

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെതിരായ ചതുർദിന മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വിജയം. തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടന്ന മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യൻ കൗമാര സംഘം വിജയം പിടിച്ചത്. ഒന്നര ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. രണ്ടാം ഇന്നിങ്സിൽ 34 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 7.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യയെ കാത്ത ഓപ്പണർ ദിവ്യാംശാണ് കളിയിലെ കേമൻ.
133 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 167 റൺസിനു പുറത്തായതോടെ ഇന്ത്യയ്ക്ക് മുന്നിലുയർന്നത് 34 റൺസ് വിജയ ലക്ഷ്യം. ഏകദിന ശൈലിയിൽ തകർത്തടിച്ച ഓപണർമാരായ വരുൺ നായനാരും ദിവ്യാംശും ചേർന്ന് ഇന്ത്യയെ 10 വിക്കറ്റ് വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും സ്കോർ 29ൽ നിൽക്കെ ദിവ്യാംശ് പുറത്തായി. 19 പന്തിൽ നാല് ബൗണ്ടറികളോടെ 18 റൺസെടുത്ത ദിവ്യാംശിനെ ലിഫ എൻടാൻസിയാണ് മടക്കിയത്.
പിന്നീടെത്തിയ വത്സൽ ഗോവിന്ദിനെ ഒരറ്റത്ത് സാക്ഷി നിർത്തി മലയാളി താരം വരുൺ നായനാരാണ് വിജയം കുറിച്ചത്. ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായ വരുൺ ഇക്കുറി 27 പന്തിൽ മൂന്ന് ബൗണ്ടറി സഹിതം 19 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒരേയൊരു പന്തു മാത്രം നേരിടാൻ അവസരം കിട്ടിയ വത്സൽ ഗോവിന്ദ് റണ്ണൊന്നുമെടുക്കാതെ തന്നെ വരുണിനു തുണയായി.
നേരത്തെ, 133 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡു വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലായിരുന്നു. ഇന്നിങ്സ് തോൽവിയിലേക്കു നീങ്ങിയ ദക്ഷിണാഫ്രിക്കയെ അർധസെഞ്ചുറി നേടിയ ബോംഗ മഖാഖയാണ് രക്ഷിച്ചത്. മഖാഖ 165 പന്തിൽ എട്ട് ബൗണ്ടറി സഹിതം 74 റൺസെടുത്തു. ഇന്ത്യയ്ക്കായി മാനവ് സൂതർ, ഹൃതിക് ഷൊകീൻ എന്നിവർ മൂന്നും അൻഷുൽ കംബോജ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഷൊകീൻ മൽസരത്തിലാകെ ഏഴ് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 197 റൺസ് പിന്തുടർന്ന ഇന്ത്യ 330 റൺസിനു പുറത്തായി. ഇതോടെ 133 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും ലഭിച്ചു. സെഞ്ച്വറി നേടിയ ഓപണർ ദിവ്യാംശുവിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. 224 പന്തുകൾ നേരിട്ട ദിവ്യാംശ് 12 ബൗണ്ടറിയും ഒരു സിക്സും സഹിതം 122 റൺസെടുത്തു പുറത്തായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates