മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെലും ഇന്ത്യൻ വംശജയായ വിനി രാമനും വിവാഹിതരാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതായി സാമൂഹിക മാധ്യമങ്ങളിലൂടെ മാക്‌സ്‍വെൽ ആരാധകരെ അറിയിച്ചു. വിനി രാമനും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ വേരുകളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ് വിനി. മാക്‌സ്‌വെലും വിനിയും 2017 മുതൽ പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിൽ മാക്‌സ്‌വെലിന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
ഓസീസ് ടീമിലെ സഹതാരമായ ക്രിസ് ലിൻ ഉൾപ്പെടെയുള്ളവർ മാക്സ്‌വെലിനും വിനിക്കും ആശംസകളുമായി രംഗത്തെത്തി. 31കാരനായ മാക്‌സ്‌വെൽ ഓസ്ട്രേലിയയ്ക്കായി ഏഴ് ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊരാൾ കൂടിയാണ്. ഐപിഎല്ലിൽ ഇത്തവണ കിങ്സ് ഇലവൻ പഞ്ചാബാണ് മാക്‌സ്‌വെലിനെ സ്വന്തമാക്കിയത്.
പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി ഇന്ത്യൻ യുവതിയെ വിവാഹം ചെയ്തതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് വിദേശ ടീമിൽ നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു മരുമകൻ കൂടി എത്തുന്നത്. അതേസമയം, ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന ആദ്യത്തെ ഓസീസ് താരമല്ല മാക്‌സ്‌വെൽ. 2014ൽ മുൻ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് ഇന്ത്യൻ മോഡലായ മഷൂം സിൻഹയെ വിവാഹം ചെയ്തിരുന്നു.
തീർന്നില്ല, പാകിസ്ഥാൻ താരം ഷൊയ്ബ് മാലിക്ക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ വിവഹം കഴിച്ചു. മറ്റൊരു പാക് താരം മൊഹ്‌സിൻ ഖാൻ, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ, ന്യൂസിലൻഡ് താരം ഗ്ലെൻ ടേണർ എന്നിവരെല്ലാം ഇന്ത്യൻ യുവതികളെയാണ് വിവാഹം കഴിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates