ദീർഘനേരം ഇരിക്കുന്നത് മൂലം ആരോഗ്യപ്രശ്‌നങ്ങൾ ഏറെ; പുകവലിക്ക്‌ സമാനമെന്ന് വിദ​ഗ്ധർ

ഹൃദ്രോ​ഗവും പ്രമേഹവും മുതൽ അമിതമണ്ണവും മാനസികപ്രശ്നങ്ങളും വരെ പിടിമുറുക്കാൻ ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് കാരണമാകും 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് ആരോ​ഗ്യത്തിന് പല തരത്തിലുള്ള പ്രശ്നങ്ങൾ വരുത്തിവയ്ക്കും. ഇത് പുകവലിക്ക് സമാനമാണെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. ഹൃദ്രോ​ഗവും പ്രമേഹവും മുതൽ അമിതമണ്ണവും മാനസികപ്രശ്നങ്ങളും വരെ പിടിമുറുക്കാൻ ഈ ശീലം കാരണമാകും. 

ഒരുപാട് സമയം തുടർച്ചയായി ഇരിക്കുന്നത് രക്തചംക്രമണത്തെ ബാധിക്കും. ഇത് രക്തസമ്മർദവും കൊളസ്‌ട്രോൾ തോതും ഉയർത്തും. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് വഴിതുറക്കും. ലിപിഡുകളുടെ ചയാപചയത്തെയും ഇത് ബാധിക്കും. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധമുണ്ടാക്കി ടൈപ്പ്‌ 2 പ്രമേഹത്തിനും ദീർഘനേരമുള്ള ഇരുപ്പ്‌ കാരണമാകും. 

പേശികളുടെ കരുത്ത് കുറച്ച് അവയെ ​ദുർബലമാക്കാനും അനാരോ​ഗ്യകരമായ ഈ ശീലം കാരണമാകും. അരക്കെട്ടിലെയും പിൻഭാഗത്തെയും പേശികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. പുറം വേദന, നടുവേദന പോലുള്ള പ്രശ്‌നങ്ങൾ ഇതുമൂലം പിടിമുറുക്കും. അതുകൊണ്ട് ഇടയ്ക്കിടെയുള്ള ചലനം അനിവാര്യമാണ്. ദീർഘനേരം പിൻ ഭാഗത്തിന്‌ സപ്പോർട്ട്‌ കിട്ടാതിരിക്കുന്നത് നട്ടെല്ലിന്റെ സമ്മർദ്ദം കൂട്ടും. നട്ടെല്ലിന്‌ ദീർഘകാല പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇതുമതി. 

ശരീരത്തിലെ കലോറി കത്തിച്ച്‌ കളയാനുള്ള അവസരവും ദീർഘനേരമുള്ള ഇരിപ്പ് അപഹരിക്കും. ഇത്‌ ചയാപചയത്തെ മെല്ലെയാക്കി ശരീരത്തിൽ കൊഴുപ്പ്‌ അടിയാനും അതുവഴി അമിതവണ്ണത്തിനും കാരണമാകും. ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാതാകുന്നതോടെ ഉത്‌കണ്‌ഠ, വിഷാദം എന്നിവ തലപൊക്കും. അതുകൊണ്ട് മാനസികാരോഗ്യത്തിനും ദീർഘനേരത്തെ ഇരിപ്പ്‌ ഹാനികരമാണ്‌. 

എന്താണ് പരിഹാരം?

► സ്ഥിരമായി വ്യായാമം ചെയ്യുന്നത് ദീർഘനേരത്തെ ഇരിപ്പിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.

► ഇരിക്കുമ്പോൾ ബാക്ക്‌ സപ്പോർട്ട്‌ പ്രധാനമാണ്‌.  പുറത്തിനും കഴുത്തിനും അധികം സമ്മർദം വരാത്ത രീതിയിൽ വേണം ഇരിക്കാൻ. 


► ദീർഘനേരം ഇരുന്നുള്ള ജോലിയാണെങ്കിൽ ഇടയ്‌ക്കിടെ എഴുന്നേറ്റ്‌ നടക്കാൻ ശ്രമിക്കണം. ഓരോ അരമണിക്കൂറിലും എഴുന്നേറ്റ്‌ നടക്കാൻ സമയം കണ്ടെത്തണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com