മാഡ്രിഡ്: അര്‍ജന്റീനയുടെ ഇതിഹാസ താരം മെസി ബാഴ്‌സ വിടുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ക്ലബ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ താരത്തിന്റെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി ബാഴ്‌സലോണയില്‍ എത്തി. ക്ലബ് പ്രസിഡന്റ് ജോസഫ് ബര്‍ടോമ്യു അടക്കമുള്ളവരുമായി അദ്ദേഹം ചര്‍ച്ചനടത്തും.
അതേസമയം ചര്‍ച്ച എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍പ്പോര്‍ട്ടില്‍ എത്തിയ ഹോര്‍ഗെ തനിക്കൊന്നും അറിയില്ല എന്നു മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കഴിഞ്ഞ ആഴ്ച ബാഴ്‌സ വിടാനുള്ള താത്പര്യം മെസി തുറന്നു പ്രകടിപ്പിച്ചിരുന്നു. തന്റെ കരാറില്‍ ഏതുനിമിഷവും ക്ലബ് വിടാന്‍ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2021 വരെയുള്ള കരാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി മെസി ബാഴ്‌സയ്ക്ക് കത്തയയ്ക്കുകയുമുണ്ടായി. എന്നാല്‍ മെസി അവകാശപ്പെടുന്ന നിബന്ധന മുന്‍ കരാറിലേതാണെന്നും നിലവില്‍ 2021 ജൂണ്‍ വരെയുള്ള കരാര്‍ അനുസരിച്ച് നഷ്ടപരിഹാരം അടയ്ക്കാതെ താരത്തിന് ക്ലബ്ബ് വിടാന്‍ കഴിയില്ലെന്നുമാണ് ബാഴ്‌സ നിലപാടറിയിച്ചത്.
ക്ലബ് വിടാന്‍ തീരുമാനം അറിയിച്ചതിന് ശേഷം അധികൃതരുമായി മെസി ഒരിക്കല്‍പ്പോലും കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഈ സീസണില്‍ ക്ലബ് അംഗങ്ങള്‍ പരിശീലനം തുടങ്ങിയെങ്കിലും മെസി മാറിനില്‍ക്കുകയായിരുന്നു. പരിശീലനം തുടങ്ങുന്നതിന് മുമ്പായി നടത്തിയ കോവിഡ് പരിശോധനയ്ക്കും മെസി എത്താത്തത് താരം ക്ലബ് വിടുന്നത് സംബന്ധിച്ച സൂചനയാണ് നല്‍കുന്നത്. ഇരുപത് വര്‍ഷം മുമ്പ് മെസി തന്റെ കരിയര്‍ തുടങ്ങിയ ക്ലബ്ബില്‍ താരത്തെ തുടര്‍ന്നും കളിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ മനസ്സ് മാറ്റാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നുമാണ് ബാഴ്‌സയുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates