ്റ് വീശുകയാണെന്നും അനാവശ്യ ഷോട്ടുകളിലൂടെ പുറത്താവുകയാണെന്നുമടക്കമുള്ള ആരോപണങ്ങള്‍ താരത്തിന് കേള്‍ക്കേണ്ടി വന്നു. പന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. നിരന്തരം പരാജയപ്പെടുന്ന പന്തിനെ മാറ്റി മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പോരാട്ടം പന്തിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. എന്നാല്‍ അവിടെയും താരം പരാജയമായി. മൂന്ന് മത്സരങ്ങളില്‍ ഒന്ന് മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ശേഷിച്ച രണ്ട് മത്സരത്തിലും ബാറ്റിങിനിറങ്ങിയ താരം രണ്ടാം പോരില്‍ നാല് റണ്‍സും അവസാന മത്സരത്തില്‍ 19ഉം റണ്‍സെടുത്ത് പുറത്തായതോടെ വിമര്‍ശകര്‍ വീണ്ടും വാളെടുത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഋഷഭ് പന്തുണ്ട്. ഒക്ടോബർ രണ്ട് മുതൽ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ കൂടി പന്തിന് അവസരം നല്‍കുക എന്നതാണ് സെലക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഒന്നാം ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ ഋഷഭ് പന്ത് ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
പന്തിന് ഒരു അവസരം കൂടി നല്‍കണമെന്ന നിര്‍ദേശമാണ് സെലക്ടര്‍മാര്‍ പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ പന്തിന് വിശ്രമം നല്‍കി പരിചയ സമ്പന്നനായ വൃദ്ധിമാന്‍ സാഹയ്ക്ക് ഒന്നാം ടെസ്റ്റിനുള്ള ടീമില്‍ അവസരം നല്‍കുക എന്ന ലക്ഷ്യമാണ് ശാസ്ത്രിക്കും കോഹ്‌ലിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ബാറ്റിങിലെ അസ്ഥിരത പന്തിന്റെ വിക്കറ്റ് കീപ്പിങ് പ്രകടനത്തേയും സാരമായി ബാധിക്കുന്നുണ്ട്. ഫലപ്രദമായ രീതിയില്‍ ഡിആര്‍എസ് റിവ്യു നല്‍കാന്‍ പോലും പന്ത് പരാജയപ്പെടുന്നു. വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ പന്തിനേക്കാള്‍ മുകളില്‍ സാഹയുണ്ട്. മാത്രമല്ല വാലറ്റത്ത് വിലപ്പെട്ട രീതിയില്‍ റണ്‍സ് സംഭാവന ചെയ്യാനും സാഹയ്ക്ക് കഴിയും. അധികൃതര്‍ വ്യക്തമാക്കുന്നു.
ഏഷ്യക്ക് പുറത്ത് രണ്ട് ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് പന്ത്. ഇക്കാരണത്താലാണ് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലുള്ള ടീമിലും പന്തിന് ഇടം ലഭിച്ചത്. എന്നാല്‍ രണ്ട് ഏകദിനങ്ങളില്‍ 20 റണ്‍സും മൂന്ന് ടി20 പോരാട്ടങ്ങളില്‍ നിന്ന് 66 റണ്‍സും ടെസ്റ്റ് പരമ്പരയില്‍ ആകെ 58 റണ്‍സും മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കക്കെതിരായ ടി20യിലും നിരാശപ്പെടുത്തിയതോടെയാണ് പന്തിന്റെ കാര്യത്തില്‍ വീണ്ടുമൊരു ചിന്തയ്ക്ക് ഇപ്പോള്‍ ശാസ്ത്രി- കോഹ്‌ലി സഖ്യം തുനിഞ്ഞിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates