ഐപിഎല്ലിലെ രണ്ട് വമ്പന്മാര്‍ വീണ്ടുമൊരിക്കല്‍ കൂടി കലാശപ്പോരില്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്ന് ഉറപ്പാണ്. ഇന്ന് ആരാവും ജയിച്ചു കയറുക? ക്രിക്കറ്റ് പ്രേമികളില്‍ ഈ ചോദ്യം ഉയര്‍ത്തുന്ന ആകാംക്ഷ ചെറുതല്ല. ഈ സീസണില്‍ ക്വാളിഫയര്‍ 1ല്‍ ഉള്‍പ്പെടെ മൂന്ന് വട്ടം ധോനിയുടെ സംഘത്തെ മുംബൈ തോല്‍പ്പിച്ചു കഴിഞ്ഞു. അത് മുംബൈയ്ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍, സീസണില്‍ ഇവരുടെ കയ്യില്‍ നിന്നുമേറ്റ മൂന്ന് തോല്‍വികള്‍ക്കും കൂടി ഫൈനലില്‍ കണക്കു തീര്‍ക്കാന്‍ തുനിഞ്ഞാവും ധോനിയും സംഘവും ഇറങ്ങുക എന്നുറപ്പാണ്. ഐപിഎല്‍ ചരിത്രത്തിലേക്ക് വരുമ്പോള്‍ 16 വട്ടം മുംബൈ ചെന്നൈയെ തോല്‍പ്പിച്ചു. മുംബൈ ഇവരോട് തോറ്റതാവട്ടെ 11 വട്ടവും.
ജയിക്കാന്‍ മുംബൈയ്ക്ക് വേണ്ടത്
രണ്ട് ടീമുകളിലേയും മാച്ച് വിന്നര്‍മാരെ വെച്ച് നോക്കുമ്പോള്‍ ജയിച്ചു കയറാന്‍ സാധ്യത കൂടുതല്‍ മുംബൈയ്ക്ക് തന്നെയാണ്. ബാറ്റിങ്ങാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ശക്തി. സൂര്യകുമാര്‍ യാദവും, ഡികോക്കും സീസണില്‍ ഉടനീളം മികവ് കാട്ടി. ഫൈനലിലും ഇവര്‍ക്ക് പിഴയ്ക്കാന്‍ വഴിയില്ല. എന്നാല്‍ ചെന്നൈയുടെ ബാറ്റിങ് നിരയെ പിടിച്ചു നിര്‍ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്ക് എത്രമാത്രം സാധിക്കും എന്നതായിരിക്കും മുംബൈയുടെ കാര്യത്തില്‍ നിര്‍ണായകമാവുക. മുംബൈയുടെ ബൗളിങ് നിര പരാജയപ്പെട്ടാല്‍ ചൈന്നെ ആ ആനുകൂല്യം ഫലപ്രദമായി വിനിയോഗിക്കുമെന്നുറപ്പാണ്.
ചെന്നൈയ്ക്ക് ജയിക്കാന്‍?
മറ്റ് ഏത് ടീമിനേക്കാളും ഐപിഎല്‍ ഫൈനല്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ചെന്നൈ കളിക്കാര്‍ക്കുണ്ട്. ഇതവര്‍ക്ക് മുന്‍തൂക്കവും നല്‍കുന്നു. സീസണില്‍ ചെന്നൈയുടെ ബൗളര്‍മാര്‍ പലവട്ടം തങ്ങളുടെ ശക്തി പുറത്തെടുത്തു കഴിഞ്ഞു. കൂറ്റനടികള്‍ക്ക് പ്രാപ്തമായ മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞു കെട്ടാന്‍ ചെന്നൈയ്ക്കായാല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് കിരീടം നിലനിര്‍ത്താനാവും...
ഇവരുടെ കൊമ്പുകോര്‍ക്കല്‍
ഡികോക്ക്-ഹര്‍ഭജന്‍
സീസണില്‍ ഉടനീളം മികച്ച ഫോം നിലനിര്‍ത്തിയ ഡികോക്കിനെ തളയ്ക്കാന്‍ ധോനി പന്തെല്‍പ്പിക്കുക ഹര്‍ഭജനെ തന്നെയാവുമെന്ന് ഉറപ്പാണ്. അവിടെ ഭാജിക്ക് നായകന്‍ തന്നിലേല്‍പ്പിക്കുന്ന വിശ്വാസത്തിനൊത്ത് ഉയരാനാവുമോ എന്നാണ് കണ്ടറിയേണ്ടത്.
ഹര്‍ദിക് പാണ്ഡ്യ-രവീന്ദ്ര ജഡേജ
സ്പിന്നര്‍മാരോട് ഈ സീസണില്‍ ഒരു ദയയും ഹര്‍ദിക് പാണ്ഡ്യ കാണിച്ചിട്ടില്ല. പക്ഷേ, ഹര്‍ദിക് ക്രീസിലേക്ക് എത്തുമ്പോള്‍ ജഡേജയ്ക്ക് പന്ത് നല്‍കി പരീക്ഷണത്തിന് ധോനി മുതിര്‍ന്നേക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. ഈ രണ്ട് ഓള്‍ റൗണ്ടര്‍മാരില്‍ ആര് ജയിക്കും എന്ന് കൂടി ഇന്ന് കണ്ടറിയാം.
ധോനി-ബൂമ്ര
അവസാന ഓവറുകളിലെ തകര്‍പ്പന്‍ കളിയും മറ്റുമായി സീസണില്‍ ടീമിനെ തോളിലേറ്റുകയാണ് ധോനി. ബെസ്റ്റ് ഫിനിഷര്‍, നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന വിശേഷണം നേടിയ ബൂമ്രയ്‌ക്കെതിരെ വരികയാണ് ഫൈനലില്‍. ബൂമ്രയില്‍ നിന്നും നേരിട്ട 45 പന്തില്‍ നിന്നും 47 റണ്‍സാണ് ധോനി സ്‌കോര്‍ ചെയ്തത്. മൂന്ന് വട്ടം ധോനിയുടെ വിക്കറ്റ് ബൂമ്ര വീഴ്ത്തുകയും ചെയ്തു. ഒരുപക്ഷേ ഇവര്‍ തമ്മിലുള്ള പോരാവും പരമ്പര വിജയിയെ തന്നെ നിര്‍ണയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates