തണുപ്പുകാലത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമായ പച്ചക്കറികളിലൊന്നാണ് ഗ്രീന്‍പീസ് അഥവാ പച്ചപ്പട്ടാണി. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ഗ്രീന്‍പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനും നല്ലതാണ്. കടകളില്‍നിന്ന് വാങ്ങുന്ന പച്ചപ്പട്ടാണിക്ക് പകരം വീട്ടില്‍ തന്നെ കൃഷി ചെയ്ത് വിളവെടുക്കാന്‍ കഴിഞ്ഞാല്‍ അതിലും സന്തോഷം. വലിയ കൃഷിയിടം ആവശ്യമില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. വീട്ടുവളപ്പിലും ടെറസിലും ഗ്രോബാഗുകളിലും ഗ്രീന്‍പീസ് കൃഷി ചെയ്യാം.
കേരളത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൃഷിയിറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന വിളയാണിത്. എന്നാല്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ വിജയകരമായി കൃഷി ചെയ്യാന്‍ കഴിയണമെന്നില്ല. തണുപ്പുള്ള ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഗ്രീന്‍പീസ് കൂടുതല്‍ അനുയോജ്യം. ഉയര്‍ന്ന ചൂടും അമിതമായ ഈര്‍പ്പവും ചെടിയുടെ വളര്‍ച്ചയെയും പൂവിടലിനെയും കായ്കളുടെ രൂപീകരണത്തെയും ബാധിക്കാം. പൂവിടുന്ന സമയത്തും കായ്കള്‍ ഉണ്ടാകുന്ന ഘട്ടത്തിലും അനുകൂല കാലാവസ്ഥ ലഭിക്കുന്നത് നല്ല വിളവിന് പ്രധാനമാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ശുപാര്‍ശ പ്രകാരം സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളില്‍ തണുപ്പുകാലത്ത് ഗ്രീന്‍പീസ് വിജയകരമായി കൃഷി ചെയ്യാം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് സാധാരണ നടീല്‍ സമയം. അതിനാല്‍ ഇടുക്കി, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലുള്ള കര്‍ഷകര്‍ക്ക് ഈ കൃഷി കൂടുതല്‍ അനുയോജ്യമാണ്.
മണ്ണും സ്ഥലവും
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഗ്രീന്‍പീസ് കൃഷിക്ക് ഏറ്റവും അനുയോജ്യം. മണല്‍ കലര്‍ന്ന പശിമരാശി മണ്ണിലും ലാറ്ററൈറ്റ് മണ്ണിലും കൃഷി ചെയ്യാം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം. മണ്ണില്‍ അമിതമായ ഈര്‍പ്പം നിലനില്‍ക്കുന്നത് വേരുകള്‍ ചീഞ്ഞുപോകുന്നതിനും കുമിള്‍രോഗങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകാം. ദിവസവും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കുക. കൃഷിയിടത്തില്‍ കളകളും കല്ലുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് മണ്ണ് നന്നായി ഇളക്കണം. മണ്ണിന്റെ ഘടന മെച്ചപ്പെടുത്താന്‍ ജൈവവളം ചേര്‍ക്കാം.
വിത്ത് തെരഞ്ഞെടുക്കലും നടീലും
ഗുണമേന്മയുള്ളതും രോഗബാധയില്ലാത്തതുമായ വിത്തുകള്‍ തെരഞ്ഞെടുക്കുകയാണ് ആദ്യപടി. കൃഷിഭവനില്‍നിന്നോ കാര്‍ഷിക നഴ്‌സറികളില്‍നിന്നോ വിശ്വസനീയമായ വിത്ത് വില്‍പ്പന കേന്ദ്രങ്ങളില്‍നിന്നോ ഗ്രീന്‍പീസ് വിത്തുകള്‍ വാങ്ങാം. മുളയ്ക്കാനുള്ള ശേഷി ഉറപ്പുള്ള വിത്തുകള്‍ തിരഞ്ഞെടുക്കുക. കേരള കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്യുന്ന ഇനങ്ങളില്‍ ബോണ്‍വില്ല (Bonnevilla), മാര്‍ക്‌സര്‍ബ്‌സന്‍ (Markserbsen) എന്നിവ ഉള്‍പ്പെടുന്നു. കൃഷി ചെയ്യുന്ന പ്രദേശത്തിന് അനുയോജ്യമായ ഇനമാണോ എന്ന് വിത്ത് വാങ്ങുമ്പോള്‍ ഉറപ്പാക്കണം.
വിത്തുകള്‍ നേരിട്ട് മണ്ണില്‍ നടുന്നതാണ് സാധാരണ രീതി. നിലം നന്നായി ഒരുക്കിയശേഷം വരികള്‍ തമ്മില്‍ 15-20 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 10 സെന്റിമീറ്ററും അകലം നല്‍കാം. ഏകദേശം 2-2.5 സെന്റിമീറ്റര്‍ ആഴത്തില്‍ വിത്ത് നടാം. വിത്തുകള്‍ മൂടിയശേഷം മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തണം.
സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗ്രോബാഗിലും വലിയ ചട്ടികളിലും ഗ്രീന്‍പീസ് കൃഷി ചെയ്യാം. വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ ദ്വാരങ്ങളുള്ള പാത്രങ്ങള്‍ തെരഞ്ഞെടുക്കണം. മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവ അനുയോജ്യമായ അളവില്‍ ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. മണ്ണിന് നല്ല നീര്‍വാര്‍ച്ചയും വായുസഞ്ചാരവും ഉണ്ടായിരിക്കണം. ഓരോ ഗ്രോബാഗിലും വലുപ്പമനുസരിച്ച് ഏതാനും വിത്തുകള്‍ നടാം. വിത്തുകള്‍ മുളച്ചശേഷം ആരോഗ്യമുള്ള തൈകള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ നീക്കം ചെയ്യാം.
ചെടികള്‍ വളരുന്നതിനനുസരിച്ച് പടര്‍ന്നുകയറാന്‍ താങ്ങ് നല്‍കണം. മുളയോ ചെറിയ കമ്പുകളോ ഉപയോഗിച്ച് താങ്ങ് ഒരുക്കാം. വള്ളികള്‍ക്ക് താങ്ങ് നല്‍കുന്നത് ചെടികള്‍ നിലത്തുകിടക്കുന്നത് ഒഴിവാക്കാനും കായ്കള്‍ ശേഖരിക്കാനും സഹായിക്കും.
ജലസേചനം ശ്രദ്ധിക്കണം
വിത്ത് മുളയ്ക്കുന്ന ഘട്ടത്തില്‍ മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടായിരിക്കണം. എന്നാല്‍ അമിതമായി വെള്ളമൊഴിക്കരുത്. മണ്ണിന്റെ മുകളിലെ ഭാഗം ഉണങ്ങിത്തുടങ്ങുമ്പോള്‍ മാത്രം ആവശ്യത്തിന് നനയ്ക്കാം. പൂവിടുന്ന സമയത്തും കായ്കള്‍ രൂപപ്പെടുന്ന ഘട്ടത്തിലും ജലലഭ്യത പ്രധാനമാണ്. ഈ സമയത്ത് മണ്ണ് അമിതമായി ഉണങ്ങുന്നത് വിളവിനെ ബാധിക്കാം. അതേസമയം വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.
വളപ്രയോഗം
ഗ്രീന്‍പീസ് ഒരു പയര്‍വര്‍ഗ വിളയായതിനാല്‍ വേരുകളിലെ റൈസോബിയം ബാക്ടീരിയയുടെ സഹായത്തോടെ അന്തരീക്ഷത്തിലെ നൈട്രജന്‍ മണ്ണില്‍ ലഭ്യമാക്കാന്‍ കഴിവുണ്ട്. അതുകൊണ്ട് അമിതമായി നൈട്രജന്‍ വളങ്ങള്‍ നല്‍കേണ്ടതില്ല. നടുന്നതിന് മുമ്പ് നന്നായി അഴുകിയ ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ മണ്ണില്‍ ചേര്‍ക്കാം. ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ലഭ്യതയും ഉറപ്പാക്കണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം ക്രമീകരിക്കുന്നതാണ് ഉചിതം.
കീടങ്ങളും രോഗങ്ങളും ശ്രദ്ധിക്കണം
ഗ്രീന്‍പീസ് കൃഷിയില്‍ ചില കീടങ്ങളും കുമിള്‍രോഗങ്ങളും പ്രശ്‌നങ്ങളുണ്ടാക്കാം.
പൗഡറി മില്‍ഡ്യൂ: ഇലകളിലും തണ്ടുകളിലും വെള്ളപ്പൊടി വിതറിയതുപോലുള്ള പാടുകള്‍ കാണാം.
ഡൗണി മില്‍ഡ്യൂ: ഇലകളുടെ അടിഭാഗത്ത് ചാരനിറത്തിലുള്ള പൂപ്പല്‍പോലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടാം.
വാട്ടരോഗം: ചെടികള്‍ മഞ്ഞളിക്കുകയും ക്രമേണ വാടിപ്പോകുകയും ചെയ്യാം.
മുഞ്ഞ: ഇളം തണ്ടുകളിലും ഇലകളിലും കൂട്ടമായി കാണപ്പെടുന്ന ഇവ ചെടിയുടെ നീരൂറ്റിക്കുടിക്കുന്നു.
രോഗബാധയുള്ള ചെടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ മറ്റുചെടികളില്‍നിന്ന് മാറ്റുക. കൃഷിയിടത്തില്‍ വായുസഞ്ചാരം ഉറപ്പാക്കുക. അമിതമായ ജലസേചനം ഒഴിവാക്കുകയും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. കീടബാധ കൂടുതലാണെങ്കില്‍ കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരം മാത്രം അനുയോജ്യമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
വിളവെടുപ്പ്
വിത്ത് നട്ട് ചെടി വളര്‍ന്ന് പൂവിട്ട് കായ്കള്‍ രൂപപ്പെടുന്നതുവരെ ആവശ്യമായ പരിചരണം നല്‍കണം. കായ്കള്‍ നല്ല വലുപ്പത്തിലെത്തി പച്ചനിറത്തില്‍ നിറഞ്ഞിരിക്കുമ്പോഴാണ് പച്ചപ്പട്ടാണി വിളവെടുക്കേണ്ടത്. കായ്കള്‍ അമിതമായി മൂത്ത് കട്ടിയാകുന്നതിന് മുമ്പ് പറിച്ചെടുക്കുന്നതാണ് നല്ലത്. കായ്കള്‍ ഒരുമിച്ച് പാകമാകണമെന്നില്ല. അതിനാല്‍ പാകമായവ മാത്രം ഇടവിട്ട് പറിച്ചെടുക്കാം. കൃത്യസമയത്ത് വിളവെടുക്കുന്നത് തുടര്‍ന്നുള്ള കായ്കളുടെ വളര്‍ച്ചയ്ക്കും സഹായകരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates