

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഹന്‍സികയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ആരാധകവൃന്ദമുണ്ട്. ഹന്‍സിക പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമെല്ലാം അതിവേഗമാണ് വൈറലായി മാറുന്നത്.
തന്റെ സഹോദരിമാര്‍ക്ക് പിന്നാലെ ഹന്‍സികയും നായികയായി ചുവടുവെക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുള്ള ഹന്‍സിക നായികയാകുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ യുവതാരം നസ്ലെന്റെ നായികയായിട്ടാണ് ഹന്‍സികയുടെ എന്‍ട്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടി D'EUX എന്ന ചിത്രത്തിലാണ് ഹന്‍സിക നസ്ലെന്റെ നായികയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ലൂക്കയില്‍ അഹാനയുടെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട് ഹന്‍സിക. കൃഷ്ണ കുമാറിന്റെ മക്കളില്‍ സിനിമയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണ് ഹന്‍സിക. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലെത്തിയിരുന്നു.
അതേസമയം 2012 ല്‍ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാണ് ബാച്ചിലര്‍ പാര്‍ട്ടി ഡ്യു. ഉണ്ണി ആര്‍ സംഭാഷണം എഴുതുന്ന സിനിമയില്‍ വന്‍ താരനിര തന്നെയുണ്ട്. നസ്ലെനൊപ്പം ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫഹദ് ഫാസിലും അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അപ്പു പ്രഭാകരന്‍ ആണ് ഛായാഗ്രഹണം. സംഗീതം ക്രിസ്റ്റോ സേവ്യറുടേതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates