

ന്യൂഡല്ഹി: ഇന്ത്യയില് സ്റ്റാര്ലിങ്കിന്റെ പ്രവര്ത്തനം തടസ്സപ്പെടുത്തുന്നുവെന്ന സ്പേസ്എക്സ് സിഇഒ ഇലോണ് മസ്കിന്റെ ആരോപണങ്ങള്ക്ക് ഔദ്യോഗിക മറുപടിയുമായി റിലയന്സ് ഇന്ഡസ്ട്രീസ്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് രംഗത്തെ മത്സരത്തെ പൂര്ണമായി സ്വാഗതം ചെയ്യുന്നതായും, എന്നാല് ജിയോ ഉള്പ്പെടെയുള്ള എല്ലാ കമ്പനികളും ഇന്ത്യയിലെ ജനങ്ങള്ക്ക് സേവനം നല്കുന്നതിനൊപ്പം രാജ്യത്തെ നിയമങ്ങളും നയങ്ങളും കര്ശനമായി പാലിക്കണമെന്നും റിലയന്സ് വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില് സ്റ്റാര്ലിങ്കിന്റെ ലോഞ്ച് വൈകിക്കാന് റിലയന്സ് ശ്രമിക്കുന്നുവെന്ന മസ്കിന്റെ ഒളിയമ്പുകള്ക്കും അവകാശവാദങ്ങള്ക്കും മറുപടിയായാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന് വിപണിയിലേക്ക് പ്രവേശിക്കാന് ശ്രമിക്കുന്ന സ്റ്റാര്ലിങ്കിന്റെ വാണിജ്യാനുമതികള് വൈകുന്നതുമായി ബന്ധപ്പെട്ട് ഇലോണ് മസ്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് ടെലികോം കുത്തകാവകാശം സംരക്ഷിക്കുന്നതിനായി ചില പ്രമുഖര് സ്റ്റാര്ലിങ്കിന്റെ വരവ് തടസ്സപ്പെടുത്തുന്നുവെന്ന തരത്തിലായിരുന്നു മസ്കിന്റെ സോഷ്യല് മീഡിയ പോസ്റ്റുകള്. 'അംബാനിയാണോ ഇന്ത്യയുടെ ബോസ്' എന്നുള്പ്പെടെ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് റിലയന്സ് ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.
സ്റ്റാര്ലിങ്കിന് സാറ്റലൈറ്റ് ബ്രോഡ്ബാന്ഡ് സേവനങ്ങള്ക്കായുള്ള ജിഎംപിസിഎസ് ലൈസന്സും ഇന്-സ്പേസ് അനുമതിയും ലഭിക്കാനുള്ള നടപടികള് പുരോഗമിക്കുന്നതിനിടയിലാണ് സ്പെക്ട്രം അലോക്കേഷന് തര്ക്കങ്ങളും സുരക്ഷാ പരിശോധനകളും ചര്ച്ചയായത്. ആഗോള രീതികള് അനുസരിച്ച് ഭരണപരമായ രീതിയില് സ്പെക്ട്രം നല്കണമെന്ന് സ്റ്റാര്ലിങ്ക് വാദിച്ചപ്പോള്, സ്പെക്ട്രം ലേലം ചെയ്യണമെന്ന നിലപാടായിരുന്നു റിലയന്സും ഭാരതി എയര്ടെല്ലും സ്വീകരിച്ചത്. ഒടുവില് രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കും നയപരമായ ചട്ടക്കൂടുകള്ക്കും വിധേയമായി മാത്രമേ ഏത് ആഗോള കമ്പനിക്കും ഇന്ത്യയില് പ്രവര്ത്തനം വ്യാപിപ്പിക്കാന് കഴിയൂ എന്ന് വ്യക്തമാക്കുന്നതാണ് റിലയന്സിന്റെ പുതിയ പ്രതികരണം.
സ്റ്റാര്ലിങ്ക് ദേശ സുരക്ഷയ്ക്ക് ഭീഷണിയാകുമോ?
മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്നെറ്റ് സേവനമായ സ്റ്റാര്ലിങ്ക് ഇന്ത്യയിലേക്ക് വരാന് ശ്രമിക്കുമ്പോള്, അത് രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാങ്കേതിക സ്വയംപര്യാപ്തതയ്ക്കും എന്ത് അര്ഥമാക്കുന്നു എന്ന ചര്ച്ചകളും ശക്തമാകുന്നുണ്ട്. റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില് യുക്രെയ്ന് അനുഭവിച്ചറിഞ്ഞ പ്രതിസന്ധികള് ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പാണെന്ന് ജിയോപൊളിറ്റിക്കല് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
റഷ്യന് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില് യുക്രെയ്ന് സൈന്യത്തിന് നിര്ണായക സഹായം നല്കിയ ഒന്നായിരുന്നു സ്റ്റാര്ലിങ്ക് ശൃംഖല. എന്നാല്, അടുത്തിടെ കീവില് വലിയ തോതിലുള്ള റഷ്യന് മിസൈല് ആക്രമണങ്ങള് നടക്കുന്നതിന് തൊട്ടുമുമ്പ്, യുക്രെയ്ന് സൈന്യത്തിന് സ്റ്റാര്ലിങ്ക് നല്കിവന്ന സ്റ്റാര്ഷീല്ഡ് സേവനങ്ങള് അപ്രതീക്ഷിതമായി തടസ്സപ്പെട്ടു. ഇത് തങ്ങളുടെ സൈനിക ഏകോപനത്തെ തടസ്സപ്പെടുത്തിയെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര് സെലെന്സ്കി സ്ഥിരീകരിക്കുകയും, വലിയ ആള്നാശത്തിന് കാരണമാകുമെന്ന് തുറന്നടിക്കുകയും ചെയ്തു. എന്നാല്, സൈനിക പതിപ്പായ സ്റ്റാര്ഷീല്ഡിന്റെ നിയന്ത്രണം യുഎസ് പ്രസിഡന്റിന്റെയും അമേരിക്കന് സൈന്യത്തിന്റെയും കൈയിലാണെന്നാണ് ഇലോണ് മസ്ക് ഇതിനോട് പ്രതികരിച്ചത്.
ഇന്ത്യയുടെ ഗ്രാമീണ മേഖലകളില് ഉള്പ്പെടെ ഹൈസ്പീഡ് ഇന്റര്നെറ്റ് എത്തിക്കുമെന്ന് പറയുമ്പോഴും, ഒരു വിദേശ സ്വകാര്യ കമ്പനിയുടെയും അതിന്റെ മേധാവിയുടെയും പക്കല് മാത്രം ഇന്റര്നെറ്റ് വിതരണ നിയന്ത്രണം നിക്ഷിപ്തമായിരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് വിദഗ്ധര് വിലയിരുത്തുന്നു. ചൈന, തായ്വാന്, യൂറോപ്യന് യൂണിയന് തുടങ്ങിയ രാജ്യങ്ങളും പ്രദേശങ്ങളും വിദേശ സാറ്റലൈറ്റ് ശൃംഖലകളെ ആശ്രയിക്കുന്നതിന് പകരം, സ്വന്തമായി സാറ്റലൈറ്റ് സംവിധാനങ്ങള് വികസിപ്പിക്കാന് തുടങ്ങിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിലും സോഹോ സ്ഥാപകന് ശ്രീധര് വെമ്പു ഉള്പ്പെടെയുള്ള പ്രമുഖര്, വിദേശ സാറ്റലൈറ്റ് സാങ്കേതികവിദ്യകളെ പൂര്ണമായി വിശ്വസിക്കാതെ സ്വന്തമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
റഷ്യന് യുദ്ധത്തെ തുടര്ന്ന് സ്വിഫ്റ്റ് ശൃംഖലയില് നിന്ന് റഷ്യ പുറന്തള്ളപ്പെട്ടപ്പോള് ഇന്ത്യ സ്വന്തം യുപിഐ സംവിധാനത്തിലൂടെ ഡിജിറ്റല് ഇടപാടുകള് സുരക്ഷിതമായി തുടര്ന്നതുപോലെ, ഭാവിയില് വിദേശ സാറ്റലൈറ്റ് സേവനങ്ങളില് എന്തെങ്കിലും തടസ്സമുണ്ടായാലും രാജ്യത്തെ ആശയവിനിമയ ശൃംഖല തളരാത്ത വിധം ശക്തമായ സംവിധാനങ്ങള് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. സ്റ്റാര്ലിങ്കിന് ഇന്ത്യ വാണിജ്യാനുമതി നല്കുന്നതിന് മുന്പ് ഈ സുരക്ഷാ വശങ്ങളെല്ലാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നാണ് യുക്രെയ്നിലെ സംഭവങ്ങള് നല്കുന്ന പാഠം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates