'ആറ് ഇഞ്ച് സ്‌ക്രീനിന്റെ അടിമയാകരുത്, അതിനെ നിങ്ങളുടെ അടിമയാക്കൂ'; യുവാക്കളോട് സ്വിഗ്ഗി സിഇഒ

അമിതമായ സ്‌ക്രീന്‍ സമയം ഗുണകരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
mobile addiction
Swiggy CEO Rohit Kapoor on Smartphone Addiction and AI Use
Updated on: 
2 min read

ആറ് ഇഞ്ച് സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണിന്റെ അടിമകളാകരുതെന്നും പകരം സാങ്കേതികവിദ്യയെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഫലപ്രദമായി ഉപയോഗിക്കണമെന്നും യുവാക്കളോട് ഉപദേശിച്ച് സ്വിഗ്ഗി ഫുഡ് മാര്‍ക്കറ്റ്‌പ്ലേസ് സിഇഒ രോഹിത് കപൂര്‍. സ്മാര്‍ട്ട്‌ഫോണുകളിലും സോഷ്യല്‍ മീഡിയയിലും അമിതമായി സമയം ചെലവഴിക്കുന്നതിന് പകരം സാങ്കേതികവിദ്യയെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള ഉപാധിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളിലും യുവപ്രൊഫഷണലുകളിലും അമിതമായ സ്‌ക്രീന്‍ സമയം ഗുണകരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) കാലത്ത് സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം നിര്‍ണായകമാണെന്നും രോഹിത് കപൂര്‍ പറഞ്ഞു. എഐ ടൂളുകള്‍ വിനോദത്തിനായി മാത്രം ഉപയോഗിക്കാതെ ഉത്പാദനക്ഷമതയും കഴിവുകളും വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടുത്തണം. എഐ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മില്‍ ഭാവിയില്‍ വലിയ അന്തരം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

rohit kapoor
രോഹിത് കപൂര്‍

വ്യക്തിപരമായ വളര്‍ച്ചയ്ക്കും കരിയറിലെ മുന്നേറ്റത്തിനും നല്ല സൗഹൃദവലയം പ്രധാനമാണെന്നും രോഹിത് കപൂര്‍ പറഞ്ഞു. മക്കിന്‍സി കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവവും അദ്ദേഹം പങ്കുവച്ചു. കഠിനാധ്വാനം ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സ്വന്തം പ്രകടനത്തിലും മാറ്റമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കണം. അവരുടെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടുകളും നമ്മളെയും കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സാമ്പത്തികമായി അസമത്വം നിലനില്‍ക്കുന്ന രാജ്യമായിരിക്കുമ്പോഴും ഡിജിറ്റല്‍ രംഗത്ത് എല്ലാവര്‍ക്കും ഏതാണ്ട് ഒരേ അവസരങ്ങളാണ് ലഭിക്കുന്നതെന്ന് രോഹിത് കപൂര്‍ പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഒരേ തരത്തിലുള്ള അറിവും പഠനസൗകര്യങ്ങളും ലഭ്യമാകുന്നുണ്ട്. ചെറിയ നഗരങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ള യുവാക്കള്‍ക്ക് ഇന്ന് വലിയ അവസരങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്നേറാനുള്ള ആഗ്രഹവും പരിശ്രമിക്കാനുള്ള താല്‍പര്യവും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ നഗരങ്ങളില്‍ നിന്നുള്ള പ്രതിഭകളെ വലിയ നഗരങ്ങളിലെ യുവാക്കള്‍ കുറച്ചുകാണരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കരിയര്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് തുടക്കത്തില്‍ തന്നെ വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ടതില്ലെന്നാണ് രോഹിത് കപൂറിന്റെ അഭിപ്രായം. കൊല്‍ക്കത്തയില്‍ പഠിച്ചിരുന്ന കാലത്ത് തനിക്ക് സിഇഒ ആകണമെന്നോ വലിയൊരു കരിയര്‍ കെട്ടിപ്പടുക്കണമെന്നോ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോലിയില്‍ പ്രവേശിച്ച് കുറച്ച് പണം സമ്പാദിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുക എന്നതായിരുന്നു അന്നത്തെ ചിന്ത. സിഇഒ ആകുന്നത് എങ്ങനെയെന്ന് ആലോചിക്കുന്നതിനേക്കാള്‍ അടുത്ത മാസമോ അടുത്ത വര്‍ഷമോ എന്ത് ചെയ്യാന്‍ കഴിയും എന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കരിയര്‍ വളര്‍ച്ചയെ ഒരു കോണിയോട് ഉപമിക്കാനാകില്ലെന്നും അതൊരു 'ജംഗിള്‍ ജിം' പോലെയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നേറുന്നതിനായി ചിലപ്പോള്‍ ഒരേ ദിശയില്‍ മാത്രം സഞ്ചരിക്കണമെന്നില്ല. അനുഭവസമ്പത്ത് നേടാന്‍ ചില ഘട്ടങ്ങളില്‍ വ്യത്യസ്ത ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരാം. പരാജയപ്പെട്ട ശേഷം തിരിച്ചുവരുന്നവരാണ് കൂടുതല്‍ കരുത്തും ആത്മവിശ്വാസവുമുള്ളവരെന്നും ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ടെന്നും രോഹിത് കപൂര്‍ വ്യക്തമാക്കി.

mobile addiction
വേണ്ടത് 212 ജിബി വരെ ഫ്രീ സ്റ്റോറേജ്, അള്‍ട്ടിമേറ്റ് എഡിഷന് 7499 രൂപ; ഗെയിമിങ് പ്രേമികള്‍ക്ക് ആവേശമായി GTA 6
mobile addiction
49 വർഷത്തെ യാത്ര; വോയേജര്‍ 1 ഭൂമിയില്‍നിന്ന് ഒരു പ്രകാശദിനം അകലെ; മണിക്കൂറില്‍ പിന്നിടുന്നത് 61,000 കിലോമീറ്റർ
mobile addiction
യുപിഐയില്‍ അബദ്ധത്തില്‍ ആളുമാറി പണം അയച്ചോ?, തിരികെ കിട്ടാന്‍ നിരവധി വഴികള്‍; വിശദാംശങ്ങള്‍
Summary

Don't Become a Slave to Your Smartphone, Make It Your Slave: Swiggy CEO Rohit Kapoor's Advice to Youth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER