തിരുവനന്തപുരം: ജൈവ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ആവശ്യക്കാര്‍ വര്‍ധിക്കുമ്പോഴും കൃഷി ചെയ്യാന്‍ ആവശ്യമായ സ്ഥലവും സമയവും കണ്ടെത്തുക പലര്‍ക്കും വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം ഒരുക്കുകയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ്. സൂര്യപ്രകാശമോ മണ്ണോ ഇല്ലാതെ വീടിനുള്ളില്‍ തന്നെ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
റഫ്രിജറേറ്ററിന്റെ വലുപ്പത്തിലുള്ള പൂര്‍ണമായും ഓട്ടോമാറ്റിക്കായ ഹൈഡ്രോപോണിക്‌സ് സംവിധാനമാണ് എക്‌സ് ബോസോണ്‍ എഐ (X BOSON AI) വികസിപ്പിച്ചെടുത്ത CAAX മൊബൈല്‍ ഫാമിങ് യൂണിറ്റ്. അടുക്കളത്തോട്ടം എന്ന ആശയത്തിന് പുതിയ രൂപം നല്‍കാന്‍ കഴിയുന്ന ഈ സംവിധാനം വീടിനുള്ളില്‍ തന്നെ കൃഷി സാധ്യമാക്കുന്നു. സൂര്യപ്രകാശത്തിന്റെ ആവശ്യമില്ലെന്നതും ഇടയ്ക്കിടെ പരിപാലിക്കേണ്ടതില്ലെന്നതുമാണ് ഈ യൂണിറ്റിന്റെ പ്രധാന പ്രത്യേകതകള്‍. കീടനാശിനികളും പരമ്പരാഗത രാസവളങ്ങളും ഉപയോഗിക്കാതെയും കൃഷി നടത്താം.
2022ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റാര്‍ട്ടപ്പ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2026ലാണ് നൂതന സംവിധാനം പ്രദര്‍ശിപ്പിക്കുന്നത്. ഏകദേശം ആറടി ഉയരമുള്ള ഈ മൊബൈല്‍ ഫാമിങ് യൂണിറ്റില്‍ മൂന്ന് തട്ടുകളിലായാണ് ചെടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്രിലിക് ഷീറ്റുകളിലാണ് തൈകള്‍ നടുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഗ്രോയിങ് മീഡിയവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്ന് തട്ടുകളിലും പ്രത്യേകം എല്‍ഇഡി ഗ്രോ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വാഭാവിക സൂര്യപ്രകാശത്തിന് പകരമായി ഈ ലൈറ്റുകള്‍ ചെടികള്‍ക്ക് ആവശ്യമായ പ്രകാശം നല്‍കും. അതിനാല്‍ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിലും കൃഷി നടത്താന്‍ സാധിക്കും. അപ്പാര്‍ട്ട്‌മെന്റുകളിലെ വെളിച്ചം കുറഞ്ഞ മൂലകളില്‍ പോലും പുതിയ പച്ചക്കറികള്‍ വിളവെടുക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. സ്ഥലപരിമിതിയും സമയക്കുറവും കാരണം കൃഷിയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്കും വീട്ടില്‍ തന്നെ പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates