എന്താണ് വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ? വരുൺ ധവാനെ അലട്ടുന്ന രോ​ഗത്തെക്കുറിച്ചറിയാം 

തലച്ചോറിന് ശരിയായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ എന്ന രോ​ഗമാണ് തനിക്കെന്ന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടൻ വരുൺ ധവാൻ വെളിപ്പെടുത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രോ​ഗത്തെക്കുറിച്ച് വരുൺ ആദ്യമായി പറഞ്ഞത്. പിന്നീട് ഇത് ചർച്ചയായതിന് പിന്നാലെ ഇ‌ക്കാര്യം വിവരിച്ച് ട്വീറ്റ് കുറിക്കുകയും ചെയ്തു. 

എന്താണ് വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ 

ചുരുക്കത്തിൽ പറഞ്ഞാൽ തലച്ചോറിന് ശരിയായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ചെവിയുടെ ആന്തരിക ഭാഗം ശരിയായി പ്രവർത്തിക്കാത്തപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഒരു വ്യക്തിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇങ്ങനെ സംഭവിക്കുമ്പോൾ വെസ്റ്റിബുലാർ സിസ്റ്റം തലച്ചോറിലേക്ക് തെറ്റായ സന്ദേശം അയയ്ക്കുകയും ഇതിന്റെ ഫലമായി തലകറക്കം അനുഭവപ്പടുകയും ചെയ്യും. 

ലക്ഷണങ്ങൾ

പൊതുവേ പ്രായമായ ആളുകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. എന്നാൽ ചെവിയുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ള ഓട്ടോടോക്സിക് മരുന്നുകൾ കഴിക്കുന്ന ചെറുപ്പക്കാരിലും ഇത് കണ്ടെത്തിരിക്കും. ടി ബി രോഗികൾ കഴിക്കുന്ന ആന്റിബയോട്ടിക്കുകളായ അമികാസിൻ, സ്‌ട്രെപ്‌റ്റോമൈസിൻ എന്നിവ ഓട്ടോടോക്സിക് മരുന്നുകൾക്ക് ഉദാഹരണമാണ്. രോഗപ്രതിരോധ പ്രശ്നങ്ങൾ മൂലവും ഈ അവസ്ഥയുണ്ടാകാം.

ചെവിയിൽ ചെറിയ മൂളലുകൾ പോലെ കേൾക്കുന്നതാണ് വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷന്റെ തുടക്കം. ഇങ്ങനെയുണ്ടാകുമ്പോൾ കേൾവിശക്തി പോകുമോ എന്നാശങ്കപ്പെട്ടാണ് പലരും ഡോക്ടറുടെ സഹായം തേടുന്നത്. എന്നാൽ ഇത് വെസ്റ്റിബുലാർ അവസ്ഥയുടെ ചെറിയ ലക്ഷണം മാത്രമാണ്. അതേസമയം തലകറക്കം അനുഭവപ്പെടുകയോ ശരീരം ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താൽ  സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം. കാഴ്ച മങ്ങൽ, വായിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ശ്രദ്ധിക്കേണ്ട ലക്ണങ്ങളാണ്. ചിലർക്ക് തളർച്ച, ഛർദി, വയറിളക്കം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്.  

ചികിത്സ

വെസ്റ്റിബുലോണിസ്റ്റാഗ്മോഗ്രാഫി (VNG) എന്ന വെസ്റ്റിബുലാർ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. രോഗം എത്രമാത്രം രൂക്ഷമാണെന്നതിനെ ആശ്രയിച്ചാണ് ചികിത്സ. ചെവിക്കുള്ളിൽ കാര്യമായ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ പിന്നെ മരുന്ന് കഴിച്ച് അതിനെ കുറച്ചുകൊണ്ടുവരുന്നതാണ് മാർഗ്ഗം. എന്നാൽ ഒരിക്കൽ മാത്രമൊക്കെയാണ് ബുദ്ധിമുട്ടെങ്കിൽ അത് പതിയെ മാറുകയാണ് പതിവ്. ആദ്യത്തെ ദിവസം തോന്നുന്ന എല്ലാ പ്രശ്‌നങ്ങളും ഒരു പത്താം ദിവസമാകുമ്പോൾ മാറും. 

ഫിസിയോതെറാപ്പിയാണ് വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷനായി ഡോക്ടർമാർ പ്രധാനമായും നിർദ്ദേശിക്കുന്നത്. വെസ്റ്റിബുലാർ റീഹാബിലിറ്റേഷൻ വ്യായാമങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇവ ഈ അവസ്ഥയിൽ സഹായകരമാകും.  വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ ആണെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ജലദോഷത്തിനു കഴിക്കുന്ന മരുന്നുകൾ പോലും പരിശോധിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com