സംശയിക്കേണ്ട, ലോര്‍ഡ്‌സില്‍ വിരിഞ്ഞത് വസന്തം തന്നെയാണ്‌

സംശയിക്കേണ്ട, ലോര്‍ഡ്‌സില്‍ വിരിഞ്ഞത് വസന്തം തന്നെയാണ്‌

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതാനുള്ള കുതിപ്പില്‍ കാലിടറിയെങ്കിലും രാജ്യത്തിന്റെ ഹൃദയം കീഴടക്കുന്നതില്‍ ചാമ്പ്യന്മാരായിരിക്കുകയാണ് നീലക്കുപ്പായത്തിലെ പെണ്‍പട
Published on

ഇത് ആദ്യമായല്ല വനിതാ ലോക കപ്പ് നടക്കുന്നത്. ആരുമാരും ശ്രദ്ധിക്കാതെ അതങ്ങ് കടന്നു പൊയ്‌ക്കൊണ്ടിരുന്നു. പക്ഷെ ഇത്തവണ ഓരോ ഗ്രൂപ്പ് മത്സരവും കഴിയുംതോറും രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ നേടിയെന്നു മാത്രമല്ല, കലാശപ്പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇന്ത്യക്കാരെ പിടിച്ചിരുത്തി നീലക്കുപ്പായത്തിലെ പെണ്‍പട. ചില്ലറ കാര്യമല്ല അത്. 

കപ്പില്‍ മുത്തമിടുന്നതിലും, ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തുന്നതിലും വലുത് മിതാലിയും സംഘവും നേടിക്കഴിഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പിന്തുണ. ലോര്‍ഡ്‌സില്‍ ചരിത്രമെഴുതാനുള്ള കുതിപ്പില്‍ കാലിടറിയെങ്കിലും രാജ്യത്തിന്റെ ഹൃദയം കീഴടക്കുന്നതില്‍ ചാമ്പ്യന്മാരായിരിക്കുകയാണ് ഇവര്‍. 

അവസനം കലമിട്ടുടച്ചു എന്ന് പറയുന്നവരുണ്ടാകാം. ആരും ശ്രദ്ധിക്കാതിരുന്ന ഒരു ടീമിലേക്ക് രാജ്യത്തിന്റെയാകെ പ്രതീക്ഷകള്‍ ഈ പെണ്‍കുട്ടികള്‍ക്ക് എത്തിക്കാനായി എന്നതിന് തെളിവുകൂടിയാണ് തോല്‍വിയില്‍ നിരാശപ്പെടുന്നവരുടെ ഈ കലമിട്ടുടച്ചുവെന്ന കുറ്റപ്പെടുത്തലുകള്‍.

പക്ഷെ കുറ്റപ്പെടുത്തലുകളേക്കാള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് പൊരുതി വീണ ടീമിനെ പ്രശംസ കൊണ്ട് മൂടുന്നതാണ്. പ്രധാന മന്ത്രി മുതല്‍ മുതല്‍ ഷാരുഖ് ഖാന്‍ വരെ നമ്മുടെ ടീമിനെ ഓര്‍മപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ ഒരു വിപ്ലവത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന്. സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് നിങ്ങള്‍ തോറ്റിട്ടില്ലെന്ന വാക്കുകള്‍ തന്നെയാണ്. 

പരാജയം അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് വിജയത്തിന്റെ മധുരം ആസ്വദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പൊരുതി തോറ്റ ഇന്ത്യന്‍ ടീമിനോട് ബിഗ് ബിക്ക് പറയാനുണ്ടായിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com