20കളില്‍ തന്നെ നര കയറിത്തുടങ്ങി, അകാലനരയ്ക്ക് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങള്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന മാനസികസമ്മര്‍ദവും പോഷകക്കുറവും മാറിമറിയുന്ന ജീവിത ശൈലിയുമാണ് അകാലനരയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍.
premature grey hair
അകാലനരയ്ക്കുള്ള കാരണം (premature grey hair)പ്രതീകാത്മക ചിത്രം
Updated on

പ്രായമാകണമെന്നില്ല തലയിൽ നര കയറാനെന്ന് ഇന്നത്തെ ചെറുപ്പക്കാരുടെ മുടിയിഴകൾ വിളിച്ചു പറയുന്നു. ചെറുപ്രായത്തില്‍ തന്നെ നര (premature grey hair) കയറുന്നത് പലരുടെയും ആത്മവിശ്വാസത്തെ വരെ ബാധിക്കാം. മുടി കറുപ്പിക്കാനായി പലതരം ചികിത്സകളും സംവിധാനങ്ങളും ഇന്ന് നിലവിലുണ്ടെങ്കിലും അകാലനരയ്ക്കുള്ള കാരണം കണ്ടെത്തി അവ പരിഹരിക്കുകയാണ് ഏറ്റവും ശാശ്വതമായ പരിഹാരം.

ചെറുപ്പക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന മാനസികസമ്മര്‍ദവും പോഷകക്കുറവും മാറിമറിയുന്ന ജീവിത ശൈലിയുമാണ് അകാലനരയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്ന് ത്വക്ക് രോ​ഗ വിദ​ഗ്ധയായും സ്കിൻ കാൻസർ സർജനുമായി ഡോ. നീര നാഥൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ പറയുന്നു.

ഈ മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മുടി നരയ്ക്കുക എന്ന പ്രക്രിയ മന്ദഗതിയിലാക്കാന്‍ സാധിക്കുമെന്ന് അവര്‍ പറയുന്നു. അകാല നര ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

രക്തപരിശോധന

രക്തപരിശോധനയിലൂടെ പോഷകക്കുറവു കണ്ടെത്താവുന്നതാണ്. ഇരുമ്പ്, കോപ്പർ, വിറ്റാമിൻ ബി12, തൈറോയ്ഡ് എന്നിവയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ അകാല നരയിലേക്ക് നയിക്കാം. ഇവയുടെ അഭാവം പരിഹരിക്കുന്നത് മുടിക്ക് കറുത്ത നിറം ലഭ്യമാകാൻ സഹായിക്കും. പോഷകക്കുറവ് പരിഹരിക്കുന്നതിന് ചീര, മുരിങ്ങയില, നെല്ലിക്ക, നാരങ്ങ, മാതളം, ഈന്തപ്പഴം, ബദാം, വാല്‍നട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

സമ്മർദം

വിട്ടുമാറാത്ത മാനസിക സമ്മർദം അകാലനരയ്ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. സമ്മർദം കൂടുമ്പോൾ മുടിയുടെ പി​ഗ്നെന്റേഷൻ കുറയുകയും മുടി നരയ്ക്കുകയും ചെയ്യുന്നു. മിക്കവാറും ആളുകള്‍ ഇത് കാര്യമാക്കാറില്ല. സമ്മർദം നിയന്ത്രിക്കുകയും മനസ് ശാന്തമാവുകയും ചെയ്യുന്നത് മുടിയുടെ കറുത്ത നിറം വീണ്ടെടുക്കാൻ സഹായിക്കും. യോഗ, മെഡിറ്റേഷന്‍, സംഗീതം, ജേണലിങ്, പ്രത്യേക ഹോബി വികസിപ്പിക്കുക തുടങ്ങിയവ മാനസിക സമ്മര്‍ദം കുറയ്ക്കാനും സന്തോഷിക്കാനും സഹായിക്കും.

പുകവലി

അമിതമായ പുകവലി മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പി​ഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും മുടിയുടെ വേരിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് അകാലനരയ്ക്കുള്ള മറ്റൊരു പ്രധാന ഘടകമാണ്. മാത്രമല്ല, അമിതമായി സൂര്യപ്രകാശമേൽക്കുന്നതും മുടിയുടെ ആരോ​ഗ്യത്തിന് ഹാനികരമാകാം. ഇത് അകാലനരയ്ക്ക് കാരണമാകും.

ആന്റി-ഗ്രേ ടോപ്പിക്കൽ ചികിത്സകൾ

മുടിയുടെ പി​ഗ്മെന്റ് കോശങ്ങളെ സംരക്ഷിക്കുന്നതിനും കറുത്ത നിറം മുടിക്ക് നൽകുന്നതിന് പി​ഗ്മെന്റ് കോശങ്ങളെ ഉത്തേജിപ്പിക്കുന്നതും വേണ്ടി ആന്റി-ഓക്സിഡന്റുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയതാണ് ചികിത്സ. നിങ്ങളുടെ മുടിയിൽ 30 ശതമാനം മാത്രമാണ് നരയുള്ളതെങ്കിൽ ഇത്തര ചികിത്സകൾ പരീക്ഷിക്കാവുന്നതാണെന്നും ഡോ. നീര നാഥൻ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com