ഹിന്ദിയിലെ പ്രശസ്ത സംഗീത പരിപാടിയായ ‘ഇന്ത്യൻ ഐഡലി’ലെ മത്സരാർത്ഥികളെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെ വിമർശിച്ച് ഗായിക സോന മൊഹാപത്ര. മിടൂ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പലതവണ ആരോപണങ്ങൾ നേരിട്ട ഒരു വ്യക്തി വിധികർത്താവായിരിക്കുന്ന പരിപാടിയെ പികഴ്തിയുള്ള സച്ചിന്റെ വാക്കുകൾക്ക് നേരെയാണ് സോനയുടെ വിമർശനം.
ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരെയാണ് കഴിഞ്ഞ വർഷം ഗുരുതരമായ മിടൂ ആരോപണങ്ങൾ ഉയർന്നത്. സോനയ്ക്ക് പുറമെ പല യുവഗായകരും അനുവിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിനുശേഷം റിയാലിറ്റി ഷോയുടെ പത്താം പതിപ്പിൽ നിന്ന് അനുവിനെ നീക്കം ചെയ്യുകയുമുണ്ടായി. എന്നാൽ ഈ വർഷം അദ്ദേഹത്തെ വീണ്ടും വിധികർത്താവായി ക്ഷണിക്കുകയായിരുന്നു. ഇതോടെ പരിപാടിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് പരിപാടിയിൽ പങ്കെടുക്കുന്ന അഞ്ച് യുവഗായകരെ പുകഴ്തി സച്ചിന്റെ ട്വീറ്റ്.
‘ഇന്ത്യൻ ഐഡലിലെ ഈ യുവഗായകരുടെ ആലാപനവും ജീവിത കഥയും ഹൃദയ സ്പർശിയാണ്. രാഹുൽ, ചെൽസി, ദിവാസ്, സണ്ണി എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന ഈ ഗായകരുടെ സംഗീതത്തോടുള്ള ഇഷ്ടവും ആത്മസമർപ്പണവും അഭിനന്ദനീയമാണ്. അവർക്കു വളരെയേറെ ദൂരം മുന്നേറാനാകും’, ചിത്രങ്ങൾക്കൊപ്പം സച്ചിൻ കുറിച്ചു.
ഈ ട്വീറ്റിനു പിന്നാലെയാണ് മിടൂ മുന്നേറ്റത്തെക്കുറിച്ച് സച്ചിനെ ഓർമപ്പെടുത്തി സോന രംഗത്തെത്തിയത്. "പ്രിയ സച്ചിൻ, ഇന്ത്യയിലെ #മിടൂ മുന്നേറ്റത്തെക്കുറിച്ച് താങ്കൾക്ക് എന്തെങ്കിലും അറിവുണ്ടോ? മേൽപ്പറഞ്ഞ ഇന്ത്യൻ ഐഡൽ സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജായ അനു മാലിക്കിനെതിരെ കൊച്ചു പെൺകുട്ടികള്‍ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകൾ കഴിഞ്ഞ വർഷം പരസ്യമായി രംഗത്തുവന്നതാണ്. അവരിൽ അതേ ഷോയുടെ മുൻ പ്രൊഡ്യൂസറും ഉണ്ടായിരുന്നു. അവരുടെ വിഷമങ്ങളും സങ്കടങ്ങളും ആരെയും സ്പർശിക്കുന്നില്ല എന്നുണ്ടോ?", സോന കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates