മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയതോടെ പുതിയ സ്പോൺസർക്കായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബിസിസിഐ. പല വൻകിട കമ്പനികളേയും ബിസിസിഐ ക്ഷണിച്ചതായും എന്നാൽ പലരും തത്കാലം സ്പോൺസർമാരാകാൻ ഇല്ലെന്നുമുള്ള നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ ശ്രദ്ധേയമായ വാർത്തകളാണ് പുറത്തു വരുന്നത്. യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ബിസിസിഐയുടെ തുണയ്ക്കെത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഐപിഎൽ കിരീട സ്പോൺസർമാരാകാൻ പതഞ്ജലി താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചനകൾ.
‘ഈ വർഷത്തെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന കാര്യം തങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി. അതുവഴി ആഗോള വിപണിയിൽ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വക്താവ് പറയുന്നു. ബിസിസിഐയ്ക്കു മുന്നിൽ പ്രപ്പോസൽ അവതരിപ്പിക്കുന്ന കാര്യം കമ്പനി സജീവമായി പരിഗണിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസറെന്ന നിലയിൽ വിവോ ബിസിസിഐയ്ക്ക് നൽകിയിരുന്നത്. എന്നാൽ പതഞ്ജലി സ്പോൺസർഷിപ്പ് ഏറ്റെടുത്താൽ ഇതേ തുക നൽകാൻ അവർക്കാകുമോ എന്ന് കണ്ടറിയണം.
ഇന്ത്യ– ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദേശീയതാ വാദമുയർന്നതോടെയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയത്. തത്സ്ഥാനത്ത് ഇന്ത്യൻ ദേശീയത ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പതഞ്ജലിയുടെ വരവ് ഐപിഎല്ലിനേക്കാൾ അവർക്കു തന്നെയാണ് പ്രയോജനപ്പെടുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റ് വഴി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ താത്പര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആമസോൺ, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേടിഎം, ടാറ്റാ മോട്ടോഴ്സ് എന്നിവയെയും സ്പോൺസർഷിപ് പ്രതീക്ഷയുമായി ബിസിസിഐ സമീപിച്ചതായും സൂചനകളുണ്ടായിരുന്നു. എന്നാൽ, ഇതുവരെ അനുകൂല പ്രതികരണം ഒരു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
പുതിയ സ്പോൺസറെ കിട്ടിയാലും കരാർ തുക കാര്യമായി കുറയുമെന്ന ആശങ്കയും ബിസിസിഐക്കുണ്ട്. ഓരോ വർഷവും 440 കോടി രൂപ വീതം നൽകുന്ന രീതിയിൽ അഞ്ച് വർഷത്തേക്കായിരുന്നു വിവോയുമായുള്ള കരാർ. തുടക്കത്തിൽ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറായിരുന്ന ഡിഎൽഎഫ് വർഷം 40 കോടി രൂപ നൽകി അഞ്ച് വർഷത്തേക്ക് ആകെ 200 കോടിയുടെ കരാറായിരുന്നു അവരുടേത്. പിന്നീട് പെപ്സി വന്നപ്പോൾ തുക ഇരട്ടിയായി. ഓരോ വർഷവും 80 കോടി വീതം ബിസിസിഐക്ക് നൽകി അഞ്ച് വർഷത്തേക്കു 400 കോടി രൂപയുടെ കരാറാണ് പെപ്സി ഒപ്പിട്ടത്.
പിന്നീടാണു 440 കോടി ഓരോ വർഷവും നൽകി വിവോ വന്നത്. അപ്രതീക്ഷിതമായി വിവോ പോയതോടെ, 200 കോടിയെങ്കിലും ഈ സീസണിൽ നൽകാൻ പറ്റുന്നവരെയാണു ബിസിസിഐ അന്വേഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates