

മാഞ്ചസ്റ്റർ: റെക്കോർഡുകൾ തകർക്കുന്നതിൽ ഹരം കണ്ടെത്തിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോർമാറ്റിലുമായി അതിവേഗം 20,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ കോഹ്‌ലി സ്വന്തമാക്കിയത്. വിൻഡീസിനെതിരെ വ്യക്തിഗത സ്കോർ 37ൽ എത്തിയപ്പോഴാണ് റെക്കോർഡ് കോഹ്‌ലി സ്വന്തം പേരിൽ എഴുതി ചേർത്തത്. ബാറ്റിങ് ഇതിഹാസങ്ങളായ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറേയും ബ്രയാൻ ലാറയേയും മറികടന്നാണ് കോഹ്‌ലിയുടെ നേട്ടം എന്നതും ശ്രദ്ധേയം.
വൺഡൗണായിറങ്ങി 9,000 റണ്‍സെന്ന നേട്ടവും വ്യാഴാഴ്ച ഓൾഡ് ട്രാഫോർഡിൽ വിൻഡീസിനെതിരെ കോഹ്‌ലി സ്വന്തമാക്കി. ലോകകപ്പിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ അർധ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിലും കോഹ്‌ലി ഇടംപിടിച്ചു. പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ അതിവേഗം 11,000 ഏകദിന റൺസെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു.
വിൻഡീസിനെതിരെ ഇറങ്ങുന്നതിനു മുൻപ് കോഹ്‌ലിയുടെ പേരിൽ 19,963 റൺസാണ് ഉണ്ടായിരുന്നത്. 417 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലി 20,000 റൺസ് പിന്നിട്ടത്. 131 ടെസ്റ്റ്, 223 ഏകദിനം, 62 ടി20 മത്സരങ്ങൾ കളിച്ചാണ് നായകന്റെ നേട്ടം. സച്ചിനും ലാറയും 453 ഇന്നിങ്സുകളിൽ നിന്നായിരുന്നു 20,000 റൺസ് പൂർത്തിയാക്കിയത്.
മൂന്നാം സ്ഥാനത്തായിപ്പോയ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ് 468 ഇന്നിങ്സുകളിൽ നിന്നാണ് 20,000 തികച്ചത്. 20,000 രാജ്യാന്തര റൺസ് തികയ്ക്കുന്ന 12ാമത്തെ ബാറ്റ്സ്മാനാണ് കോഹ്‌ലി. സച്ചിനും ദ്രാവിഡിനും ശേഷം നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന പെരുമയും കോഹ്‌ലി റെക്കോർഡിനൊപ്പം ചേർത്തു. 2019 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ 82, പാകിസ്ഥാനെതിരെ 77, അഫ്ഗാനെതിരെ 67 റൺസുകൾ കോഹ്‌ലി നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates