ബീഹാറില്‍ നൂറിലധികം കുരുന്നു ജീവന്‍ അപഹരിച്ചത് ലിച്ചിപ്പഴമോ?, വൈദ്യശാസ്ത്ര രംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു  

ഒന്‍പത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് രോഗബാധിതര്‍. പനിയും ഛര്‍ദിയും അപസ്മാരവുമാണ് ലക്ഷണങ്ങള്‍
ബീഹാറില്‍ നൂറിലധികം കുരുന്നു ജീവന്‍ അപഹരിച്ചത് ലിച്ചിപ്പഴമോ?, വൈദ്യശാസ്ത്ര രംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു  

ക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രം (മസ്തിഷ്‌ക വീക്കം) ബാധിച്ച് നൂറിലധികം കുട്ടികളാണ് ഇന്ത്യയില്‍ ഈ വര്‍ഷം മാത്രം മരണത്തിന് കീഴടങ്ങിയത്. രോഗം ഏറ്റവുമധികം പിടിമുറുക്കിയതാകട്ടെ രാജ്യത്തെ ദരിദ്ര പ്രദേശങ്ങളില്‍ ഒന്നായ ബീഹാറിലെ മുസാഫര്‍പ്പൂരിലാണ്. 1995ലെ വേനല്‍ക്കാലത്താണ് ഈ മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല. 

മുസാഫര്‍പ്പൂരില്‍ എഇഎസ് എന്ന ഈ അവസ്ഥയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇനിയും അവ്യക്തമായി തുടരുകയാണ്. മറ്റ് സ്ഥലങ്ങളില്‍  ജാപ്പനീസ് എന്‍സിഫലൈറ്റിസ് എന്ന വൈറസാണ് മസ്തിഷ്‌ക വീക്കത്തിനു കാരണമാകുന്നത്. എന്നാല്‍ മിസാഫര്‍പ്പൂരില്‍ ഈ വൈറസിന്റെ സാന്നിധ്യമില്ല. കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തലുകള്‍ ലിച്ചി പഴത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യയിലെയും അമേരിക്കയിലേയും വിദഗ്ധര്‍ അടങ്ങിയ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലടങ്ങിയിട്ടുള്ളത്. 

മിസാഫര്‍പ്പൂരില്‍ സുലഭമായുള്ള ഫലവൃക്ഷമാണ് ലിച്ചി. മേയ്, ജൂണ്‍ മാസങ്ങളിലാണ് ലിച്ചിയുടെ വിളവെടുപ്പു തുടങ്ങുന്നത്. അപ്പോഴാണ് രോഗത്തിന്റെ ആവിര്‍ഭാവവും. ജൂലൈ പകുതിയോടെ സീസണ്‍ അവസാനിക്കും. അതോടെ രോഗവും അപ്രത്യക്ഷമാകും. ലിച്ചിപ്പഴത്തിലൂടെ പടരുന്ന വൈറസാണ് മരണകാരണമെന്നും അതല്ല, ചെടിയില്‍ തളിക്കുന്ന കീടനാശിനിയാണ് അന്തകനെന്നും ഡോക്റ്റര്‍മാര്‍ക്കിടയില്‍ത്തന്നെ ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തിവിട്ട റിപ്പോര്‍ട്ടില്‍ വിഷവസ്തുക്കളുടെ സാന്നിധ്യമോ, കീടനാശിനികളോ അല്ല പഴത്തിലടങ്ങിയ ഹൈപ്പോഗ്ലൈസിന്‍ എ, മെത്തിലിന്‍ സൈക്ലോപ്രൊപ്പെല്‍ ഗ്ലൈസിന്‍ എന്നിവയാണ് കാരണമെന്നായിരുന്നു കണ്ടെത്തല്‍. 

പഴത്തിലെ മാരക പദാര്‍ത്ഥങ്ങള്‍ ശിശുക്കളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുകയും ഇത് തലച്ചോറില്‍ നീര്‍ക്കെട്ടിന് കാരണമാകുകയും ചെയ്യും. ഒന്‍പത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് രോഗബാധിതര്‍. ഇവരിലേറെയും ഏഴ് വയസ്സില്‍ താഴെയുള്ളവരുമാണ്. പനിയും ഛര്‍ദിയും അപസ്മാരവുമാണ് ലക്ഷണങ്ങള്‍. അബോധാവസ്ഥയിലാണ് രോഗബാധിതരായ കുട്ടികളെ ആശുപത്രിയിലേക്കെത്തിക്കുന്നത്. 

വേനല്‍ക്കാലത്ത് ലിച്ചിപ്പഴം സുലഭമാവുകയും മറ്റൊന്നും കഴിക്കാനില്ലാതെ കുട്ടികള്‍ ഇത് അമിതമായി ഭക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് മരണത്തിലേക്കു നയിക്കുന്നതെന്നാണ് ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍. പോഷകക്കുറവുള്ള കുട്ടികള്‍ക്കാണ് ഇവ കൂടുതല്‍ ഹാനീകരം. വൈകുന്നേരം ലിച്ചിപ്പഴം കഴിച്ചതിന് ശേഷം കുട്ടികള്‍ മറ്റ് ഭക്ഷണമൊന്നും കഴിക്കാതെവരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അധികം പഴുക്കാത്ത പഴങ്ങളാണ് കൂടുതല്‍ ഹാനീകരം. ഈ കണ്ടെത്തലിന് പിന്നാലെ കുട്ടികള്‍ക്ക് വെറുംവയറ്റില്‍ ലിച്ചി നല്‍കരുതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളടക്കം അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com