ലാഹോർ: മുൻ നായകനും സൂപ്പർ താരവുമായിരുന്ന ജാവേദ് മിയാൻദാദിനെ പാകിസ്ഥാന്റെ ദേശീയ ടീമിൽ നിന്ന് പുറത്താക്കാൻ ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനും ഇപ്പോൾ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തൽ. മിയാൻദാദിന്റെ പകരക്കാരനെന്ന പേരിൽ പാക് ടീമിൽ ഇടംപിടിച്ച ബാസിത് അലിയുടേതാണ് വിവാദ വെളിപ്പെടുത്തൽ.
മിയാൻദാദിനെ ടീമിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായിരുന്നു തന്നെ മിയാൻദാദിന്റെ പകരക്കാരനെന്ന് വിശേഷിപ്പിച്ചതു പോലും. ബാസിത് അലി വെളിപ്പെടുത്തി. 1993ലാണ് മിയാൻദാദ് രാജ്യാന്തര ക്രിക്കറ്റിലെ അവസാന ടെസ്റ്റ് കളിച്ചത്. 1996ൽ ഇന്ത്യയ്ക്കെതിരെ കളിച്ച് ഏകദിനത്തിൽ നിന്ന് വിടവാങ്ങി.
1992ൽ പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്തതിനു പിന്നാലെ ഇമ്രാൻ ഖാൻ രാജ്യാന്തര കരിയറിന് വിരാമമിട്ടിരുന്നു. ഇതിനു പിന്നാലെ 1993 മുതൽ ജാവേദ് മിയാൻദാദിനെയും ഒതുക്കാൻ ഇമ്രാൻ ഖാൻ ശ്രമിച്ചെന്നാണ് ബാസിത് ആരോപിക്കുന്നത്. 1993ൽ ഏകദിന ടീമിൽ നിന്ന് തഴയപ്പെട്ട മിയാൻദാദ്, 1996ലെ ലോകകപ്പ് കളിക്കാൻ താരങ്ങളോടു കെഞ്ചിയതായും 1993ൽ വസിം അക്രത്തെ ക്യാപ്റ്റനാക്കിയപ്പോൾ ടീമിലെ ഒട്ടേറെ താരങ്ങൾ പ്രതിഷേധിച്ചതായും ബാസിത് അലി വെളിപ്പെടുത്തി.
‘ജാവേദ് മിയാൻദാദിനെ പാകിസ്ഥാൻ ടീമിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നിരുന്നു. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് എന്നെ മിയാൻദാദുമായി താരതമ്യപ്പെടുത്താൻ ആരംഭിച്ചത്. സത്യത്തിൽ മിയാൻദാദിന്റെ ഒരു ശതമാനം പോലും കഴിവുള്ള ആളല്ല ഞാൻ. സാധാരണ ഗതിയിൽ നാലാം നമ്പറിലാണ് ഞാൻ ബാറ്റു ചെയ്യാറുള്ളത്. ഏതാണ്ട് 55നു മുകളിൽ ശരാശരിയുമുണ്ടായിരുന്നു. എന്നാൽ, 1993ൽ മിയാൻദാദിനെ ടീമിൽ നിന്ന് തഴഞ്ഞതിനു പിന്നാലെ എന്നെ ആറാം നമ്പറിലേക്ക് മാറ്റി. ഇതോടെ എന്റെ പ്രകടനവും മോശമായി. ആ സ്ഥാനത്ത് വല്ലപ്പോഴും മാത്രമേ എനിക്ക് ബാറ്റിങ്ങിന് അവസരം കിട്ടൂവെന്ന് അവർക്ക് അറിയാമായിരുന്നു. അങ്ങനെ പതുക്കെ അവരെന്നെയും ടീമിൽ നിന്ന് തഴഞ്ഞു’ – ബാസിത് അലി വെളിപ്പെടുത്തി.
‘ക്രിക്കറ്റിനെ വളരെ ആത്മാർഥതയോടെ സമീപിച്ച ആളാണ് ഞാൻ. ലഭിക്കുന്ന അവസരങ്ങളിൽ ഞാൻ വലിയ ഷോട്ടുകൾക്ക് ശ്രമിച്ച് പെട്ടെന്നു പുറത്തായി. എന്റേതായ ശൈലിയിൽ കളിക്കാൻ എനിക്കായില്ല. ഈ സമയത്ത് വസിം അക്രമായിരുന്നു ടീമിന്റെ നായകൻ. പക്ഷേ, മിയാൻദാദിനെ ടീമിൽ നിന്ന് പുറത്താക്കാൻ കാരണം അന്ന് ടീമിനുമേൽ വലിയ സ്വാധീമുണ്ടായിരുന്ന ഇമ്രാൻ ഖാനാണ്’ – ബാസിത് ആരോപിച്ചു.
‘ഇതുവരെ ആർക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്താം. എന്റെ രാജ്യത്തെ ഓർത്താണ് ഇതുവരെ ആരോടും ഇതേക്കുറിച്ച് പറയാതിരുന്നത്. 1996ലെ ലോകകപ്പ് ടീമിൽ സത്യത്തിൽ മിയാൻദാദ് ഉണ്ടായിരുന്നില്ല. ലോകകപ്പിൽ കളിക്കുന്നവരുടെ പട്ടികയിൽ ആദ്യം മിയാൻദാദിന്റെ പേരുണ്ടായിരുന്നില്ല. പക്ഷേ 15 അംഗ ടീമിൽ എനിക്ക് ഇടം ലഭിച്ചു. പക്ഷേ, തനിക്ക് ലോകകപ്പ് കളിച്ചാൽ കൊള്ളാമെന്ന് പറഞ്ഞ് മിയാൻദാദ് രംഗത്തുവന്നു. ആരെങ്കിലും ഒരു അവസരം കൊടുക്കണമെന്നായിരുന്നു ആവശ്യം. ഏറ്റവും കൂടുതൽ ലോകകപ്പിൽ കളിക്കുന്ന താരമാകുകയായിരുന്നു ലക്ഷ്യം. ഇതോടെ ഞാൻ വഴിമാറിക്കൊടുത്തു’ – ബാസിത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
