

നിങ്ങള്‍ക്ക് നടക്കാന്‍ അറിയാമോ? എന്തൊരു ചോദ്യമാണിതെന്നാകും ചിന്തിക്കുന്നത്. ഒരു കാലിന് മുന്നില്‍ മറ്റൊരു കാല്‍ ചവിട്ടി ചുവടുവെക്കുന്നതല്ല ശരിയായ നടത്തം. നടത്തത്തിലും പാലിക്കേണ്ടതായ ചില ചിട്ടകളുണ്ട്. തെറ്റായ രീതിയിലുള്ള നടത്തം ശരീരവേദന മുതല്‍ പൊണ്ണത്തടിക്ക് വരെ കാരണമാകാമെന്ന് പറയുകയാണ് വോക്ക് ആക്ടീവ് മെത്തേഡ് സ്ഥാപകയായ ജൊഹാന ഹാള്‍.
വലിയ ആയാസവും ഏകാഗ്രതയും ആവശ്യമില്ലാത്ത ഒരു വ്യായാമമാണ് നടത്തം. നടത്തത്തിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ ജീവിതശൈലിയില്‍ നടത്തം ഒരു ആരോഗ്യശീലമാക്കിയിരിക്കുന്ന മിക്കയാളുകളും നടക്കുന്നത് ശരിയായ രീതിയിലല്ല. അശാസ്ത്രീയമായ നടത്തം നടുവേദന, സന്ധിവേദന, ശരീരത്തിന്റെ തെറ്റായ പോസ്ചര്‍, കലോറി കുറയുന്നത് കാര്യക്ഷമ കുറയ്ക്കുക തുടങ്ങിയവയിലേക്ക് നയിക്കുന്നുവെന്ന് ജോഹാന പറയുന്നു.
നടത്തത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
മൂന്ന് ഘടകങ്ങളാണ് നമ്മുടെ നടത്തത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. പേശികളുടെ സന്തുലിതാവസ്ഥ കുറയുമ്പോള്‍ നമ്മുടെ നടത്തം തെറ്റായ രീതിയിലാകാം. ഇത് ചില പേശികളില്‍ സമ്മര്‍ദം ഉണ്ടാക്കാം. കൂടാതെ ഉദാസീനമായ ജീവിത ശൈലി, അതായത് കുനിഞ്ഞിരുന്ന് ദീര്‍ഘനേരം കംപ്യുട്ടര്‍ അല്ലെങ്കില്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പേശികള്‍ ദുര്‍ബലമാകാനും ശരീരത്തിന്‍റെ പോസ്ചര്‍ മോശമാകുന്നതും നടത്തം മോശമാക്കാം. കൂടാതെ അപകടങ്ങൾ മൂലമോ ശസ്ത്രക്രിയകൾ മൂലമോ ഉണ്ടാകുന്ന പരിക്കുകൾ, കാലുകളുടെ നീളത്തിലുള്ള വ്യത്യാസം, ഗർഭധാരണം എന്നിവയും നടത്തത്തെ സ്വാധീനിച്ചേക്കാം.
നടത്തത്തിലെ നാല് അപാകതകള്‍
പേശികളുടെ തെറ്റായ ഉപയോഗം
നടക്കുമ്പോള്‍ നടുവിന് താഴെ വേദന അനുഭവപ്പെടുന്നുവെങ്കില്‍, നിങ്ങളുടെ നടത്തം ശരിയല്ലെന്നാണ് അര്‍ഥം. ഹിപ് ഫ്‌ളക്‌സര്‍ പേശികള്‍ കൂടുതലും ഉപയോഗിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹിപ് ഫ്‌ളക്‌സറില്‍ കൂടുതല്‍ അധ്വാനം നല്‍കുമ്പോള്‍ അരയ്ക്കുതാഴോട്ട് കൂടുതല്‍ സമ്മര്‍ദം കൊടുക്കുകയാണ് ചെയ്യുന്നത്. ബോഡി പോസ്ചര്‍ കൃത്യമാക്കി നടക്കുമ്പോള്‍ നടത്തം അത്ര കഠിനമായ ഒന്നായിത്തീരുകയില്ല.
പാദം പരത്തി നടക്കുമ്പോൾ
പാദം പരത്തിയുള്ള നടത്തം അല്ലെങ്കില്‍ പാസീവ് ഫുട് സ്ട്രൈക് ആണ് മറ്റൊരു സാധാരണ പിഴവ്. സ്ഥിരത, വഴക്കം, ശരീരഭാരം എന്നിവയെ പിന്തുണയ്ക്കുന്ന ഓരോ കാല്‍ പാദത്തിലും 26 അസ്ഥികളും 33 സന്ധികളുമുണ്ട്. കാല്‍പ്പാദം കുതികാല്‍ മുതല്‍ വിരല്‍ വരെ ഉരുണ്ടിരിക്കാന്‍ പാകത്തില്‍ വേണം നടക്കാന്‍. കാല്പാദം പരത്തി നടക്കുമ്പോള്‍ സന്ധികളിലൂടെ, പ്രത്യേകിച്ച് കാല്‍മുട്ടുകളിലൂടെ ശക്തമായ ബലം കടത്തിവിടുകയും അത് വേദനയ്ക്കിടയാക്കുകയും ചെയ്യുക മാത്രമല്ല, ഇടുപ്പുമുതല്‍ കാല്‍മുട്ടുവരെയുള്ള പേശികള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയുകയും ചെയ്യുന്നു.
തലയുടെ പൊസിഷന്‍
നടക്കുമ്പോള്‍ തലയുടെ പൊസിഷന്‍ പ്രധാനമാണ്. മൊബൈല്‍ നോക്കി അല്ലെങ്കില്‍ കൂനിക്കൂടി നടക്കുന്ന ശീലം നടുവിന് മുകള്‍ഭാഗം മുതല്‍ വേദനയുണ്ടാവാനും സ്‌പെനല്‍ റൊട്ടേഷന്‍ വരാനും സാധ്യതയുണ്ടാക്കുന്നു. കൂടാതെ നമ്മള്‍ അകത്തേക്കെടുക്കുന്ന ഓക്‌സിജന്റെ അളവ് കുറയാനും കുനിഞ്ഞുള്ള നടത്തം കാരണമാകുന്നു.
കൈകള്‍ വെറുതെയിടുക
നടക്കുമ്പോൾ കൈകൾ ഒന്നും ചെയ്യാതെ തൂക്കിയിടാറുണ്ടോ? ഇത് വയറിന്‍റെ പേശികളെ പ്രവര്‍ത്തനം കുറയുകയും കൊഴുപ്പ് നീങ്ങാതാകുകയും ചെയ്യുന്നു. വേഗത്തിൽ നടക്കുമ്പോൾ കൈകൾ വ്യായാമം ചെയ്യുമ്പോൾ മാത്രമേ നടത്തത്തിന്റെ പൂർണ്ണ ഗുണങ്ങൾ ലഭിക്കൂ. ഇത് ശരീരത്തിന്‍റെ മുകൾ ഭാഗത്തെയും താഴത്തെ ഭാഗത്തെയും പേശികളെ സജീവമാക്കുകയും കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates