കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ ഉജ്ജ്വല തുടക്കമിട്ട് കേരളം. ആന്ധ്രപ്രദേശിനെതിരായ മത്സരത്തിൽ കേരളം വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളം വിജയം പിടിച്ചത്. ഇരട്ട ഗോളുകളുമായി എമിൽ ബെന്നി തിളങ്ങി. വിബിൻ തോമസ്, ലിയോൺ അഗസ്റ്റിൻ, എൻ ഷിഹാദ് എന്നിവരാണ് മറ്റ് സ്കോറർമാർ.
തുടക്കം മുതൽ കേരളത്തിനു തന്നെയായിരുന്നു മുൻതൂക്കം. ഒന്നാം പകുതിയിൽ കളിയത്രയും ആന്ധ്രയുടെ ഹാഫിലായിരുന്നു. വലതു വിങിലൂടെ ഓവർലാപ്പ് ചെയ്തു കയറുന്ന ഡിഫൻഡർ അജിൻ ടോമിന്റെ മുന്നിൽ ആന്ധ്ര പ്രതിരോധം ശരിക്കും ആടിയുലഞ്ഞു. മിഡ്ഫീൽഡർ അഖിലായിരുന്നു കേരള നിരയിൽ പ്ലേമേക്കർ.
ആദ്യ പകുതിയിൽ രണ്ട് മിനുട്ടിനിടെ രണ്ട് ഗോളുകൾ നേടിയാണ് കേരളം തുടക്കം തകർപ്പനാക്കിയത്. 44ാം മിനുട്ടിൽ പ്രതിരോധ താരം വിബിൻ തോമസാണ് ഹെഡ്ഡറിലൂടെ കേരളത്തെ ആദ്യം മുന്നിലെത്തിച്ചത്. രണ്ട് മിനുട്ടിനുള്ളിൽ കേരളം വീണ്ടും വല ചലിപ്പിച്ചു. ലിയോൺ അഗസ്റ്റിനെ ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് രണ്ടാം ഗോളിന് വഴിവച്ചത്. കിക്കെടുത്തതും ലിയോൺ തന്നെ. പന്ത് പിഴയ്ക്കാതെ വലയിൽ കയറിയതോടെ ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരളം രണ്ട് ഗോളിന് മുന്നിൽ.
ഒന്നാം പകുതിയിൽ ആന്ധ്രയുടെ ആയുസ്സ് കാത്തത് ഗോൾകീപ്പർ കോപ്പിസെറ്റി അജയ്കുമാറാണ്. ഗോളെന്ന് ഉറപ്പിച്ച ആറ് അവസരങ്ങളാണ് ഗോൾ കീപ്പർ രക്ഷിച്ചത്. തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
കേരളത്തിന്റെ ഗോൾ വർഷത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. പകരക്കാരൻ എമിൽ ബെന്നിയുടെ വകയായിരുന്നു രണ്ടാം പകുതിയിലെ രണ്ട് ഗോളുകളും. 53ാം മിനുട്ടിലും രണ്ടാമത്തേത് 63ാം മിനുട്ടിലും ലക്ഷ്യത്തിലെത്തിച്ചാണ് ബെന്നി ഇരട്ട ഗോളുകൾ നേടിയത്. മികച്ച വേഗവും പന്തടക്കവുമാണ് ബെന്നി കാഴ്ചവച്ചത്. ഇഞ്ച്വറി ടൈമിൽ ഷിഹാദ് ഹെഡ്ഡറിലൂടെ അഞ്ചാം ഗോളും വലയിലാക്കി പട്ടിക തികയ്ക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates