

സിഡ്നി: ചെറിയ ഇടവേളയുണ്ടായിരുന്നു. അതുകഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി റെക്കോർഡുകൾ സ്ഥാപിക്കാനും തിരുത്താനും വീണ്ടും തുടങ്ങി. ഓസ്ട്രേലിയയെ അവസാന ടി20 പോരാട്ടത്തിൽ കീഴടക്കി പരമ്പര സമനിലയിലെത്തിച്ചപ്പോൾ ബാറ്റിങിൽ നായകത്വം വഹിച്ചാണ് കോഹ്‍ലി വീണ്ടും തലക്കെട്ടുകൾ സൃഷ്ടിച്ചിരിക്കുന്നത്. 41 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 61 റൺസെടുത്തു കോഹ്‍ലി വിജയ ശിൽപികളിൽ മുന്നിൽ നിന്നു.
അപൂർവമായി മാത്രം നിശബ്ദമാകാറുള്ള കോഹ്‍ലിയുടെ ബാറ്റ് ശബ്ദിക്കുമ്പോഴെല്ലാം റെക്കോർഡുകളും അകമ്പടിയാണ്. സിഡ്നിയിൽ ഒരുപിടി റെക്കോർഡുകളാണ് കോഹ്‍ലിയുടെ ഉജ്വല പ്രകടനത്തിൽ കടപുഴകിയത്. ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ ഉയർത്തിയ 165 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 108 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമാക്കിയെങ്കിലും, കോഹ്‍ലിയും ദിനേഷ് കാർത്തിക്കും ചേർന്നുള്ള അഞ്ചാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഓസ്ട്രേലിയക്ക് എക്കാലത്തും തലവേദന സൃഷ്ടിച്ച സമകാലിക ബാറ്റ്സ്മാൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അതാണ് വിരാട് കോഹ്‍ലി. വല്ലപ്പോഴും മാത്രമേ ഓസീസിന് കോഹ്‍ലിയെ മെരുക്കാൻ അവസരം കിട്ടാറുള്ളു. അപ്പോഴൊക്കെ ഇന്ത്യയും പരുങ്ങിയിട്ടുണ്ട്. അവസാന ടി20യിൽ വിജയ പ്രതീക്ഷയിലേക്ക് തിരിച്ചെത്തിയ നേരത്താണ് ക്രീസിൽ കോഹ്‍ലി എത്തിയത്. അതോടെ ഓസ്ട്രേലിയ കളിയും കൈവിട്ടു. ടി20യിൽ ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് കോഹ്‍ലി ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ. തീർന്നില്ല. റെക്കോർഡുകളുടെ പെരുമഴ പെയ്യിച്ചാണ് നായകൻ ക്രീസ് വിട്ടത്.
ടി20യിൽ ഏതെങ്കിലുമൊരു ടീമിനെതിരെ ഒരു താരം ഒറ്റയ്ക്കു നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം ഇനി കോഹ്‍ലിക്കു സ്വന്തം. ഓസീസിനെതിരെ കളത്തിലിറങ്ങിയ 14 മത്സരങ്ങളിലെ 13 ഇന്നിങ്സുകളിൽ നിന്ന് കോഹ്‍ലി അടിച്ചെടുത്തത് 488 റൺസ്. ന്യൂസീലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ പാക്കിസ്ഥാനെതിരെ 15 മത്സരങ്ങളിൽ നിന്ന് നേടിയ 463 റൺസിന്റെ റെക്കോർഡാണ് കോഹ്‍ലി തിരുത്തിയത്.
ഓസ്ട്രേലിയയ്ക്കെതിരെ കോഹ്‍ലിയുടെ അഞ്ചാം അർധ സെഞ്ച്വറിയാണിത്. ഒരു ടീമിനെതിരെ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ എന്ന റെക്കോർഡ് ശ്രീലങ്കൻ താരം കുശാൽ പെരേരയ്ക്കൊപ്പം പങ്കിടുകയാണിപ്പോൾ കോഹ്‍ലി. ബംഗ്ലദേശിനെതിരെയാണ് ടി20യിൽ കുശാൽ പെരേര അഞ്ച് അർധ സെഞ്ച്വറികൾ നേടിയിട്ടുള്ളത്.
ടി20യിൽ കോഹ്‍ലിയുടെ 19ാം അർധ സെഞ്ച്വറിയാണ് സിഡ്നിയിൽ പിറന്നത്. ഇതോടെ ഏറ്റവും കൂടുതൽ രാജ്യാന്തര ടി20 അർധ സെഞ്ച്വറികളിൽ കോഹ്‍ലി മുന്നിലെത്തി. ഇന്ത്യയുടെ തന്നെ രോഹിത് ശർമയ്ക്കൊപ്പമാണ് കോഹ്‍ലി ഈ റെക്കോർഡ് പങ്കിടുന്നത്. രോഹിത് 90 കളികളിൽ നിന്നാണ് നേട്ടത്തിലെത്തിയതെങ്കിൽ കോഹ്‍ലിക്ക് 65 കളികളും 60 ഇന്നിങ്സുകളും മാത്രമേ വേണ്ടിവന്നുള്ളു. അതേസമയം, കോഹ്‍ലിക്ക് ഇതുവരെ ടി20യിൽ സെഞ്ച്വറി നേടാനായിട്ടില്ല. രോഹിതിന് പക്ഷേ നാല് സെഞ്ച്വറികളുണ്ട്.
റൺസ് പിന്തുടരുമ്പോൾ കോഹ്‍ലി പ്രകടിപ്പിക്കാറുള്ള ജാഗ്രത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ടി20യിൽ നേടിയിട്ടുള്ള 19അർധ ശതകങ്ങളിൽ 13ഉം രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴാണ് കോഹ്‍ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ഇക്കാര്യത്തിലും കോഹ്‍ലിക്ക് തന്നെ പെരുമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates