6 മാസ ശമ്പളം, ഫ്രീ മാക്ബുക്ക്, കരിയര്‍ സപ്പോര്‍ട്ട്; പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 'മനംമയക്കും' ഓഫർ പ്രഖ്യാപിച്ച് കാന്‍വ

നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടും
canva layoffs
Canva Lays Off 1,271 Employees, Offers Six Months' Salary and Free MacBooks (Image Generated Using AI for Representative Purpose)
Updated on: 
2 min read

ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ തുടരുന്നതിനിടെ പ്രമുഖ ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ പ്ലാറ്റ്ഫോമായ കാന്‍വയുടെ നടപടി ശ്രദ്ധ നേടുന്നു. കമ്പനിയിലെ 22 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. 1,271 പേര്‍ക്ക് ഇതിന്റെ ആഘാതമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ കമ്പനി പ്രഖ്യാപിച്ച ആനുകൂല്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആറുമാസത്തെ ശമ്പളം, സൗജന്യ മാക്ബുക്ക്, കരിയര്‍ പരിശീലനം തുടങ്ങി നിരവധി സഹായങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

കമ്പനിയുടെ വളര്‍ച്ച മന്ദഗതിയിലായ സാഹചര്യത്തിലാണ് ജീവനക്കാരുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ തീരുമാനിച്ചതെന്ന് സഹസ്ഥാപകയും സിഇഒയുമായ മെലാനി പെര്‍കിന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷത്തിനിടെ വലിയ പ്ലാറ്റ്ഫോമായി കാന്‍വ വളര്‍ന്നെങ്കിലും അടുത്ത ഘട്ടത്തിലെ വിജയത്തിനായി മാറ്റങ്ങള്‍ അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കമ്പനിയുടെ വളര്‍ച്ചയുടെ വേഗം ഒരു പതിറ്റാണ്ടിനിടെ ആദ്യമായി കുറഞ്ഞെന്നും ഈ വര്‍ഷം കമ്പനിയെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും പെര്‍കിന്‍സ് സന്ദേശത്തില്‍ പറഞ്ഞു.

കാന്‍വയുടെ പ്രവര്‍ത്തനരീതിയിലും സംഘടനാ സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പ്രൊഡക്ട്, ഗ്രോത്ത്, പ്ലാറ്റ്ഫോം ടീമുകളെ ഒന്നിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ആശയവിനിമയത്തിലെ തടസ്സങ്ങള്‍ കുറയ്ക്കാനുമാണ് നീക്കം. ജീവനക്കാര്‍ക്ക് അവരുടെ പ്രധാന ചുമതലകള്‍ക്കപ്പുറമുള്ള ഉത്തരവാദിത്തങ്ങളും നല്‍കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. റിമോട്ട് ജോലിക്ക് പ്രാധാന്യം നല്‍കിയിരുന്ന കാന്‍വ ജീവനക്കാര്‍ ആഴ്ചയില്‍ ഏതാനും ദിവസങ്ങള്‍ ഓഫീസിലെത്തി ജോലി ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്തെ വര്‍ധിച്ചുവരുന്ന ചെലവുകളും കമ്പനിക്ക് വെല്ലുവിളിയാണ്. പുറത്തുനിന്നുള്ള എഐ സേവനദാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വന്തമായി എഐ മോഡലുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കാന്‍വ. എന്നാല്‍ എഐ ചെലവുകള്‍ വര്‍ധിച്ചതോടെ കമ്പനിയുടെ വരുമാന വളര്‍ച്ചാ പ്രവചനം 30ല്‍നിന്ന് 20 ശതമാനമായി കുറയ്‌ക്കേണ്ടിവന്നു. ഇതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഈ വര്‍ഷം ആദ്യഘട്ട നിക്ഷേപകര്‍ കമ്പനിയുടെ മൂല്യം ഏകദേശം 35 ബില്യന്‍ ഡോളറായി കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാനും പോസ്റ്ററുകളും അവതരണങ്ങളും തയ്യാറാക്കാനും എളുപ്പമായതും കാന്‍വയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.

ആറുമാസ ശമ്പളം മുതല്‍ സൗജന്യ മാക്ബുക്ക് വരെ

പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്ന ആനുകൂല്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ആറുമാസത്തെ ശമ്പളത്തിന് തുല്യമായ തുക നല്‍കും. നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടും. കമ്പനി നല്‍കിയ മാക്ബുക്കുകള്‍ ജീവനക്കാര്‍ക്ക് കൈവശം വയ്ക്കാം. പുതിയ ജോലി കണ്ടെത്തുന്നതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകമാകും. ഒരു വര്‍ഷത്തേക്ക് ലിങ്ക്ഡ്ഇന്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നല്‍കും. വ്യക്തിഗത കരിയര്‍ കോച്ചിങ്, റെസ്യൂമെ തയ്യാറാക്കാനുള്ള സഹായം, അഭിമുഖങ്ങള്‍ക്കുള്ള പരിശീലനം എന്നിവയും ലഭ്യമാക്കും. കമ്പനിയില്‍നിന്ന് പിരിഞ്ഞുപോകുന്നവരെ തൊഴില്‍ദാതാക്കളുമായും മേഖലയിലെ മറ്റ് പ്രൊഫഷണലുകളുമായും ബന്ധിപ്പിക്കാന്‍ പ്രത്യേക അലുമ്‌നി ഡയറക്ടറി തയ്യാറാക്കും.

ചില രാജ്യങ്ങളില്‍ ജീവനക്കാര്‍ക്ക് 12 മാസം വരെ ആരോഗ്യപരിരക്ഷ തുടര്‍ന്നും ലഭ്യമാക്കും. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് കാന്‍വ കെയര്‍ എന്ന ജീവനക്കാരുടെ സഹായ പദ്ധതിയുടെ സേവനങ്ങളും ഉപയോഗിക്കാം. ജീവനക്കാരുടെ ഓഹരി ആനുകൂല്യങ്ങളിലും കമ്പനി മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സാധാരണയായി ബാധകമായ ഒരു വര്‍ഷത്തെ വെസ്റ്റിങ് കാലയളവിലെ നിയന്ത്രണം ഒഴിവാക്കും. ഇതോടെ നിലവില്‍ ലഭിക്കാതെ പോകുമായിരുന്ന ഓഹരി ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കും. സ്വന്തമായി സംരംഭം തുടങ്ങാനോ സാമൂഹിക പദ്ധതികള്‍ ആരംഭിക്കാനോ താല്‍പര്യമുള്ള പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് കാന്‍വ കലക്ടീവ് ഫണ്ടിലൂടെ 10,000 ഡോളര്‍ ഗ്രാന്റും നല്‍കും. ഈ തുകയ്ക്ക് പകരമായി സംരംഭത്തില്‍ ഓഹരി പങ്കാളിത്തം കമ്പനി ആവശ്യപ്പെടില്ല.

കാന്‍വയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. പിരിച്ചുവിടല്‍ ജീവനക്കാരുടെ മാത്രമല്ല, അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നതാണെന്നും കമ്പനികള്‍ കൂടുതല്‍ കരുതലോടെ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും പലരും അഭിപ്രായപ്പെട്ടു. എഐ എന്‍ജിനീയറിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഥം കോഹ്ലി, ജീവനക്കാരെ വെറും വിഭവങ്ങളായി കാണാതെ മനുഷ്യരായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടു. പിരിച്ചുവിടല്‍ കൂടുതല്‍ മാനുഷികമായി കൈകാര്യം ചെയ്യുന്നതിന്റെ ഉദാഹരണമാണ് കാന്‍വയുടെ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, 1,271 പേരെയും നേരിട്ട് ജോലിയില്‍നിന്ന് ഒഴിവാക്കുകയല്ലെന്നും ചിലരുടെ ചുമതലകളില്‍ മാറ്റം വരുത്തുന്നതും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

canva layoffs
'ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60,000 ജീവനക്കാര്‍ക്ക് കമ്പനി വിടാം'; 'വിആർഎസ്' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
canva layoffs
'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലി'നിടെ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 1000 പേർക്ക് 'പണി പോകും'
canva layoffs
ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ
Summary

Canva Lays Off 1,271 Employees, Offers Six Months' Salary and Free MacBooks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Touchscreen MacBook Pro
today top five news
microsoft
Today is your last working day: Read Oracle's 6 am termination email to staff
X

FOLLOW US

ON GOOGLE DISCOVER