മുംബൈ: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയ്ക്ക് വൻ പിഴ ചുമത്തി ബിസിസിഐ. ഈഡൻ ഗാർഡൻസിൽ വെച്ച് നടന്ന കൊൽക്കത്തക്കെതിരായ മത്സരത്തിനിടെ താരം പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് സൂചന. മത്സരഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റുമാണ് അഭിഷേകിന് ശിക്ഷയായി നൽകിയിരിക്കുന്നത്.
'' സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ ഓൾറൗണ്ടറായ അഭിഷേക് ശർമ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി. ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ 1 കുറ്റം ചെയ്തതായി താരം സമ്മതിക്കുകയും മാച്ച് റഫറിയുടെ ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ലെവൽ 1 ലംഘനങ്ങളിൽ മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്'' എന്നാണ് ഐപിഎൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
എന്നാൽ, എന്താണ് അഭിഷേക് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 'കാണികൾക്കോ, ടെലിവിഷൻ പ്രേക്ഷകർക്കോ കേൾക്കാവുന്ന വിധത്തിൽ അശ്ലീലമായ അല്ലെങ്കിൽ അപകീര്‍ത്തികരമായി സംസാരിച്ചാൽ കർശന നടപടി സ്വീകരിക്കും'' എന്നതാണ് ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 നിയമം. ഈ നിയമം അനുസരിച്ചുള്ള കുറ്റമാണ് അഭിഷേക് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം, കൊൽക്കത്തക്കെതിരായ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ആരാധകരുടെ കൈയ്യടി നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. 21 പന്തുകളിൽ 48 റൺസ് നേടിയ അഭിഷേക് 4 സിക്സറും 4 ഫോറും പറത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates