

പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് അറിയാത്തവരല്ല ആരും. എന്നാലും പലർക്കും പുകവലി ശീലമായിരിക്കുന്നു. ഒന്നു പുകച്ചാൽ സമ്മർദത്തിനും വിരസതയ്ക്കും ആശ്വാസമുണ്ടാകുമെന്ന് ചിന്തിക്കുന്നവർ കുറവല്ല. ലോകത്ത് പുകവലി ഉപഭോഗം മൂലം ഏതാണ്ട് എട്ട് ദശലക്ഷത്തോളം ആളുകൾ പ്രതിവർഷം മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ഷയം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങൾ കാലങ്ങളായുള്ള പുകവലിയുടെ ഫലമാണ്.
1987 മുതലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനം (World No Tobacco Day) ആചരിച്ചു തുടങ്ങുന്നത്. എല്ലാ വർഷവും മെയ് 31ന് പുകവലി കാരണം ഉണ്ടാകുന്ന ആരോഗ്യ അപകടങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് പുകയില വിരുദ്ധ ദിനം ലോകമെമ്പാടും ആചരിക്കുന്നു.
പുകവലി ശാരീരികാരോഗ്യത്തിന് എങ്ങനെയൊക്കെ ദോഷം ചെയ്യുമെന്ന് അറിയാമെങ്കിലും പലപ്പോഴും ഗൗരവമായി എടുക്കാത്ത ഒന്നാണ്, പുകവലി കാരണം ഉണ്ടാകുന്ന മനാസിക പ്രശ്നങ്ങൾ. പുകവലിയെ ഒരു സ്ട്രെസ് ബസ്റ്ററായി കാണുന്ന നിരവധി ആളുകളുണ്ട്. എന്നാൽ യഥാർഥത്തിൽ ഇത് സ്ട്രെസ് ബസ്റ്ററല്ല, സ്ട്രെസ് മേക്കറാണ്. പുകവലി ഒന്നിലധികം വിധങ്ങളിൽ മാനസികാരോഗ്യത്തെ വഷളാക്കുന്നു.
തെറ്റായ ആശ്വാസബോധം
പലരും പിരിമുറുക്കം കുറയ്ക്കാനും വിരസത അകറ്റാനും വേണ്ടിയാണ് പുകവലിക്കുന്നത്. എന്നാൽ നിക്കോട്ടിൻ താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. അതിന്റെ ഫലം കുറയുമ്പോള്‍ ഉത്കണ്ഠയും ക്ഷോഭവും വർധിപ്പിക്കുന്നു. കാലക്രമേണ, തലച്ചോറ് 'സാധാരണ'മായി തോന്നാൻ നിക്കോട്ടിനെ ആശ്രയിക്കാൻ തുടങ്ങുന്നു.
വിഷാദരോഗ സാധ്യത
പുകവലിക്കാരല്ലാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തലച്ചോറ് മാനസികാവസ്ഥയെയും വികാരങ്ങളെയും കൈകാര്യം ചെയ്യുന്ന രീതിയെ നിക്കോട്ടിൻ മാറ്റിമറിക്കുന്നു. ഇത് ഊർജ്ജക്കുറവ്, സങ്കടം, ദൈനംദിന പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ് എന്നിവയിലേക്ക് നയിച്ചേക്കാം.
ഉറക്ക പ്രശ്നങ്ങൾ
പുകവലി ഉറക്കക്കുറവു, ഉറക്കമില്ലായ്മ തുടങ്ങിയ ഉറക്ക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് മാനസിക സമ്മര്‍ദത്തിനും പിരിമുറക്കും വര്‍ധിക്കാനും കാരണമാകുന്നു.
സമ്മർദം
പുകവലി ഒരു സ്ട്രെസ് ബസ്റ്ററായി തോന്നാമെങ്കിലും, താല്‍ക്കാലികമാണ്. ഇത് യഥാര്‍ഥത്തില്‍ കോര്‍ട്ടിസോളിള്‍ പോലുള്ള സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം ക്രമേണ വര്‍ധിപ്പിക്കുന്നു. ശാരീരികമായും മാനസികമായും ബാധിക്കുന്നു.
മാനസികാരോഗ്യം
ചിലരിൽ ഉത്കണ്ഠാ രോഗങ്ങൾ, സ്കീസോഫ്രീനിയ പോലുള്ള മാനസികാരോഗ്യ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിന് പുകവലി കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലി ശാരീരികമായി തോന്നുന്ന ഒരു ആസക്തി മാത്രമല്ല, മാനസികാരോഗ്യത്തിനും ഒരു കെണിയാണെന്ന് വിശേഷിപ്പിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates