മെച്ചപ്പെട്ട ജീവിത നിലവാരം മനസ്സിൽ കണ്ട് പണിയെടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സാമ്പത്തിക നേട്ടത്തിലുപരി ജീവിതത്തിന് ഒരു ഘടനയും അർഥവും ആത്മാഭിമാനവുമൊക്കെ ഒരു ജോലി മുന്നോട്ടു വെക്കുന്നു. എന്നാൽ ഒരു നെഗറ്റീവ് സ്പേയ്സിൽ ജോലി ചെയ്യുന്നത് ഈ ഉദ്ദേശമൊക്കെ തകിടം മറിക്കും. കൂടാതെ നമ്മുടെ മാനസികാരോഗ്യം കൂപ്പൂക്കുത്തുകയും ചെയ്യും. ഇന്ന് ലോക മാനസികാരോഗ്യ ദിനം. തൊഴിലിടത്തെ മാനസിക സമ്മർദമാണ് ഇത്തവണത്തെ പ്രമേയം.
മാറുന്ന ജീവിത സാഹചര്യങ്ങൾ തൊഴിലിടത്തെയും ബാധിച്ചിട്ടുണ്ട്. നീണ്ട മണിക്കൂറുകൾ ജോലി ചെയ്യേണ്ട അവസ്ഥ, പിന്തുണയില്ലായ്മ, വിവേചനം, ഒഴിവാക്കല്‍, അമിത ജോലിഭാരം തുടങ്ങിയവ കാരണമുണ്ടാകുന്ന മാനസിക സമ്മർദം യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നു വരികയാണ്. ഇതില്‍ ചിലര്‍ ജോലി ഉപേക്ഷിച്ചു പോകും. മറ്റ് ചിലർ അവിടെ എരിഞ്ഞടങ്ങും. യുവാക്കള്‍ക്കിടയില്‍ ഹൃദായഘാത നിരക്ക് വര്‍ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദമാണ്.
ജോലിസ്ഥലത്തെ മാനസികാരോഗ്യ അപകട സാധ്യതയെ സൈക്കോസോഷ്യൽ റിസ്ക് എന്നും വിളിക്കുന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ പകുതിയിലേറെ ആളുകളും അനൗപചാരിക സമ്പദ്‌വ്യവസ്ഥയില്‍ പണിയെടുക്കുന്നവരാണ്. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷമോ സാമൂഹികമോ സാമ്പത്തികമോ ആയ പരിരക്ഷയോ ഉണ്ടാകില്ല. ഇത് മാനസികാരോഗ്യത്തെ ദുർബലപ്പെടുത്തും.
ലോക മാനസികാരോഗ്യ ദിനം; ചരിത്രം
ലോകാരോഗ്യ സംഘടനയുടെ കീഴില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10- നാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. ആഗോള മാനസികാരോഗ്യ സംഘടനയായ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്തിൻ്റെ ആഭിമുഖ്യത്തില്‍ 1992 ഒക്ടോബര്‍ 10 ആണ് ആദ്യമായി ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. ആഗോളതലത്തില്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ലോകാരോഗ്യ സംഘടനയുടെ കീഴില്‍ ആചരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക