ശിവപാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ആറു ക്ഷേത്രങ്ങളാണ് 'ആറുപടൈ വീട്' എന്ന് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. ശൂരപദ്മനെതിരെയുള്ള യുദ്ധനീക്കത്തിനിടെ സുബ്രഹ്മണ്യന്‍ തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണ് പിന്നീട് ക്ഷേത്രങ്ങളായി ഉയര്‍ന്നു വന്നതെന്നാണ് വിശ്വാസം. തമിഴ് സംഘ സാഹിത്യത്തിലും ആറുപടൈ വീടുകളെകുറിച്ച് പരാമർശിക്കുന്നുണ്ട്. തിരു പ്രംകുണ്ഡ്രത്തില്‍ ഭജിച്ചാല്‍ സമ്പത്ത്. തിരുച്ചെന്തൂരില്‍ തൊഴുതാല്‍ ആത്മവിശ്വാസം. പളനിയില്‍ രോഗശാന്തിയും ആത്മശാന്തിയും. സ്വാമിമല യില്‍ ജ്ഞാനം. തിരുത്തണിയില്‍ ശാന്തിയും ഐശ്വര്യവും. പഴമുതിർ ചോലയിൽ വിവേകവും ഉണ്ടാകുമെന്നാണ് വിശ്വാസം.
പഴനി മുരുകൻ ക്ഷേത്രം
ഡിണ്ടിഗൽ ജില്ലയിൽപഴനി മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ മുരുകനെ ദണ്ഡപാണി എന്ന രൂപത്തിൽ ആരാധിക്കു ന്നു. കയ്യിൽ വടി (ദണ്ഡം) ആയുധമായി ധ്യാന രൂപത്തിലാണ് ദണ്ഡപാണി നിലകൊള്ളുന്നത്. ജ്ഞാനപ്പഴത്തെകുറിച്ചുണ്ടായ തർക്കത്തെ തുടർന്ന് കൈലാസം വിട്ടിറങ്ങിയ മുരുകൻ പഴനി മലയിലേക്കാണ് എത്തിയത്. കാർത്തികേയനെ സമാധാനിപ്പിക്കാനായി ശിവ- പാർവതിമാർ പറഞ്ഞ പഴം നീ എന്ന വാക്കുകളാണ് പഴനി (പളനി) ആയി മാറിയത്. അറുനൂറില്‍ പരം പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. മുകളിലെത്താന്‍ സന്ദ ര്‍ശകര്‍ക്ക് റോപ് കാറുകളും ഉപയോഗിക്കാം. തല മുണ്ഡനം ചെയ്യുന്നതാണ് ഇവിടത്തെ പ്രധാന നേര്‍ച്ചകളിലൊന്ന്. പഴനിയിലെ പ്രസാദമായ പ ഞ്ചാമൃതം ലോക പ്രശസ്തമാണ്. കാവടി, പഞ്ചാമൃതം, പാൽ, പനിനീർ അഭിഷേകങ്ങൾ ആണ് പ്രധാന വഴിപാടുകൾ.
സ്വാമിമലൈ മുരുകൻ ക്ഷേത്രം
തഞ്ചാവൂർ ജില്ലയിൽ കാവേരിയുടെ ഒരു പോഷക നദിയുടെ തീരത്ത് സ്വാമി മല എന്ന കുന്നിന്മുകളിലായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഭൂനിരപ്പില്‍ നിന്നും അല്‍പം ഉയര്‍ത്തിയാണ് സ്വാമിനാഥ സ്വാമി ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അറുപത് പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. മനുഷ്യന്‍ ശരാശരി 60 വയസ്സുവരെ ജീവിയ്ക്കുന്നതുമായി ബന്ധപ്പെടുത്തിയാണത്രേ 60 പടികള്‍ പണിതിരിക്കുന്നത്. മൂന്നു നിലയായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. മുരുകൻ തന്റെ പിതാവായ ശിവന് പ്രണവ മന്ത്രമായ ഓംകാരത്തിന്റെ പൊരുൾ അരുൾ ചെയ്തത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം. ആയതിനാൽ മുരുകനെ സ്വാമിനാഥൻ എന്ന രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. സ്വാമി മല എന്നാൽ ദൈവത്തിന്റെ മല എന്നർത്ഥം.
തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം
തൂത്തുകുടി ജില്ലയിൽ സമുദ്രത്തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ ശൂരപദ്മനെ വധിച്ചത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാ സം. മുരുകനും സഖികളായ വള്ളിയും ദേവയാനിയുമാണ് ഇവിടത്തെ മൂര്‍ത്തികള്‍. വേദങ്ങളില്‍ പരാമര്‍ശമുള്ളതിനാല്‍ ചരിത്രാതീത കാലം തൊ ട്ടേ ഇത് നില നിന്നിരുന്നു എന്ന് കരുതാം. ക്ഷേത്ര വളപ്പിൽ വിഷ്ണുവിന്റെയും ശിവന്റെയും അമ്പലങ്ങളുണ്ട്. ഒൻപത് നിലകളുള്ള ഗോപുരവാതില്‍ പ്രൌഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. 'നാഴിക്കിണര്‍' എന്ന പേരില്‍ ഒരു തീര്‍ത്ഥക്കുളം ഇവിടെ കാണാം. തിരുന്നല്‍വേലിയില്‍ നിന്ന് 60 കിലോമീറ്ററും തൂത്തുക്കുടിയില്‍ നിന്ന് 40 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 75 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു എന്നതും പ്രത്യേകതായാണ്. കടലിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ക്ഷേത്രമാണ്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കടലിലിറങ്ങി കുളിക്കാനും സൗകര്യമുണ്ട്. ഇവിടുത്തെ പ്രധാന വഴിപാടുകൾ തേൻ അഭിഷേകം, പാൽ കാവടി എന്നിവയാണ്.
തിരുപ്രംകുണ്ഡ്രം മുരുകൻ ക്ഷേത്രം
സുബ്രഹ്മണ്യൻ താരകാസുരനെ വധിച്ചതിനു ശേഷം ദേവസേനയെ വിവാഹം കഴിച്ച സ്ഥലം. മധുര ജില്ലയിലെ ഒരു പട്ടണ പ്രദേശമാണ് തിരുപ്രംകുണ്ഡ്രം. മധുര നഗരത്തില്‍ നിന്നും ഇവിടേക്ക് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട്. എട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാക്കന്മാരാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ശിവന്‍, ദുര്‍ഗ, വിഷ്ണു തുടങ്ങിയ ദേവതകളെയും ഇവിടെ ആരാധിക്കുന്നു. മുരുകന്റെ വിവാഹം നടന്ന ഈ ക്ഷേത്രം വിവാഹം നടത്താന്‍ ഉത്തമമായി കരുതുന്നു. തേൻ അഭിഷേകം, പൊങ്കൽ നേർച്ച, കാവടി, ചുട്ട കടലപ്പൊടി സമർപ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ.
തിരുത്തണി മുരുകൻ ക്ഷേത്രം
തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപം തിരുവള്ളൂർ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകൻ വള്ളിയെ വിവാഹം കഴിച്ചത് തിരുത്തണിയിൽ വെച്ചാണ് എന്നാണ് വിശ്വാസം. തിരുത്തണി മലയിലേക്ക് 365 പടവുകള്‍ ചവിട്ടി വേണം കയറാന്‍. ഇത് വര്‍ഷത്തിലെ 365 ദിവസങ്ങളെ സൂചിപ്പിക്കുന്നു. മനോഹരമായ നന്ദി എന്ന ചെറിയ പുഴയും ഇവിടെയുണ്ട്. കുമാര തീര്‍ത്ഥം അഥവാ ശരവണ പൊയ്കൈ എന്ന വിശുദ്ധ തടാകവും ഇവിടെയുണ്ട്. ഇതിലെ ജലം രോഗങ്ങള്‍ മാറ്റാന്‍ ശക്തിയുള്ളതാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. വൈകുന്നേരങ്ങളില്‍ ദിവസേന മുരുകന്റെ വിഗ്രഹം രഥത്തില്‍ എഴുന്നള്ളിക്കും. ഭക്തര്‍ മുങ്ങിക്കുളിക്കുന്ന പവിത്രമായ നബുരാ ഗംഗ എന്ന ഉറവ ഇതിനടുത്താണ്. പാൽകാവടി, പൂക്കാവടി, തേൻ അഭിഷേകം, പൊങ്കൽ നേർച്ച എന്നിവയാണ് പ്രധാന വഴിപാടുകൾ.
പഴമുതിർചോലൈ മുരുകൻ ക്ഷേത്രം
മധുര ജില്ലയിൽ നുപുര ഗംഗൈ എന്ന ഒരു ചെറു അരുവിയുടെ സമീപമായാണ് പഴമുതിർ ചോലൈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുബ്ര ഹ്മണ്യസ്വാമി വള്ളി- ദേവയാനി സമേതനായാണ് ഈ ക്ഷേത്രത്തിൽ നിലകൊള്ളുന്നത്. മധുരയിൽ നിന്ന് 13 കിലോമീറ്റർ അകലെയായി സോലമല കുന്നിന്‍ മുകളിലെ അലഗാര്‍ കോവിലിന് സമീപത്താണ് പഴംമുതിര്‍ചോലൈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വഴിപാടുകൾ തേൻ അബിഷേകം, പഴം നേർച്ച, മുത്ത് കാവടി, പൂവ് എന്നിവയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates