ജീവന്‍ രക്ഷിക്കാനും ജീവനെടുക്കാനും എഐ; ഇരട്ടമുഖം തുറന്നുകാട്ടി ടെന്‍സെന്റ്

എഐ ഉപയോഗിച്ച് മരുന്നു മാത്രമല്ല, ജൈവായുധങ്ങളും നിര്‍മിക്കാനായേക്കുമെന്ന് മുന്നറിയിപ്പ്
Blue Biotech Versus Biohazard
AI Could Enable Bioweapons Alongside Drug Discovery, Warns TencentAI Generated Image
Updated on: 
2 min read

ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (എഐ) കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ മരുന്നുകള്‍ കണ്ടെത്താനും സങ്കീര്‍ണമായ രോഗങ്ങളെക്കുറിച്ച് പഠിക്കാനും ശാസ്ത്രജ്ഞരെ സഹായിക്കാനും എഐയ്ക്ക് സാധിക്കും. എന്നാല്‍ ഇതേ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതീവ അപകടകരമായ ജൈവായുധങ്ങള്‍ (Bioweapons) വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈനീസ് ടെക് കമ്പനിയായ ടെന്‍സെന്റിന്റെ ചീഫ് എഐ സയന്റിസ്റ്റ് വിന്‍സസ് യാവോ ഷുന്‍യു.

ഹോങ്കോങ്ങില്‍ നടന്ന ശാസ്ത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് മുന്‍ ഓപ്പണ്‍എഐ ഗവേഷകന്‍ കൂടിയായ യാവോ ആശങ്ക പങ്കുവെച്ചത്. സൈബര്‍ സുരക്ഷയിലും ജീവശാസ്ത്ര മേഖലയിലും അപകടകരമായ രീതിയില്‍ ഉപയോഗിക്കാവുന്ന ശേഷിയിലേക്ക് എഐ മോഡലുകള്‍ അതിവേഗം വളരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഐയുടെ കഴിവുകള്‍ ഒരു ഘട്ടത്തിലെത്തുമ്പോള്‍ യഥാര്‍ഥ ലോകത്ത് വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ പോലും സാധിച്ചേക്കാമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

എഐയുടെ ഇരട്ടമുഖം

ചാറ്റ്‌ബോട്ടുകള്‍, ചിത്രങ്ങള്‍ നിര്‍മിക്കുന്ന ടൂളുകള്‍, കോഡിങ് സഹായികള്‍ എന്നിവയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍ എഐയുടെ ഉപയോഗം. പ്രോട്ടീനുകളുടെ ഘടന മനസിലാക്കാനും ജീവശാസ്ത്രത്തിലെ സങ്കീര്‍ണമായ പ്രക്രിയകള്‍ പഠിക്കാനും പുതിയ മരുന്നുകള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണം വേഗത്തിലാക്കാനും എഐ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ വലിയ സാമ്പത്തികശേഷിയോ ഗവേഷണ സൗകര്യങ്ങളോ ഇല്ലാത്ത ചെറുകിട ലാബുകള്‍ക്കും സ്വതന്ത്ര ഗവേഷകര്‍ക്കും പോലും സുപ്രധാന ശാസ്ത്രീയ പഠനങ്ങളില്‍ പങ്കാളികളാകാന്‍ കഴിയും. വന്‍കിട ടെക് കമ്പനികളെ മാത്രം ആശ്രയിക്കാതെ ഗവേഷണം നടത്താനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

എന്നാല്‍ ഈ സൗകര്യങ്ങള്‍ തെറ്റായ കൈകളിലെത്തിയാല്‍ സ്ഥിതി മാറും. അപകടകാരികളായ രോഗാണുക്കളെ രൂപകല്‍പ്പന ചെയ്യുന്നതിനും ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും എഐയുടെ ശേഷി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ എഐയുടെ തുറന്ന ലഭ്യത ഗുണകരമാകുമ്പോഴും അതിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാകുകയാണ്.

ഇവിടെയാണ് 'ഓപ്പണ്‍ വെയ്റ്റ്' എഐ മോഡലുകളെക്കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത്. സാധാരണയായി നിയന്ത്രിതമായ എഐ സംവിധാനങ്ങളില്‍ മോഡലിന്റെ അടിസ്ഥാന ഘടകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. എന്നാല്‍ ഓപ്പണ്‍ വെയ്റ്റ് മോഡലുകള്‍ ആവശ്യമായ കംപ്യൂട്ടിങ് സൗകര്യങ്ങളുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നവയാണ്.

tencent
സാങ്കേതികവിദ്യ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷാ ഭീഷണികള്‍ നിയന്ത്രിക്കാനും കഴിയണം

ഗവേഷണ രംഗത്ത് ഇത് വലിയ നേട്ടമാണ്. എന്നാല്‍ ഇതേ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. പ്രത്യേകിച്ച് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട എഐയുടെ കഴിവുകള്‍ നിയന്ത്രിക്കുന്നത് സൈബര്‍ സുരക്ഷാ മേഖലയേക്കാള്‍ സങ്കീര്‍ണമാണെന്നാണ് യാവോയുടെ വിലയിരുത്തല്‍. കാരണം, ഗവേഷണത്തെ സഹായിക്കുന്ന സാങ്കേതികവിദ്യയും അതേ അറിവ് ഉപയോഗിച്ച് അപകടമുണ്ടാക്കുന്ന രീതിയും തമ്മിലുള്ള അതിര്‍വരമ്പ് തിരിച്ചറിയാന്‍ പ്രയാസമാണ്. ഓപ്പണ്‍ എഐ മോഡലുകള്‍ വികസിപ്പിക്കുന്ന ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സുരക്ഷാ കാര്യങ്ങളില്‍ അതീവ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സ്വയം ഗവേഷണം നടത്തുന്ന എഐ ലാബുകള്‍

എഐയെ ഉപയോഗിച്ച് സ്വതന്ത്രമായി ശാസ്ത്രീയ ഗവേഷണം നടത്താനുള്ള സാധ്യതകളും ടെന്‍സെന്റ് പരിശോധിക്കുന്നുണ്ട്. മനുഷ്യരുടെ നിരന്തര ഇടപെടലില്ലാതെ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്യാനും നടത്താനും കഴിയുന്ന സ്വയം പ്രവര്‍ത്തിക്കുന്ന ശാസ്ത്ര ലാബുകളാണ് കമ്പനിയുടെ ലക്ഷ്യം. പ്രോട്ടീന്‍ ഫോള്‍ഡിങ് ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ഗവേഷണങ്ങള്‍ ഇതിലൂടെ നടത്താനാണ് ശ്രമം.

കമ്പനിയുടെ ഏറ്റവും പുതിയ എഐ മോഡലായ Hy4-ലും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് ടെന്‍സെന്റ് പറയുന്നത്. സൈബര്‍ സുരക്ഷാ പ്രതിരോധത്തിനുള്ള ശേഷി നിലനിര്‍ത്തിക്കൊണ്ട് ഹാക്കിങ്ങിന് സഹായിക്കുന്ന കഴിവുകള്‍ മോഡലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ഇതിന്റെ ശേഷി അപകടസാധ്യതാ പരിധിക്ക് താഴെയാണെന്നും കമ്പനി അവകാശപ്പെടുന്നു. Hy4 മോഡലിന് പുറമെ സൈബര്‍ സുരക്ഷ, ജൈവസുരക്ഷ എന്നിവ സംബന്ധിച്ച പരിശോധനാ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിസ്റ്റം കാര്‍ഡും പുറത്തിറക്കാനാണ് ടെന്‍സെന്റിന്റെ പദ്ധതി.

എഐ മോഡലുകള്‍ പൂര്‍ണമായും തുറന്നുകൊടുക്കുന്നതോ പൂര്‍ണമായി നിയന്ത്രിക്കുന്നതോ മാത്രം പരിഹാരമാകില്ലെന്നാണ് യാവോയുടെ അഭിപ്രായം. രണ്ടിന്റെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമീപനമാണ് കൂടുതല്‍ ഫലപ്രദമാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷാ ഭീഷണികള്‍ നിയന്ത്രിക്കാനും കഴിയണം. അതിനാല്‍ ഓപ്പണ്‍, ക്ലോസ്ഡ് മോഡലുകള്‍ ഒരുമിച്ച് നിലനില്‍ക്കുന്ന രീതിയാകാം മുന്നോട്ടുള്ള മികച്ച വഴിയെന്നും യാവോ അഭിപ്രായപ്പെട്ടു.

Blue Biotech Versus Biohazard
കൂടുതല്‍ വേഗം, കുറഞ്ഞ ചെലവ്; ക്ലോഡിന്റെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ആന്ത്രോപിക്
Blue Biotech Versus Biohazard
നത്തിങ്ങിന്റെ സ്‌ക്രീനില്ലാത്ത എഐ ഡിവൈസ് വരുന്നു; ലോഞ്ച് ഡിസംബറില്‍
Blue Biotech Versus Biohazard
ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്
Summary

AI Could Help Discover New Drugs but Also Enable Bioweapons, Warns Tencent AI Chief

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER