

ബഹിരാകാശത്തേക്ക് നീളുന്ന 66,000 മൈല്‍ (ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍) ദൈര്‍ഘ്യമുള്ള സ്പേസ് എലിവേറ്റര്‍ (ബഹിരാകാശ ലിഫ്റ്റ്) പദ്ധതിയില്‍ നിര്‍ണായക വഴിത്തിരിവ്. അതിശക്തമായ ഒരു കേബിള്‍ ഭൂമധ്യരേഖയ്ക്ക് സമീപം ഉറപ്പിച്ച് ഭൂസ്ഥിര ഭ്രമണപഥത്തിനപ്പുറത്തേക്ക് നീട്ടി, ബഹിരാകാശത്തുള്ള ഒരു ഭാരനിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ അത് വലിച്ചു നിര്‍ത്തുന്നതാണ് പദ്ധതി.
ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ ഒന്നും അവശേഷിപ്പിക്കില്ല. മാത്രമല്ല, ഇത് ചെലവുകുറഞ്ഞതും സുരക്ഷിതവുമായിരിക്കും. ബഹിരാകാശത്തേക്കുള്ള ഒരു പാലംപോലെ ഇത് പ്രവര്‍ത്തിക്കുമെന്നും ഗവേഷകര്‍ പറയുന്നു. റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇത് പ്രവര്‍ത്തിപ്പിക്കാം.
ബഹിരാകാശത്തേക്ക് നീളുന്ന ഈ കേബിള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായത്ര ശക്തിയും ഭാരക്കുറവുമുള്ള ഒരു വസ്തു കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ നിര്‍ണായക ഘട്ടമായിരുന്നു. ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയവയില്‍വെച്ച് ഏറ്റവും മികച്ച വസ്തു ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ സ്പേസ് എലിവേറ്റര്‍ കണ്‍സോര്‍ഷ്യം (ഐഎസ്ഇസി) അവകാശപ്പെടുന്നത്.
'ക്ലൈംബേഴ്സ്' എന്നപേരിലുള്ള പ്രത്യേക വാഹനങ്ങള്‍ ഈ കേബിളിലൂടെ മുകളിലേക്ക് സഞ്ചരിക്കുകയും മനുഷ്യരെയും ചരക്കുകള്‍ ഉപകരണങ്ങള്‍ എന്നിവയേയും ബഹിരാകാശത്തേക്ക് എത്തിക്കുകയും ചെയ്യും. ഏകദേശം ഒരു മീറ്റര്‍ വീതിയുള്ളതും ഏകദേശം 100,000 കിലോമീറ്റര്‍ (62,000 മൈല്‍) നീളമുള്ളതുമായിരിക്കും നിര്‍ദിഷ്ട ഘടന.
സ്റ്റീലിനേക്കാള്‍ ഏകദേശം 100 മടങ്ങ് ശക്തിയുള്ളതും അതേസമയം ഭാരം കുറഞ്ഞതും വന്‍തോതില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതുമായ വസ്തുവാണ് ഇതിന് ആവശ്യമായി വരുന്നത്. ഇലക്ട്രോണിക്സിലും മറ്റ് വ്യവസായങ്ങളിലും നിലവില്‍ ഉപയോഗിച്ചുവരുന്ന അതിശക്തമായ പോളിക്രിസ്റ്റലൈന്‍ ഗ്രാഫീന്‍ ആണ് ഗവേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. നേര്‍ത്തതും തുടര്‍ച്ചയായതുമായ ഘടനയില്‍ ക്രമീകരിച്ചിരിക്കുന്ന കാര്‍ബണ്‍ ആറ്റങ്ങള്‍ അടങ്ങിയതാണ് ഗ്രാഫീന്‍. ഇതിന്റെ പോളിക്രിസ്റ്റലൈന്‍ രൂപം ഒന്നിലധികം ചെറിയ ക്രിസ്റ്റല്‍ വിഭാഗങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വലിയ തോതില്‍ നിര്‍മ്മിക്കുന്നത് എളുപ്പമാണെന്ന് ഗവേഷകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates