ലോക ഇലവനോട് ഏറ്റുമുട്ടാൻ പാകിസ്ഥാൻ താരങ്ങളില്ല ; കോഹ് ലിയെ കാത്ത് 'ബം​ഗ്ലാദേശ്'

ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലേസിയാണ് ലോക ഇലവനെ നയിക്കുന്നത്
ലോക ഇലവനോട് ഏറ്റുമുട്ടാൻ പാകിസ്ഥാൻ താരങ്ങളില്ല ; കോഹ് ലിയെ കാത്ത് 'ബം​ഗ്ലാദേശ്'
Updated on
1 min read

ധാക്ക∙ ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ലോക ഇലവനും ഏഷ്യൻ ഇലവനുമായി ട്വന്റി 20 ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഏഷ്യൻ ഇലവനിൽ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയും കളിക്കും.  മൂന്നു ട്വന്റി20 മത്സരങ്ങളിൽ ഒരെണ്ണത്തിലാണ് കോലി കളിക്കുകയെന്നാണ് സൂചന. അതേസമയം, കോലിയുടെ പങ്കാളിത്തം ബിസിസിഐയുടെ സ്ഥിരീകരണത്തിന് അനുസരിച്ചായിരിക്കുമെന്ന് ബിസിബി വ്യക്തമാക്കി.

ഏഷ്യൻ ഇലവനിൽ വിരാട് കോഹ് ലിക്കു പുറമെ ഇന്ത്യയിൽനിന്ന് ശിഖർ ധവാൻ, കെ.എൽ. രാഹുൽ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, പേസ് ബോളർ മുഹമ്മദ് ഷമി, സ്പിന്നർ കുൽദീപ് യാദവ് എന്നിവരുമുണ്ട്. മാർച്ച് 18 മുതൽ 22 വരെയുള്ള സമയത്താണ് മൂന്നു ട്വന്റി20കൾ അരങ്ങേറുക. ഇന്ത്യൻ ടീമിന്റെ തിരക്കേറിയ മത്സരക്രമം കൂടി പരിഗണിക്കേണ്ടതുള്ളതിനാലാണ് കോഹ് ലിയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യം ബിസിസിഐയ്ക്ക് വിട്ടതെന്ന് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലേസിയാണ് ലോക ഇലവനെ നയിക്കുന്നത്.

നിലവിൽ ന്യൂസീലൻഡിൽ പര്യടനം നടത്തുകയാണ് കോഹ് ലിയും സംഘവും.  ന്യൂസീലൻഡ് പര്യടനത്തിനുശേഷം തിരിച്ചെത്തുന്ന ഇന്ത്യൻ ടീം മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നുണ്ട്. മാർച്ച് 12 (ധരംശാല), മാർച്ച് 15 (ലക്നൗ), മാർച്ച് 18 (കൊൽക്കത്ത) എന്നിവിടങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക. അതിനുശേഷം മാർച്ച് 29ന് ഇന്ത്യൻ പ്രീമിയർ ലീഗിനും തുടക്കമാകും. ഇതിനിടയിലായിട്ടാണ് ഏഷ്യൻ ഇലവനും ലോക ഇലവനും തമ്മിലുള്ള മൂന്ന് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് നാലോ അഞ്ചോ താരങ്ങളെ വിട്ടുനിൽകുന്നതിൽ വിഷമമുണ്ടാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഏഷ്യൻ ഇലവനിൽ പാക്കിസ്ഥാൻ താരങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഏഷ്യൻ ഇലവനിൽ ഇന്ത്യൻ താരങ്ങൾക്കു പുറമെ ബംഗ്ലദേശ് താരങ്ങളായ മുസ്താഫിസുർ റഹ്മാൻ, തമീം ഇക്ബാൽ, മുഷ്ഫിഖുർ റഹിം, ലിട്ടൺ ദാസ്, ശ്രീലങ്കയിൽനിന്ന് ലസിത് മലിംഗ, തിസാര പെരേര, അഫ്ഗാനിസ്ഥാനിൽനിന്ന് മുജീബുർ റഹ്മാൻ, റാഷിദ് ഖാൻ, നേപ്പാൾ താരം സന്ദീപ് ലാമിച്ചനെ എന്നിവരാണുള്ളത്.

ഫാഫ് ഡുപ്ലേസി നയിക്കുന്ന ലോക ഇലവനിൽ വിൻഡീസ് സൂപ്പർതാരങ്ങളായ ക്രിസ് ഗെയ്‍ൽ, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ, നിക്കോളാസ് പുരാൻ, ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡി, സിംബാബ്‍വെ താരം ബ്രണ്ടൻ ടെയ്‍ലർ, ഇംഗ്ലണ്ട് താരങ്ങളായ അലക്സ് ഹെയ്‍ൽസ്, ജോണി ബെയർസ്റ്റോ, ആദിൽ റഷീദ്, ഓസീസ് താരങ്ങളായ ആൻഡ്രൂ ടൈ, മിച്ചൽ മക്‌ലീനൻ എന്നിവരുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com