

മാഞ്ചസ്റ്റര്‍: അവസാന നിമിഷം വരെ ആവേശം ഉച്ചസ്ഥായിയിൽ നിന്ന നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ വെസ്റ്റിൻഡീസ് പൊരുതി വീണു. ജയ പരാജയങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിൽ അഞ്ച് റൺസിനാണ് കിവികൾ വിജയം കൊത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 292 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ വെസ്റ്റിന്‍ഡീസിന് 49 ഓവറില്‍ 286 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. തോൽവി വിൻഡീസിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി.
കന്നി ഏകദിന സെഞ്ച്വറിയുമായി കാർലോസ് ബ്രാത്‌വെയ്റ്റ് നടത്തിയ പോരാട്ടം അവസാന ഘട്ടത്തിൽ വിൻഡീസിനെ വിജയത്തിന്റെ വക്കിൽ എത്തിച്ചിരുന്നു. എന്നാൽ വിജയത്തിലേക്ക് അഞ്ച് റൺസ് വേണമെന്നിരിക്കെ ബൗണ്ടറി ലൈനിൽ വച്ച് ബ്രാത്‌വെയ്റ്റിനെ ട്രെന്റ് ബോൾട്ട് പിടികൂടിയതോടെ കരീബിയൻ പോരാട്ടത്തിന് തിരശ്ശീല വീണു. 82 പന്തില്‍ അഞ്ച് സിക്‌സും ഒന്‍പത് ഫോറും സഹിതം ബ്രാത്‌വെയ്റ്റ് 101 റണ്‍സെടുത്തു.
തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും വെറ്ററൻ ഓപണർ ക്രിസ് ഗെയ്ലും ഹെറ്റ്മെയറും ചേർന്ന് നടത്തിയ പോരാട്ടം വിൻഡീസിന് വിജയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകൾ വീണത് അവരെ പിന്നോട്ടടിച്ചു. അവസാന ഓവറുകളില്‍ ബ്രാത്‌വെയ്റ്റ് പൊരുതി നോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആളുണ്ടായിരുന്നില്ല. ഒരുഘട്ടത്തില്‍ വിജയ പ്രതീക്ഷ ഉയര്‍ത്തിയ ശേഷമായിരുന്നു വിന്‍ഡീസിന്റെ കീഴടങ്ങല്‍.
211 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായി വിന്‍ഡീസ് എളുപ്പം കീഴടങ്ങുമെന്ന പ്രതീതിയിലായിരുന്നു. എന്നാല്‍ കെമര്‍ റോച്ച് (31 പന്തില്‍ 14), കോട്രെല്‍ (26 പന്തില്‍ 15) എന്നിവരെ കൂട്ടുപിടിച്ച് ബ്രാത്‌വെയ്റ്റ് വിന്‍ഡീസിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തി.
48ാം ഓവര്‍ എറിയാന്‍ മാറ്റ് ഹെന്റി എത്തുമ്പോള്‍ വിന്‍ഡീസ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലായിരുന്നു. വിജയത്തിലേക്ക് വേണ്ടിയിരുന്നത് 18 പന്തില്‍ 33 റണ്‍സ്. ഈ ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം ബ്രാത്‌വെയ്റ്റ് അടിച്ചെടുത്തത് 25 റണ്‍സ്. അതോടെ വിന്‍ഡീസ് വിജയിക്കുമെന്ന പ്രതീതി.
പിന്നീട് വിന്‍ഡീസിന്റെ വിജയ ലക്ഷ്യം 12 പന്തില്‍ എട്ട് റണ്‍സായി ചുരുങ്ങി. 49ാം ഓവര്‍ എറിഞ്ഞ ജമ്മി നീഷത്തിന്റെ ആദ്യ മൂന്ന് പന്തുകളിലും ബ്രാത്‌വെയ്റ്റ് റണ്‍സെടുത്തില്ല. നാലാം പന്തില്‍ രണ്ട് റണ്‍സെടുത്ത് താരം സെഞ്ച്വറി തികച്ചു. വിന്‍ഡീസിന് ജയിക്കാന്‍ ആറ് റണ്‍സ് കൂടി. അഞ്ചാം പന്തില്‍ റണ്‍സില്ല. അവസാന പന്ത് സിക്‌സര്‍ ലക്ഷ്യം വച്ച് ബ്രാത്‌വെയ്റ്റ് വലിച്ചടിച്ചെങ്കിലും ബൗണ്ടറി ലൈനില്‍ വച്ച് ബോള്‍ട്ട് ക്യാച്ചെടുത്ത് താരത്തെ പുറത്താക്കി കിവികള്‍ക്ക് വിജയം സമ്മാനിച്ചു.
ഗെയ്ല്‍ 84 പന്തില്‍ 87 റണ്‍സ് എടുത്തും ഹെറ്റ്‌മെയര്‍ 45 പന്തില്‍ 54 റണ്‍സ് നേടിയും പുറത്തായി. നിക്കോളാസ് പൂരന്‍ (1), ആഷ്‌ലി നേഴ്‌സ് ( 1), എവിന്‍ ലൂയിസ് ( 0) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയത് വിൻഡീസിന് തിരിച്ചടിയായി.
ന്യൂസീലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് 10 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഫെര്‍ഗൂസണ്‍ 10 ഓവറില്‍ റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. മാറ്റ് ഹെന്‍ട്രി, ഗ്രാന്റ് ഹോം, നീഷം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എടുത്തു. സെഞ്ച്വറി പ്രകടനത്തോടെ കെയ്ന്‍ വില്യംസനാണ് ന്യൂസീലന്‍ഡ് ബാറ്റിങ്ങിന്റെ നെടുംതൂണായത്. വില്യംസൻ 154 പന്തില്‍ 148 റണ്‍സ് നേടി.
ഓപണര്‍മാരെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി ന്യൂസീലഡിനെ വെസ്റ്റിന്‍ഡീസ് ഞെട്ടിച്ചു. ഷെല്‍ഡണ്‍ കോട്രലിന്റെ ആദ്യ പന്തില്‍ ഓപണന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ അവര്‍ക്ക് നഷ്ടമായി. അഞ്ചാം പന്തില്‍ കോളിന്‍ മണ്‍റോയെയും കോട്രല്‍ മടക്കി.
വില്യംസണും റോസ് ടെയ്‌ലറും ഒത്തുചേര്‍ന്നതോടെ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം കിവീസ് പതിയെ കരകയറി. 95 പന്തില്‍ 69 റണ്‍സ് നേടിയ ടെയ്‌ലറെ ക്രിസ് ഗെയ്ല്‍ മടക്കി. ടോം ലതാം 16 പന്തില്‍ 12 റണ്‍സും ജിമ്മി നീഷാം 28 റണ്‍സും ഗ്രാന്‍ഹോം 16 റണ്‍സും മിച്ചല്‍ സാന്റ്‌നര്‍ 10 റണ്‍സും എടുത്ത് പുറത്തായി.
വിന്‍ഡീസിനായി 10 ഓവറില്‍ 56 റണ്‍സ് വഴങ്ങി ഷെല്‍ഡോണ്‍ കോട്രല്‍ നാല് വിക്കറ്റ് വീഴ്ത്തി. ബ്രാത്‌വെയ്റ്റ് രണ്ടും ക്രിസ് ഗെയ്ല്‍ ഒരു വിക്കറ്റും എടുത്തു. വില്ല്യംസനാണ് കളിയിലെ കേമൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates