

ചെന്നൈ: തമിഴ്നാട്ടിൽ പച്ച മുട്ട ചേർത്ത മയോണൈസിന്റെ ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സസ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു, നാരങ്ങാനീര്, വിനാഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിൽ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയ സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ച കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ സാൽമൊണല്ല ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
നിരവധിയിടങ്ങളിൽ മയോണൈസ് തയ്യാറാക്കാൻ പച്ച മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഒരുപാട് സമയം തുറന്നുവച്ചതിന് ശേഷം മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. വായുവിൽ തുറന്ന് ഇരിക്കുന്തോറും ബാക്ടീരിയ പെരുകുന്നു. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും. ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തസമ്മർദ്ദം വർധിക്കാനും ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതിലേക്കും നയിക്കുന്നു.
2023ൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് കേരളത്തിൽ നിരോധിച്ചിരുന്നു. 2022ൽ കാസർകോട് ഭക്ഷ്യവിഷബാധയെ തുടർന്ന് 16-കാരി മരിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മയോണൈസിനെതിരെ നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഒരേ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് 58 പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
