ഫംഗല്‍ അണുബാധകൾ ഭീഷണി; മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ഡബ്യൂഎച്ച്ഒ  

ക്രിട്ടിക്കല്‍, ഹൈ, മീഡിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ഫംഗല്‍ രോഗാണുക്കളെ തരംതരിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൊതുജനങ്ങളുടെ ആരോ​ഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫംഗല്‍ അണുബാധകളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. ക്രിട്ടിക്കല്‍, ഹൈ, മീഡിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ഫംഗല്‍ രോഗാണുക്കളെ തരംതരിച്ചിരിക്കുന്നത്. ഓരോ മുൻ​ഗണനാ വിഭാ​ഗത്തിലും പൊതുജനാരോ​ഗ്യത്തിൽ ഫംഗല്‍ അണുബാധകള്‍ ഉണ്ടാക്കുന്ന സ്വാധീനവും അവ മരുന്നുകളോട് കൈവരിക്കുന്ന പ്രതിരോധശേഷിയും വിലയിരുത്തിയാണ് റാങ്ക് ചെയ്തിരിക്കുന്നത്. 

ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് 'ഫംഗല്‍ പ്രിയോറിറ്റി പാത്തജന്‍സ് ലിസ്റ്റ്' എന്ന പട്ടിക തയ്യാറാക്കിയത്. ലോകമെമ്പാടും ആശുപത്രികളില്‍ രോഗപകര്‍ച്ചക്ക് കാരണമായിട്ടുള്ള കാന്‍ഡിഡ ഔറിസ്, ക്രിപ്റ്റോകോക്കസ് നിയോഫോര്‍മാന്‍സ്, ആസ്പെര്‍ഗിലസ് ഫ്യുമിഗേറ്റസ്, കാന്‍ഡിഡ ആല്‍ബിക്കന്‍സ് എന്നീ ഫംഗസുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാന്‍ഡിഡ കുടുംബത്തില്‍പ്പെട്ട മറ്റ് ചില ഫംഗസുകളും മ്യൂകോര്‍മൈകോസിസിന് കാരണാകുന്ന മ്യൂകോറേല്‍സ് ഫംഗസുമെല്ലാം ഹൈ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മീഡിയം വിഭാഗത്തിൽ കോക്കിഡിയോഡെസ് എസ്പിപി, ക്രിപ്റ്റോകോക്കസ് ഗാറ്റി പോലുള്ള ഫംഗസുകളാണുള്ളത്. 

ഗുരുതര രോഗം ബാധിച്ച ആളുകൾക്കും പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങളുള്ളവര്‍ക്കും ഫംഗല്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. അര്‍ബുദം, എയ്ഡ്സ്, മാറാത്ത ശ്വാസകോശ രോഗങ്ങള്‍, ക്ഷയരോഗം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും അവയവമാറ്റശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും ഫംഗല്‍ അണുബാധയുണ്ടാകാം. 

ആഗോള താപനവും വര്‍ദ്ധിച്ചു വരുന്ന രാജ്യാന്തര യാത്രകളും വ്യാപാരവുമെല്ലാം ഫംഗല്‍ രോഗങ്ങള്‍ സംഭവിക്കുന്നതിന്‍റെ നിരക്കിനെയും ദൂരപരിധിയെയും സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ നാല് തരത്തിലുള്ള ആന്‍റിഫംഗല്‍ മരുന്നുകളാണ് ലഭ്യമായിട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു. ഫംഗല്‍ അണുബാധകള്‍ വളരുന്നു എന്നത് മാത്രമല്ല അവ മരുന്നുകളോട് കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കുന്നു എന്നതും ആശങ്കയുളവാക്കുന്ന സംഗതിയാണെന്ന് ഇവർ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com