

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ പല പ്രതിഭാസങ്ങളുടെയും മാസമാണിത്. നവംബര്‍ 17, 18 തീയതികളിലെ ലിയോണിഡ് ഉല്‍ക്കാവര്‍ഷം, ടോറിഡ് ഉല്‍ക്കാവര്‍ഷവുമായി ബന്ധപ്പെട്ട തിളക്കമേറിയ ഉല്‍ക്കാപിണ്ഡങ്ങള്‍, നാളെ ദൃശ്യമാകുന്ന സൂപ്പര്‍മൂണ്‍ എന്നിങ്ങനെയാണ് ഇവ.
ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ആണ് നാളെ(നവംബര്‍ 24-ന്) കാണാനാകുക. രാത്രി 8:23-ന് ഇത് ആകാശത്ത് ദൃശ്യമാകും. ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് 'സൂപ്പര്‍മൂണ്‍' ഉണ്ടാകുന്നത്. ഒരു പൂര്‍ണചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ ബിന്ദുവായ പെരിജിയവുമായി ചേരുമ്പോഴാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്.
ചന്ദ്രന്റെ ഭ്രമണപഥം പൂര്‍ണ്ണവൃത്തമല്ലാത്തതുകൊണ്ട്, ഭൂമിയില്‍ നിന്നുള്ള ദൂരം വ്യത്യാസപ്പെട്ടേക്കാം. പൂര്‍ണ്ണചന്ദ്രന്‍ പെരിജിയത്തിനടുത്തു വരുമ്പോള്‍ ഏറ്റവും ചെറിയ പൂര്‍ണ്ണചന്ദ്രനെക്കാള്‍ 14ശതമാനം വലുതും 30ശതമാനം തിളക്കമുള്ളതുമായി കാണും. അതിമനോഹരമായ ഒരു കാഴ്ചയാണ് ഈ പ്രതിഭാസം നല്‍കുക. നവംബറിലെ സൂപ്പര്‍മൂണ്‍ ഭൂമിയില്‍ നിന്ന് ഏകദേശം 3,57,000 കിലോമീറ്റര്‍ അടുത്തായിരിക്കും. സാധാരണ ഒരു പൂര്‍ണ്ണചന്ദ്രനെക്കാള്‍ ഏകദേശം 17,000 മൈല്‍ അടുത്താണിതെന്ന് വിദഗ്ധര്‍ പറയുന്നു. നവംബറില്‍ കാണുന്ന സൂപ്പര്‍മൂണ്‍ ബീവര്‍ മൂണ്‍ എന്നും അറിയപ്പെടുന്നുണ്ട്.
എന്തുകൊണ്ടാണ് നവംബറിലെ പൗര്‍ണ്ണമിയെ 'ബീവര്‍ മൂണ്‍' എന്ന് വിളിക്കുന്നത്?
'ബീവര്‍ മൂണ്‍' എന്ന പേരിന്റെ ഉത്ഭവം വടക്കേ അമേരിക്കയിലെ പരമ്പരാഗതമായ കാലിക നിരീക്ഷണങ്ങളില്‍ നിന്നാണ്. ശൈത്യകാലത്തിനായി കൂടുകള്‍ നിര്‍മ്മിക്കുകയും ഭക്ഷണം ശേഖരിക്കുകയും ചെയ്യുന്ന 'ബീവര്‍' (beaver) എന്ന ജീവികളുമായി നവംബര്‍ മാസത്തെ പണ്ടുകാലം മുതല്‍ക്കേ ബന്ധപ്പെടുത്തിയിരുന്നു. കൂടാതെ, ശൈത്യകാലത്ത് രോമക്കുപ്പായങ്ങള്‍ നിര്‍മിക്കുന്നതിന് ബീവറുകളെ വേട്ടയാടി പിടിച്ചിരുന്ന കാലം കൂടിയായിരുന്നു ഇത്. കാലക്രമേണ, ഈ പേര് നവംബറിലെ പൗര്‍ണ്ണമിയുമായി ബന്ധപ്പെടുത്തുകയും, പരമ്പരാഗത ചാന്ദ്ര കലണ്ടറുകളില്‍ ഇന്നും ഈ പേര് ഉപയോഗിച്ചുവരികയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates