

പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് പുതിയ ചിപ്പുകളുമായി ക്വാല്‍കോം. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച പ്രകടനവും മികച്ച ഓണ്‍-ഡിവൈസ് എഐയും നല്‍കുന്ന ചിപ്പുകള്‍ ഏജന്റിക് എഐ യുഗത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്നാണ് അവകാശവാദം. യുഎസില്‍ നടന്ന സ്നാപ്ഡ്രാഗണ്‍ ഉച്ചകോടിയിലാണ് ചിപ്പുകള്‍ കമ്പനി പ്രഖ്യാപിച്ചത്.
പുതിയ രണ്ട് സ്നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമുകളും ക്വാല്‍കോമിന്റെ കസ്റ്റം ഒറിയോണ്‍ സിപിയു , അഡ്രിനോ ജിപിയു , ഹെക്സാഗണ്‍ എന്‍പിയു എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ശക്തമായ മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6 എന്ന് ക്വാല്‍കോം അവകാശപ്പെടുന്നു.
പുതിയ സ്നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമുകളില്‍ ഏജന്റിക് എഐയ്ക്കാണ് ക്വാല്‍കോം പ്രാധാന്യം നല്‍കുന്നത്. ദൈനംദിന ജോലികള്‍ ചെയ്യുന്നതിനായി എഐ ഏജന്റുകളെ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഈ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6
പുതിയ രണ്ട് ചിപ്പുകളില്‍ കൂടുതല്‍ ശക്തമായത് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6 ആണ്. ഗെയിമിങ്, എഐ, കാമറ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള നിരവധി നവീകരണങ്ങള്‍ ഇതിലുണ്ട്. ഗെയിമിങ്ങിനായി, ഗ്രാഫിക്സും കാഴ്ചകളും മെച്ചപ്പെടുത്താന്‍ ക്വാല്‍കോമിന്റെ പുതിയ അഡ്രിനോ ന്യൂറല്‍ ഫ്യൂഷന്‍ എഐ ഉപയോഗിക്കുന്നു. ഇത് കൂടുതല്‍ സമയം തടസ്സമില്ലാതെ ഗെയിം കളിക്കാന്‍ ഫോണുകള്‍ക്ക് പിന്തുണ നല്‍കുന്നു. കാമറകളുടെ കാര്യത്തില്‍ ഈ ചിപ്പ് അഡ്വാന്‍സ്ഡ് പ്രൊഫഷണല്‍ വിഡിയോ, ഇന്റലിജന്റ് പിക്സല്‍ കണ്‍ട്രോള്‍ എന്നിവയെ പിന്തുണയ്ക്കുന്നു. 5.0GHz വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന സിപിയു എസ്ട്രീം ജെന്‍ 6-ലുണ്ട്.
സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6
എസ്ട്രീം പതിപ്പിലുള്ളതുപോലെ തന്നെ 2nm പ്രോസസ്സറും ക്വാല്‍കോമിന്റെ ഒറിയോണ്‍ സിപിയു, അഡ്രിനോ ജിപിയു, ഹെക്സാഗണ്‍ എന്‍പിയു എന്നിവയും തന്നെയാണ് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6-ലും ഉപയോഗിച്ചിരിക്കുന്നത്. എസ്ട്രീം ജെന്‍ 6 ആണ് കൂടുതല്‍ ശക്തമായതെങ്കിലും, എഐ, ഗെയിമിങ്, കാമറ, കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകള്‍ കൂടുതല്‍ പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് എത്തിക്കാന്‍ ഈ ചിപ്പിന് സാധിക്കും.