ഏറെ നേരം ഉയര്‍ന്ന ബ്രൈറ്റ്നസില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചൂട് കൂടാന്‍ കാരണമാകാം.അതുകൊണ്ട് ആവശ്യമില്ലാത്തപ്പോള്‍ ബ്രൈറ്റ്നസ് കുറയ്ക്കുക. അല്ലെങ്കില്‍ ഫോണ്‍ ഓട്ടോ ബ്രൈറ്റ്‌നെസ് അല്ലെങ്കില്‍ അഡാപ്റ്റീവ് ബ്രൈറ്റ്‌നസ് സൗകര്യമുണ്ടെങ്കില്‍ അത് ഉപയോഗിക്കാം. ആവശ്യമുള്ളപ്പോള്‍ വെളിച്ചത്തിനനുസരിച്ച് സ്‌ക്രീന്‍ ബ്രൈറ്റ്നസ് സ്വയം ക്രമീകരിക്കാന്‍ ഇത് സഹായിക്കും.
ഉപയോഗിച്ച ശേഷം ആപ്പുകള്‍ കൃത്യമായി ക്ലോസ് ചെയ്തില്ലെങ്കില്‍ മറ്റൊരു ആപ്പിലേക്ക് മാറിയാലും ചില ആപ്പുകള്‍ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാം. ഡാറ്റ സിങ്ക് ചെയ്യുക, ലൊക്കേഷന്‍ പരിശോധിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ബാറ്ററി ഉപയോഗവും കൂടാം. Settings - Battery - Battery Usage എന്ന ഭാഗത്ത് പോയി ഏതൊക്കെ ആപ്പുകളാണ് കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാം. ആവശ്യമില്ലാത്ത ആപ്പുകളുടെ background activity നിയന്ത്രിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാ ആപ്പുകളുടെയും background activity ഒരുപോലെ ഓഫ് ചെയ്യേണ്ടതില്ല. ഇ-മെയില്‍, ക്ലൗഡ് ബാക്കപ്പ് തുടങ്ങിയ ചില ആപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തനം ആവശ്യമായിരിക്കാം.
മാപ്‌സ് പോലുള്ള ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ ഉപയോഗിക്കാത്ത പല ആപ്പുകള്‍ക്കും എല്ലായ്പ്പോഴും ലൊക്കേഷന്‍ ആക്സസ് അനുവദിക്കേണ്ട ആവശ്യമില്ല. Settings - Location - App permissions എന്ന ഭാഗത്ത് പോയി ഏത് ആപ്പുകള്‍ക്കാണ് ലൊക്കേഷന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് പരിശോധിക്കാം. ആവശ്യമില്ലാത്ത ആപ്പുകള്‍ക്ക് 'Allow only while using the app' പോലുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കം.
ഓരോ ആപ്പില്‍ നിന്നുമുള്ള നോട്ടിഫിക്കേഷന്‍ ആവശ്യമില്ല. നിരന്തരം വരുന്ന നോട്ടിഫിക്കേഷനുകള്‍ സ്‌ക്രീന്‍ വീണ്ടും വീണ്ടും തെളിയാനും ചില ബാഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ നടക്കാനും കാരണമാകാം.സോഷ്യല്‍ മീഡിയ, ഷോപ്പിങ് തുടങ്ങിയ ആപ്പുകളില്‍ ആവശ്യപ്പെടാത്ത നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യാം.
ആപ്പുകള്‍ സ്വയം അപ്‌ഡേറ്റ് ചെയ്യുന്നതും ഫോട്ടോകളും മറ്റ് ഡാറ്റകളും ക്ലൗഡിലേക്ക് സിങ്ക് ചെയ്യുന്നതും ഒരേസമയം നടന്നാല്‍ ഫോണില്‍ കൂടുതല്‍ പ്രവര്‍ത്തനം ഉണ്ടാകാം. പ്രത്യേകിച്ച് വലിയ ഫയലുകള്‍ അപ്ലോഡ് ചെയ്യുമ്പോഴോ നിരവധി ആപ്പുകള്‍ ഒരേസമയം അപ്‌ഡേറ്റ് ചെയ്യുമ്പോഴോ താല്‍ക്കാലികമായി ഫോണ്‍ ചൂടാകാം. അതുകൊണ്ട് ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് സിങ്കുകളും പശ്ചാത്തല പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാം.
ചാര്‍ജിങ്ങിനിടെ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ഫോണ്‍ ചൂടാകാന്‍ ഒരു കാരണമാണ്. ഫാസ്റ്റ് ചാര്‍ജിങ്, ഗെയിമിങ്, വിഡിയോ സ്ട്രീമിങ് തുടങ്ങിയവ ഒരുമിച്ച് നടക്കുമ്പോള്‍ ചൂട് കൂടാം. ഫോണ്‍ ചൂടായി തോന്നുന്നുണ്ടെങ്കില്‍ കുറച്ചുസമയം ഉപയോഗം നിര്‍ത്തി സ്വാഭാവികമായി തണുക്കാന്‍ അനുവദിക്കുക. ചൂടുള്ള ഫോണ്‍ തലയിണയ്ക്കടിയിലോ കട്ടിയുള്ള വസ്ത്രങ്ങള്‍ക്കിടയിലോ അടച്ച ബാഗിനുള്ളിലോ വെച്ച് ചാര്‍ജ് ചെയ്യുന്നതും ഒഴിവാക്കുക. ഫോണ്‍ തുടര്‍ച്ചയായി അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ അംഗീകൃത സര്‍വീസ് സെന്ററില്‍ പരിശോധിക്കുന്നത് സുരക്ഷിതമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates