കോവിഡ് വന്നുപോയി മാസങ്ങൾ കഴിഞ്ഞാലും പുരുഷബീജങ്ങളുടെ എണ്ണത്തിൽ കുറവ്, ചലനക്ഷമതയെയും ബാധിക്കാം; പഠനം

കോവിഡ് മുക്തരായി മാസങ്ങൾ പിന്നിട്ടാലും ചില പുരുഷന്മാരിൽ ബീജകോശങ്ങളുടെ എണ്ണം കുറഞ്ഞു തന്നെയിരിക്കുമെന്നാണ് കണ്ടെത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊറോണ വൈറസ് മൂലമുണ്ടാകുന്ന അണുബാധ പുരുഷ ബീജകോശങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ബാധിക്കാമെന്ന് പഠനം. കോവിഡ് മുക്തരായി മാസങ്ങൾ പിന്നിട്ടാലും ചില പുരുഷന്മാരിൽ ബീജകോശങ്ങളുടെ എണ്ണം കുറഞ്ഞു തന്നെയിരിക്കുമെന്നാണ് യൂറോപ്പിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത്. 

കോവിഡ് ഭേദമായി ഒരു മാസത്തിനുള്ളിൽ 35 പുരുഷന്മാരുടെ ശുക്ലം ശേഖരിച്ച് നടത്തിയ പരിശോധനയിൽ 60 ശതമാനം പേരിലും ബീജത്തിൻറെ ചലനക്ഷമത കുറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തിയത്. 37 ശതമാനം പേരിൽ ബീജത്തിൻറെ എണ്ണത്തിൽകുറവുണ്ടായതായും ​ഗവേഷകർ നിരീക്ഷിച്ചു. കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ബീജത്തിന്റെ എണ്ണം കുറഞ്ഞിരിക്കാമെന്നാണ് ഫെർട്ടിലിറ്റി ആൻഡ് സ്റ്റൈറിലിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തിൽ പറയുന്നത്. ചിലരിൽ ഇത് പിന്നെയും നീളാം.

കോവിഡ് രോ​ഗമുക്തരായ 51 പുരുഷന്മാരിൽ ഒന്നു മുതൽ രണ്ട് മാസങ്ങൾക്കുള്ളിൽ നടത്തിയ പരിശോധനയിൽ 37 ശതമാനത്തിൽ ബീജത്തിന്റെ ചലനക്ഷമത കുറഞ്ഞിരിക്കുന്നതായും 29 ശതമാനത്തിൽ ബീജത്തിന്റെ  എണ്ണം കുറഞ്ഞിരിക്കുന്നതായും കണ്ടെത്തി. രോ​ഗമുക്തരായവരിൽ  രണ്ട് മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ ഇത് യഥാക്രമം 28 ശതമാനവും ആറു ശതമാനവുമായി.

അതേസമയം ശുക്ലത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഇതിലൂടെ കോവിഡ് പകരുന്നില്ലെന്നും ഗവേഷണ റിപ്പോർട്ട് പറയുന്നു. എന്നാൽ കോവിഡ് രോഗബാധയുടെ തീവ്രതയും ബീജത്തിന്റെ ഗുണവുമായി ബന്ധം കണ്ടെത്താനായില്ല. കോവിഡ് മൂലം പുരുഷന്മാരുടെ ബീജകോശങ്ങൾക്ക് സ്ഥിരമായ നാശം എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പഠനവും യൂറോപ്പിൽ പുരോഗമിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com