

ശരീരത്തിൽ രക്തചംക്രമണം നടക്കുമ്പോൾ അത് രക്തക്കുഴലിന്റെ ഭിത്തിയിൽ ഏൽപിക്കുന്ന മർദമാണ് രക്തസമ്മർദം. തലച്ചോറിലേക്കും കരളിലേക്കും കോശങ്ങളിലേക്കുമെല്ലാം ആവശ്യത്തിന് വായുവും ഊർജവും ലഭിച്ചാല്‍ മാത്രമാണ് ശാരീരിക പ്രവർത്തനങ്ങൾ ഊർജസ്വലമായി നടക്കുക. അതിന് രക്തസമ്മര്‍ദം ആവശ്യമാണ്. എന്നാല്‍ ഇത് അളവില്‍ കൂടുന്നതും കുറയുന്നതും അപകടമാണ്. 120/80 mm.Hg ആണ് സാധാരണ രക്തസമ്മര്‍ദം കണക്കാക്കുന്നത്.
ഹൈപ്പര്‍ടെന്‍ഷന്‍
മാനസിക സമ്മർദം, മരുന്നുകളുടെ ഉപയോഗം, അമിതാധ്വാനം, ചില ഭക്ഷണങ്ങൾ, അഡ്രിനാൽ ഗ്രന്ഥിയുടെ പ്രശ്നങ്ങൾ, പുകവലി, അമിതമദ്യപാനം തുടങ്ങിയവ രക്തസമ്മർദം പരിധി വിട്ടുയരുന്നതിലേക്ക് നയിക്കാം.
തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരൽ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇതിനുപുറമേ കാഴ്ച പ്രശ്നം, മൂക്കിൽ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മുഴക്കം, ഉറങ്ങാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മർദം ഉയരുന്നതിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്.
ഹൈപ്പോടെൻഷൻ
രക്തസമ്മര്‍ദം താഴാന്‍ പലകാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എൻഡോക്രെയ്ൻ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദം കുറയാം. ദാഹം, തലകറക്കം, ക്ഷീണം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുകയും ചികിത്സ തുടങ്ങുകയും വേണം. അതേസമയം ഡോക്ടറെ ഉടൻ കാണാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.
പെട്ടെന്നു കൂടിയാൽ ചെയ്യേണ്ടത്
ശരീരം റിലാക്സ് ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തളര്‍ച്ച തോന്നിയാല്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ നിർത്തിവച്ച് റിലാക്സ് ചെയ്ത് ഇരിക്കുക. ബിപി പരിശോധിച്ച് സിസ്റ്റോളിക് 200നു മുകളിലും ഡയസ്റ്റോളിക് 140നും മുകളിലാണെങ്കിൽ അര മണിക്കൂറെങ്കിലും ബെഡ് റെസ്റ്റ് വേണം.
ശരീരം റിലാക്സ് ആയ ശേഷം ശ്വസന വ്യായാമങ്ങൾ ചെയ്യാം. ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്കു വിടാം. 15 മിനിറ്റിന് ശേഷം ബിപി പരിശോധിക്കുക. കുറയുന്നുണ്ടെങ്കിൽ ഇതു തുടരുക.
ചില മരുന്നുകൾ കാരണവും ഹൃദയപ്രശ്നങ്ങൾ, പക്ഷാഘാതം എന്നിവയുടെ ഭാഗമായും ബിപി കൂടാം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടണം.
കുറഞ്ഞാല്‍ ചെയ്യേണ്ടത്
രക്തസമ്മർദം താഴുന്നു എന്നു തോന്നിയാൽ ഉപ്പ് ചേർത്ത പാനീയങ്ങൾ കുടിക്കുക. ഉപ്പിട്ട നാരാങ്ങാവെള്ളവും നല്ലതാണ്. 90/60 mm Hg ക്ക് താഴെയാണ് രക്തസമ്മര്‍ദം എങ്കില്‍ ശ്രദ്ധിക്കണം.
നന്നായി വിശ്രമിക്കുക. വേറെ സങ്കീർണതയില്ലെങ്കിൽ കിടന്നാൽ 15–20 മിനിറ്റുകൊണ്ട് ബിപി നോർമലാകും. അല്ലാത്തപക്ഷം ഡോക്ടറെ കാണുക.
ചായയോ കാപ്പിയോ കുടിക്കാം. പെട്ടെന്നു ദഹിക്കുന്ന തരത്തില്‍ ചെറിയ അളവിൽ ഭക്ഷണം കഴിക്കാം. ഓട്സ്, റവ കാച്ചിയത്, ബ്രെഡ്, ബിസ്കറ്റുകൾ എന്നിവ.
അലർജി, രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ കാരണവും ബിപി കുറയാം. ഉടന്‍ വൈദ്യസഹായം തേടുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates