
മദ്യം പാൻക്രിയാറ്റിക് കാൻസർ ഉണ്ടാകാനുള്ള ഒരു പ്രധാന ഘടകമെന്ന് ലോകാരോഗ്യ സംഘടന. മിതമായ അളവിൽ പോലും മദ്യപിക്കുന്നത് പാൻക്രിയാറ്റിക് കാൻസർ സാധ്യത (pancreatic cancer risk) കൂട്ടുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസി നടത്തിയ പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു.
ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 2.5 ദശലക്ഷം ആളുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പുകവലിക്കാത്ത മദ്യപാനികളിലും ഈ ഘടകം കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. ദിവസവും 10 ഗ്രാം അധിക മദ്യവും ചെറിയൊരു ഗ്ലാസ് വൈൻ കുടിക്കുന്നതും ബിയർ കുടിക്കുന്നതു പോലും പാൻക്രിയാറ്റിക് കാൻസർ സാധ്യത മൂന്ന് ശതമാനം കൂട്ടുന്നുണ്ട്. അമിത മദ്യപാനികളിൽ അപകടസാധ്യത വീണ്ടും കൂടും.
ദിവസവും പതിനഞ്ച് മുതൽ 30 ഗ്രാം വരെ മദ്യപിക്കുന്ന സ്ത്രീകളിൽ പാൻക്രിയാറ്റിക് കാൻസർ വരാനുള്ള സാധ്യത 12ശതമാനം കൂടുതലാണ്. പുരുഷന്മാരിൽ ദിവസവും 30 മുതൽ 60 ഗ്രാം വരെ കുടിക്കുന്നത് രോഗസാധ്യത 15ശതമാനം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 60 ഗ്രാമിന് മുകളിൽ കുടിക്കുന്ന പുരുഷന്മാരിൽ പാൻക്രിയാറ്റിക് കാൻസർ സാധ്യത 36 ശതമാനം കൂടുതലാണ്. മദ്യപിക്കുന്നത് പാൻക്രിയാസിന് വീക്കമുണ്ടാക്കുകയും ഇതുവഴി പാൻക്രിയാറ്റിക് കോശങ്ങൾ തകരാറിലാവുകയും ജനിതകവ്യതിയാനത്തിനും കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്കും അത് കാൻസറിന് കാരണമാവുകയും ചെയ്യുന്നു.
ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. എന്നാല്‍ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകാത്തതും തിരിച്ചറിയാതെ പോകുന്നതും പാൻക്രിയാറ്റ് കാൻസറിനെ അപകടകാരിയാക്കുന്നു. പലപ്പോഴും അര്‍ബുദം മറ്റ് അവയവങ്ങളെ ബാധിച്ച ശേഷം അവസാന ഘട്ടത്തിലായിരിക്കും രോഗ നിര്‍ണയം നടത്തുക. ഇത് ചികിത്സയെയും ബാധിക്കുന്നു.
ലക്ഷണങ്ങൾ
വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ട നിറം, ചൊറിച്ചിൽ, പ്രമേഹം, കൈ-കാലുകളില്‍ വേദനയും വീക്കവും, അമിത ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ