അടുക്കളത്തോട്ടത്തില്‍ വളരെ എളുപ്പത്തില്‍ വെളുത്തുള്ളി കൃഷി ചെയ്‌തെടുക്കാം. ചെറിയ സ്ഥലം മതിയെന്നതും വലിയ പരിചരണം ആവശ്യമില്ലെന്നതുമാണ് വെളുത്തുള്ളി കൃഷിയുടെ പ്രധാന പ്രത്യേകത. വീടുകളില്‍ തന്നെ ജൈവ രീതിയില്‍ വെളുത്തുള്ളി വളര്‍ത്തുന്നത് എങ്ങനെയെന്ന് നോക്കാം.
നടാനായി നല്ല വെളുത്തുള്ളി തെരഞ്ഞെടുക്കാം. ചീഞ്ഞതോ കേടായതോ ആയ അല്ലികള്‍ ഒഴിവാക്കുക. വലിപ്പമുള്ള അല്ലികളാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. ഇവ വേഗത്തില്‍ മുളച്ചുവരാന്‍ സഹായിക്കും. വെളുത്തുള്ളി അല്ലികളുടെ പുറത്തുള്ള നേര്‍ത്ത തൊലി കളയാതെ വേണം നടാന്‍. എന്നാലേ വേരുകള്‍ നന്നായി ഇറങ്ങുകയുള്ളൂ.
മണ്ണും നടീല്‍ രീതിയും
ജലാംശം കെട്ടിക്കിടക്കാത്ത, അയഞ്ഞ മണ്ണാണ് വെളുത്തുള്ളിക്ക് ഏറ്റവും അനുയോജ്യം. മണ്ണും ചാണകപ്പൊടിയും (അല്ലെങ്കില്‍ കമ്പോസ്റ്റും) മണലും സമപാതകത്തില്‍ ചേര്‍ത്ത് ചട്ടിയിലോ തോട്ടത്തിലോ നടാം. വെളുത്തുള്ളി അല്ലികള്‍ ഒന്നിച്ച് നടാതെ, ഓരോന്നും വേര്‍പെടുത്തി മണ്ണില്‍ കുത്തുക. അല്ലിയുടെ കൂര്‍ത്ത ഭാഗം മുകളിലേക്ക് വരുന്ന രീതിയില്‍ 2 മുതല്‍ 3 സെന്റിമീറ്റര്‍ ആഴത്തില്‍ നടണം. അല്ലികള്‍ തമ്മില്‍ ഏകദേശം 10-15 സെന്റിമീറ്റര്‍ അകലം ഉണ്ടായിരിക്കണം.
വെളുത്തുള്ളിക്ക് നന്നായി സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ദിവസവും കുറഞ്ഞത് 5-6 മണിക്കൂര്‍ എങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യുവാന്‍. മണ്ണ് എപ്പോഴും ഈര്‍പ്പമുള്ളതായിരിക്കണം, എന്നാല്‍ വെള്ളം കെട്ടിക്കിട്ടാനും പാടില്ല. ചെടി വളരുന്ന ആദ്യ ഘട്ടങ്ങളില്‍ നന പ്രധാനമാണ്. വിളവെടുപ്പിന് രണ്ടാഴ്ച മുമ്പ് നനയ്ക്കുന്നത് നിര്‍ത്താം.
വളപ്രയോഗവും പരിചരണവും
ജൈവ വളങ്ങള്‍ നല്‍കുന്നതാണ് ആരോഗ്യകരമായ വിളവെടുപ്പിന് നല്ലത്. ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുക്കാം. ഇടയ്ക്കിടെ മണ്ണിലെ കളകള്‍ നീക്കം ചെയ്യുകയും മണ്ണ് ഇളക്കിക്കൊടുക്കുകയും വേണം.
വിളവെടുപ്പ്
നട്ട് 4 മുതല്‍ 5 മാസത്തിനുള്ളില്‍ വെളുത്തുള്ളി വിളവെടുപ്പിന് പാകമാകും. ചെടിയുടെ ഇലകള്‍ മഞ്ഞനിറമായി ഉണങ്ങിത്തുടങ്ങുമ്പോള്‍ വിളവെടുക്കാം. ചെടി പതുക്കെ പിടിച്ചുയര്‍ത്തി വെളുത്തുള്ളി പുറത്തെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates