ഇത്രയൊക്കെ വർക്കൗട്ട് ചെയ്തിട്ടും വേദനയില്ലല്ലോ! ഫലിച്ചില്ലേ?; കാര്യമാക്കണ്ട  

വേദന തോന്നിയേ മതിയാകൂ എന്ന് ചിന്തിക്കുന്നത് തെറ്റാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വ്യായാമം ചെയ്തു കഴിഞ്ഞാൽ ശരീരത്തിനാകെയും പേശികൾക്കൊക്കെയും വേദന തോന്നണമെന്നാണ് പലരുടെയും ചിന്ത. ഇങ്ങനെ സംഭവിക്കുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ വേദന തോന്നിയേ മതിയാകൂ എന്ന് ചിന്തിക്കുന്നത് തെറ്റാണ്. മണിക്കൂറുകളോളം വർക്കൗട്ട് ചെയ്താലും ഒരുപക്ഷെ ഈ അനുഭവം ഉണ്ടായെന്നും വരില്ല.

വ്യായാമത്തിന് ശേഷം പേശികൾക്കുണ്ടാകുന്ന വേദനയെയും കരുത്തില്ലാത്ത അവസ്ഥയെയും വിവരിക്കുന്ന പദമാണ് ഡിലെയ്ഡ് ഓൺസെറ്റ് മസിൽ സോർനെസ്. സാധാരണഗതിയിൽ കഠിനമായ വ്യായാമം ചെയ്തതിന് ശേഷമോ പതിവില്ലാത്ത വർക്കൗട്ടുകൾ ചെയ്യുമ്പോഴോ ഒക്കെയാണ് ഇത്തരം അനുഭവം ഉണ്ടാകുക. വ്യായാമം ചെയ്ത് മണിക്കൂറുകൾക്കകം ഈ വേദന തോന്നിത്തുടങ്ങാമെങ്കിലും രണ്ട് ദിവസമാകുമ്പോഴാണ് വേദന പാരമ്യത്തിലെത്തുക. ഇത് എത്ര കഠിനമായി വ്യായാമം ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും‌. ഇത് വ്യാപകമായി കണ്ടുവരുന്ന ഒരു കാര്യമാണെങ്കിലും ഇതിന് പിന്നിലുള്ള കാരണം അത്ര വ്യക്തമല്ല. പല കാരണങ്ങൾ കൊണ്ടാകാം ഇത് സംഭവിക്കുന്നതെന്നാണ് നിലവിലെ വിലയിരുത്തൽ. 

വേദനയ്ക്ക് കാരണങ്ങൾ പലത്

പേശികളുടെ പ്രോട്ടീൻ ഘടനയ്ക്ക് മെക്കാനിക്കലായ തകരാർ സംഭവിക്കുക, മസിൽ ഫൈബറിനെ പൊതിയുന്ന ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാകുക, മസിൽ ഫൈബറിന് സമീപമുള്ള കണക്ടീവ് ടിഷ്യൂവിന് കോട്ടം തട്ടുക, മസിൽ പ്രോട്ടീൻ ബ്രേക്ക്ഡൗണിനും ചില ഞരമ്പുകളെ ഉത്തേജിപ്പിക്കാനും കാരണമാകുന്ന ശരീരത്തിന്റെ കോശജ്വലന പ്രതികരണം തുടങ്ങിയ കാരണങ്ങൾ വേദന തോന്നാൻ ഇടയാക്കും. ‍

മസിൽ രൂപപ്പെടാനും ശക്തിപ്പെടാനും ഒരു നിശ്ചിത അളവിലുള്ള വ്യായാമം മൂലമുണ്ടാകുന്ന പേശീ ക്ഷതം ആവശ്യമാണ്. വർക്കൗട്ടിന് ശേഷം പേശികൾ എത്ര നന്നായി പ്രവർത്തിക്കുന്നോ അതനുസരിച്ച് വ്യായാമം മൂലമുണ്ടാകുന്ന പേശീക്ഷതം കുറയും. ആവർത്തിച്ച് വ്യായാമം ചെയ്യുമ്പോൾ ആദ്യമുണ്ടായ അത്ര വേദന ഉണ്ടാകില്ല. ഇതുതന്നെയാണ് പതിവായി വ്യായാമം ചെയ്യുന്നവർക്ക് വേദന ഉല്ലാത്തതിന് കാരണവും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍
സമകാലിക മലയാളം വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌

പേശികൾ പൊരുത്തപ്പെട്ടുതുടങ്ങും

ഒരാളുടെ ഡിലെയ്ഡ് ഓൺസെറ്റ് മസിൽ സോർനെസ് മറ്റൊരാളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ച് പ്രായമായവരുടെ പേശികൾ വ്യായാമശേഷം റിക്കവർ ചെയ്യാൻ പ്രയാസമായതുകൊണ്ട് അവരിൽ ഇത്തരം പ്രശ്‌നങ്ങൾ കൂടുതൽ കഠിനമായി കാണാനിടയുണ്ട്. ഒരു നിശ്ചിത ജനിതക ഘടനയുള്ള ആളുകൾക്ക് അതേ വ്യായാമം ചെയ്ത മറ്റ് ആളുകളേക്കാൾ മികച്ച രീതിയിൽ ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാൻ സാധിക്കും. 

നിങ്ങൾ പുതിയതായി ഒരു വ്യായാമം തുടങ്ങുകയും ആദ്യത്തെ വർക്കൗട്ട് വളരെ കഠിനവുമാണെങ്കിൽ വേദന ഉറപ്പാണ്. ഇങ്ങനെയുണ്ടാകുന്ന വേദന കുറച്ചധികം ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. നിങ്ങളുടെ പേശികൾക്ക് പരിചയമില്ലാത്തതെന്തോ നിങ്ങൾ ചെയ്തു എന്നതാണ് ഇതിന്റെ കാരണം. അതേസമയം പതിവായി വ്യായാമം ചെയ്തിട്ട് വേദന ഒന്നും തോന്നുന്നില്ലെങ്കിൽ അതിന്റെ കാരണം നിങ്ങളുടെ വ്യായാമം ഫലിച്ചില്ലെന്നല്ല മറിച്ച് പേശികൾ അതുമായി പൊരുത്തപ്പെടുകയും കൈകര്യം ചെയ്യാൻ ശീലിക്കുകയും ചെയ്തു എന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com