

തലേന്ന് രാത്രി മദ്യപിച്ചതിനെ കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുകയും അതില്‍ ഉത്കണ്ഠ തോന്നുകയും ചെയ്യാറുണ്ടോ?... ഇതിനെ ഹോങ് ഓവർ ആങ്‌സൈറ്റി അഥവാ ഹാങ്‌സൈറ്റി എന്നാണ് വിളിക്കുക. ഏതാണ്ട് 22 ശതമാനത്തോളം മദ്യപരിലും ഈയോരു തോന്നല്‍ ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മദ്യം തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യുന്നതും പറയുന്നതും ഒന്നും ഓർമ ഉണ്ടാകില്ലെന്ന് ചിലർ പറഞ്ഞു കേൾക്കാറില്ലേ... മദ്യം ശരീരികമായി മാത്രമല്ല നമ്മെ മാനസികമായും സ്വാധീനിക്കും. തലച്ചോറിലെ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കി ശരീരത്തെ കൂടുതല്‍ ശാന്തവും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലും ആക്കുന്നു.
എന്നാല്‍ രാവിലെ എഴുന്നേറ്റ് തലേന്ന് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചിലരെ ഇത്തരം ഹാങ് ഓവര്‍ ആങ്സൈറ്റി എന്ന അവസ്ഥയിലേക്ക് തള്ളിവിടും. ചിലര്‍ക്ക് ഇത് നേരിയതാണെങ്കില്‍ മറ്റ് ചിലരെ ഈ തോന്നല്‍ ഗുരുതര ഉത്കണ്ഠ ഉണ്ടാക്കും.
എന്താണ് ഹാങ് ഓവര്‍ ആങ്സൈറ്റിക്ക് കാരണം
മദ്യപിച്ച ശേഷം ശരീരത്തിന് വീണ്ടെടുപ്പ് നടത്തുന്നതിനുള്ള ഒരു മാര്‍ഗമാണ് ഹാങ് ഓവര്‍. ഈ ഹാങ് ഓവര്‍ സമയത്ത് പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. കഠിനമായ തലവേദന, ചര്‍ദ്ദി തുടങ്ങിയവ. ഇത് നിങ്ങള്‍ എത്രത്തോളം മദ്യപിച്ചു, നിര്‍ജ്ജലീകരണം, ഉറക്കക്കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉണ്ടാവുക.
ശരീരത്തില്‍ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് വര്‍ധിപ്പിച്ചുകൊണ്ട് മദ്യം ശരീരത്തെ വിശ്രമിക്കാന്‍ അനുവദിക്കുന്നു. കൂടാതെ ഗ്ലൂട്ടാമേറ്റ് കുറയ്ക്കുകയും നിങ്ങളുടെ ചിന്തകളെ മന്ദഗതിയിലാക്കുകയും ശാന്തമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുകയും അവയില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മദ്യപിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ സൗഹാര്‍ദപരവും സംസാരപ്രിയരാവുകയും ചെയ്യുന്നത്.
എന്നാല്‍ മദ്യത്തിന്റെ കെട്ടിറങ്ങുന്നതോടെ ഇതെല്ലാം പഴയപടിയാകും. ഈയൊരു മാറ്റം തലേദിവസം രാത്രിയുടെ വിപരീതഫലമുണ്ടാക്കും. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഉത്കണ്ഠയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇതില്‍ ജനിതകം ഒരു പ്രധാന ഘടകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ ജീനുകള്‍ ശരീരം മദ്യത്തെ പ്രോസസ് ചെയ്യുന്നതില്‍ സ്വാധീനിക്കുന്നുണ്ട്.
ഉത്കണ്ഠ പ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നേരിടുന്നവരില്‍ ഹാങ് ഓവര്‍ ആങ്‌സൈറ്റി കൂടാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. ചിലര്‍ സമ്മര്‍ദം ഒഴിവാക്കാന്‍ മദ്യപിക്കാറുണ്ട്. ഇത് പതിവ് മദ്യപാനത്തിലേക്കും ശാരീരിക ബുദ്ധിമുട്ട് വര്‍ധിക്കാനും കാരണമാകും. ഹാങ് ഓവര്‍ ആങ്‌സൈറ്റി കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി മദ്യപാനം പരിമിതപ്പെടുത്തുക എന്നതാണ്.
ഹാങ് ഓവര്‍ ആങ്സൈറ്റിയെ എങ്ങനെ മറികടക്കാം
മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ശാരീരിക വീണ്ടെടുക്കലിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ലഘുവായി ഭക്ഷണം കഴിക്കുക. കൂടാതെ വിശ്രമിക്കുകയും ചെയ്യണം.
ഉത്കണ്ഠ അകറ്റുന്നതിന് മെഡിറ്റേഷന്‍, ശ്വസന വ്യായാനം എന്നിവ പരിശീലിക്കാം.
അടുത്ത സുഹൃത്തിനോട് സംസാരിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates