

ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്നവര്‍ക്ക് ഇനി സ്വന്തം ആശയങ്ങള്‍ ശബ്ദമായും എഴുത്തായും മറ്റുള്ളവരിലേക്ക് എത്തിക്കാം. കൈകളുടെ ചലനങ്ങളും ആംഗ്യങ്ങളും തിരിച്ചറിഞ്ഞ് അവയെ ശബ്ദമായും ടെക്സ്റ്റായും ചിത്രങ്ങളായും മാറ്റുന്ന എഐ അധിഷ്ഠിത 'സ്മാര്‍ട്ട് ഗ്ലൗ' ആണ് സാങ്കേതികലോകത്ത് ശ്രദ്ധനേടുന്നത്. കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ അവതരിപ്പിച്ച ഈ നൂതന ഉപകരണം റെഡ്ഫോക്‌സ് റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് വികസിപ്പിച്ചെടുത്തത്.
സംസാരശേഷിയില്ലാത്തവര്‍ക്കും കേള്‍വിപരിമിതിയുള്ളവര്‍ക്കും ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കുകയാണ് സ്മാര്‍ട്ട് ഗ്ലൗവിന്റെ പ്രധാന ലക്ഷ്യം. കൈയുറ ധരിച്ച് ഉപയോക്താവ് കാണിക്കുന്ന ആംഗ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ തത്സമയം ശബ്ദമായും എഴുത്തായും മാറ്റാന്‍ ഇതിന് കഴിയും. കൈയുറയുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രവര്‍ത്തനം. കൈകളുടെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് ആപ്പില്‍ ടെക്സ്റ്റായി പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അത് ശബ്ദമായി പുറത്തുവരികയും ചെയ്യും.
ഭാഷാ പരിമിതി മറികടക്കാന്‍ സഹായിക്കുന്ന ബഹുഭാഷാ സംവിധാനവും ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ 12 പ്രാദേശിക ഭാഷകളില്‍ ശബ്ദത്തിലൂടെ ആശയവിനിമയം നടത്താനുള്ള സൗകര്യം ഇതിലുണ്ട്. ഉദാഹരണത്തിന്, തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ആപ്പില്‍ തമിഴ് ഭാഷ തെരഞ്ഞെടുത്താല്‍ കൈയുറയിലൂടെ കാണിക്കുന്ന ആംഗ്യങ്ങള്‍ തമിഴ് ശബ്ദമായി പുറത്തുവരും. ഇതുവഴി വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുമായും ആശയവിനിമയം നടത്താന്‍ സാധിക്കും.
സാമൂഹിക പ്രസക്തിയുള്ള കണ്ടുപിടിത്തത്തിന് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, കെ-ഡിസ്‌ക് എന്നിവയുടെ സാമ്പത്തിക സഹായവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ടിങ്ങും ഐഡിയ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ദൈനംദിന ജീവിതത്തില്‍ ആശയവിനിമയത്തിനുള്ള തടസ്സങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഈ സാങ്കേതികവിദ്യയ്ക്ക് സമ്മിറ്റില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. റെഡ്ഫോക്‌സ് റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സി.ഇ.ഒയുമായ വിമുന്‍ എ. ആണ് ഈ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. ഏകാംഗ കമ്പനിയായി ആരംഭിച്ച സംരംഭത്തില്‍ നിലവില്‍ വിമുനെ കൂടാതെ മൂന്നുപേര്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates