

ബംഗളൂരു: ആരാധകരെ കൈയിലെടുക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒന്നു ശ്രമിച്ചതായിരുന്നു. പക്ഷേ അത് ചീറ്റിപ്പോയതിന്റെ ക്ഷീണത്തിലാണവർ. രസത്തിന് ചോദിച്ച ഒരു ചോദ്യമാണ് അവരെ തന്നെ തിരിഞ്ഞ് കടിച്ചത്. വെറ്ററൻ താരം പാർഥിവ് പട്ടേലിനെയും മലയാളി കൂടിയായ യുവ സെൻസേഷൻ ദേവ്ദത്ത് പടിക്കലിനെയും പരോക്ഷമായി താരത്യമപ്പെടുത്തുന്ന ചോദ്യമാണ് റോയൽ ചാലഞ്ചേഴ്സ് ചോദിച്ചത്.
റോയൽ ചാലഞ്ചേഴ്സ് പോസ്റ്റ് ചെയ്ത ഒരു ചോദ്യമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഒരു സവിശേഷ സാഹചര്യം വിവരിച്ചിട്ട് അതിന് യോജിച്ചതായി നിങ്ങൾ ആരെ തിരഞ്ഞെടുക്കു എന്നായിരുന്നു ചോദ്യം. ‘നമുക്ക് 240 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടരണം. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ വിരാട് കോഹ്‌ലിയുണ്ട്. അദ്ദേഹത്തിനൊപ്പം ബാറ്റിങ് ഓപൺ ചെയ്യാൻ നിങ്ങൾ ആരെ തിരഞ്ഞെടുക്കും?’ – പ്ലേബോൾഡ് എന്ന ഹാഷ്ടാഗോടെ കുറിച്ച ഈ ചോദ്യത്തിനൊപ്പം പാർഥിവ് പട്ടേൽ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ചിത്രങ്ങളും റോയൽ ചാലഞ്ചേഴ്സ് നൽകി. നിങ്ങൾ ആരെ തിരഞ്ഞെടുക്കും? എന്നൊരു അധിക ചോദ്യവും.
റോയൽ ചാലഞ്ചേഴ്സിന്റെ ഈ പോസ്റ്റ് എന്തായാലും നിമിഷങ്ങൾ കൊണ്ടു തന്നെ വൈറലായി. ഒട്ടേറെ ആരാധകർ ഈ പോസ്റ്റിനു താഴെ മറുപടിയായി അഭിപ്രായം രേഖപ്പെടുത്തി. കരിയറിന്റെ അവസാന നാളുകളിലുള്ള 35കാരനായ പാർഥിവിനേക്കാൾ ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന 19കാരനായ ദേവ്ദത്ത് പടിക്കലിനെയാണ് സ്വാഭാവികമായും ആരാധകരിൽ ഭൂരിഭാഗവും പിന്തുണച്ചത്.
റോയൽ ചലഞ്ചേഴ്സിന്റെ പോസ്റ്റ് ഇങ്ങനെ വൈറലായി മാറിയ സമയത്ത് തന്നെ മറുപടിയുമായി പാർഥിവ് പട്ടേൽ രംഗത്തെത്തി ചോദിച്ച ചോദ്യം സംഭവത്തിന്റെ നിറം മാറ്റി. പാർഥിവിന്റെ ഒരു ചെറിയ ചോദ്യത്തിനു മുൻപിൽ റോയൽ ചാലഞ്ചേഴ്സിന്റെ പോസ്റ്റ് തവിടുപൊടി.
‘നമ്മൾ 239 റൺസ് വഴങ്ങണമെന്ന് നിങ്ങൾക്കെന്താണിത്ര നിർബന്ധം?’ എന്നായിരുന്നു പാർഥിവിന്റെ ചോദ്യം. കുറിക്കുകൊള്ളുന്ന ഈ മറുപടിക്കു പിന്നാലെയായി പിന്നെ ആരാധകരുടെ ഒഴുക്ക്. എന്തായാലും റോയൽ ചാലഞ്ചേഴ്സിന്റെ പോസ്റ്റിനേക്കാളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ഈ ചോദ്യം മാറി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ്, മുംബൈ ഇന്ത്യൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കായി കളിച്ച ശേഷമാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമെത്തിയത്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിനായി ശ്രദ്ധേയമായ പ്രകടനമാണ് വെറ്ററൻ താരം കാഴ്ചവച്ചത്.
ഇന്ത്യൻ യുവ താരങ്ങളിൽ ശ്രദ്ധേയനായ ദേവ്ദത്ത് പടിക്കൽ ഇത്തവണ ആഭ്യന്തര സീസണിൽ മിന്നുന്ന ഫോമിലാണ്. വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്കോററായിരുന്ന ദേവ്ദത്ത്, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ടോപ് സ്കോറർ പട്ടം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഇതുവരെ 11 ഇന്നിങ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളുമടക്കം 68.50 റൺസ് ശരാശരിയിൽ ദേവ്ദത്ത് 548 റൺസാണ് അടിച്ചെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates