

“വീട്ടിലിരുന്ന് ദിവസം 5,000 രൂപ മുതൽ 10,000 രൂപ വരെ സമ്പാദിക്കാം!” ഇങ്ങനെ ഒരു മെസേജ് നിങ്ങളുടെ വാട്സാപ്പിലോ ടെലിഗ്രാമിലോ വന്നിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കണം. ഇത് ഒരു ഓൺലൈൻ ജോബ് തട്ടിപ്പാകാം. ഇങ്ങനെയുള്ള പരസ്യം കണ്ട് അതിലെ നമ്പറിൽ ബന്ധപ്പെടുമ്പോൾ, ആദ്യം വളരെ എളുപ്പമുള്ള ജോലിയായിരിക്കും തട്ടിപ്പുകാർ പറയുക.
യൂട്യൂബ് വിഡിയോ ലൈക്ക് ചെയ്യുക, ഗൂഗിളിൽ റിവ്യൂ എഴുതുക തുടങ്ങിയ ടാസ്കുകൾ. ഇത് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വിശ്വാസം നേടാനായി ബാങ്ക് അക്കൗണ്ടിലേക്ക് 150 രൂപയോ 200 രൂപയോ അയച്ചുതരും. അപ്പോൾ നമ്മൾ വിചാരിക്കും, “സംഭവം സത്യമാണ് !”പക്ഷേ യഥാർത്ഥ തട്ടിപ്പ് തുടങ്ങുന്നത് അതിന് ശേഷമാണ്.
കൂടുതൽ പണം സമ്പാദിക്കാനായി നിങ്ങളെ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്ക് ചേർക്കും. പിന്നീട് കൂടുതൽ ടാസ്കുകൾ ചെയ്യണമെങ്കിൽ ആദ്യം 5,000 രൂപയോ അതിലധികമോ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടും. കൂടുതൽ പണം കിട്ടുമെന്ന പ്രതീക്ഷയിൽ നമ്മൾ പണം അയച്ചുകൊടുക്കും. അതോടെ പല കാരണങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും പണം ആവശ്യപ്പെടും. അവസാനം വലിയൊരു തുക നഷ്ടപ്പെടും.
പണം തിരികെ ചോദിക്കുമ്പോൾ അവർ നിങ്ങളെ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഓർക്കുക. എളുപ്പത്തിൽ വലിയ വരുമാനം വാഗ്ദാനം ചെയ്യുന്ന എല്ലാ ഓൺലൈൻ ജോബ് പരസ്യങ്ങളും വിശ്വസിക്കരുത്.
അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആദ്യം പണം ആവശ്യപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് സൂക്ഷിക്കുക. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഒട്ടും വൈകാതെ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് പരാതി നൽകുക. cybercrime.gov.in വഴിയും പരാതി നൽകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates