

ഷുഗര്‍ ഫ്രീ എന്ന് കേട്ടാല്‍ പഞ്ചസാര ഒട്ടും അടങ്ങിയിട്ടില്ലാത്തത് എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങളിലും ഷുഗര്‍ ഉണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ പരുതുമ്പോള്‍ ഷുഗര്‍ ഫ്രീ എന്നും നോ ആഡഡ് ഷുഗര്‍ എന്നും രണ്ട് തരം ലേബല്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവാം. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമോ ഉപയോഗമോ തിരിച്ചറിയാതെയാകും പലപ്പോഴും ഉല്‍പ്പന്നങ്ങള്‍ ബാസ്ക്കറ്റിലേക്ക് പെറുക്കിയിടുന്നത്.
എന്താണ് ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങള്‍
ഷുഗര്‍ ഫ്രീ എന്ന ലേബല്‍ ചെയ്തിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ 0.5 ഗ്രാമിന് താഴെ പഞ്ചസാര അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ അസ്പാര്‍ട്ടേം, സ്റ്റീവിയ തുടങ്ങിയ കൃത്രിമ മധുര പലഹാരങ്ങള്‍ ഉപയോഗിച്ച് അവയെ മധുരമുള്ളതാക്കുന്നു. അതിനാല്‍ അധിക കലോറി ഉണ്ടാകുമോ എന്ന കുറ്റബോധമില്ലാതെ മധുരം ആസ്വദിക്കാം.
എന്താണ് നോ ആഡഡ് ഷുഗര്‍ ഉല്‍പ്പന്നങ്ങള്‍
പാക്കിങ് സമയത്ത് അല്ലെങ്കില്‍ ഭക്ഷണം ഉണ്ടാക്കുന്ന പ്രക്രിയയ്ക്കിടെ പഞ്ചസാര ചേര്‍ത്തിട്ടില്ല എന്നതാണ് നോ ആഡഡ് ഷുഗര്‍ എന്ന ലേബല്‍ കൊണ്ട് സൂചിപ്പിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) വിശദീകരിക്കുന്നു. ഉല്‍പന്നങ്ങളില്‍ അധിക പഞ്ചസാര ചേര്‍ത്തിട്ടില്ലെങ്കിലും ഇവയില്‍ പ്രകൃതി ദത്ത പഞ്ചസാര ചേര്‍ന്നിട്ടുണ്ടാവാനുള്ള സാധ്യതയുണ്ട്.
ഉദാഹരണത്തിന് ഗ്രനോല ബാര്‍, അവയില്‍ നോ ആഡഡ് ഷുഗര്‍ എന്ന ലേബല്‍ ഉണ്ടാകും. എന്നാല്‍ അവയില്‍ അടങ്ങിയ ബെറിപ്പഴങ്ങളിലും ഉണക്കമുന്തിരിയിലും പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ടാവും.
ഏതാണ് ആരോഗ്യകരം
ഇവ രണ്ടും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ കലോറിയും പഞ്ചസാരയോടുള്ള ആസക്തിയും കുറയ്ക്കുന്നതിന് ഹ്രസ്വകാലത്തേക്ക് മാത്രമാണ് ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കാന്‍ കഴിയൂ. ഇതില്‍ കൃത്രിമ മധുരം ചേര്‍ത്തിട്ടുള്ളതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോ ആഡഡ് ഷുഗര്‍ ഉല്‍പ്പന്നങ്ങള്‍ മികച്ച ഓപ്ഷനാക്കാമെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. കാരണം ഇതില്‍ പ്രകൃതി ദത്ത പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
