രാമായണത്തിലെ ഏറ്റവും നിർണായകമായ സംഭവങ്ങളിലൊന്നാണ് സീതാപഹരണം. ഈ സംഭവത്തിലേക്കു നയിച്ച സാഹചര്യങ്ങളാണ് പിന്നീട് "ലക്ഷ്മണ രേഖ" എന്ന പേരിൽ ജനകീയ പാരമ്പര്യത്തിൽ പ്രശസ്തമായത്. ശ്രദ്ധേയമായ കാര്യം, വാൽമീകി രാമായണത്തിൽ "ലക്ഷ്മണ രേഖ" എന്ന പേരിലോ ലക്ഷ്മണൻ ഒരു രേഖ വരച്ചതായോ വ്യക്തമായ പരാമർശമില്ല. എങ്കിലും, പിന്നീട് രൂപംകൊണ്ട രാമായണ പാരമ്പര്യങ്ങളിൽ ഈ സംഭവം വ്യാപകമായി പ്രചരിച്ചു.
വനവാസകാലത്ത് ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും ദണ്ഡകാരണ്യത്തിലെ പഞ്ചവടിയിൽ ആശ്രമം കെട്ടി താമസിക്കുകയായിരുന്നു. അവിടെയാണ് രാവണന്റെ സഹോദരിയായ ശൂർപ്പണഖ എത്തുന്നത്. ശ്രീരാമനെയും ലക്ഷ്മണനെയും മോഹിച്ച ശൂർപ്പണഖയെ അവർ നിരസിച്ചു. തുടർന്ന് സീതയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ലക്ഷ്മണൻ അവളുടെ മൂക്കും ചെവികളും ഛേദിച്ചു. അപമാനിതയായ ശൂർപ്പണഖ ലങ്കയിലേക്ക് പോയി സഹോദരനായ രാവണനോട് സീതയുടെ അസാമാന്യസൗന്ദര്യം വിവരിച്ചു. സീതയെ തട്ടിക്കൊണ്ടുപോകാൻ രാവണൻ തീരുമാനിച്ചു. അതിനായി മാരീചന്റെ സഹായം തേടി.
മാരീചൻ സ്വർണമാനിന്റെ രൂപം ധരിച്ച് പഞ്ചവടിയിൽ എത്തി. അതിന്റെ അപൂർവ സൗന്ദര്യം കണ്ട് സീതയ്ക്ക് അതിനെ വേണമെന്ന ആഗ്രഹമുണ്ടാ യി. സീതയുടെ അഭ്യർഥനപ്രകാരം ശ്രീരാമൻ സ്വർണ മാനിനെ പിന്തുടർന്ന് കാട്ടിലേക്ക് പോയി. മരണം അടുത്തപ്പോൾ മാരീചൻ ശ്രീരാമന്റെ ശബ്ദത്തിൽ "ഹാ സീതേ... ഹാ ലക്ഷ്മണാ..." എന്ന് നിലവിളിച്ചു. ആ ശബ്ദം കേട്ട് ഭയന്ന സീത, ശ്രീരാമനെ രക്ഷിക്കാൻ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. അത് മായയാണെന്ന് ലക്ഷ്മണൻ പറഞ്ഞെങ്കിലും സീതയുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം പുറപ്പെട്ടു. ജനകീയ വിശ്വാസമനുസരിച്ച്, പുറപ്പെടുന്നതിന് മുമ്പ് സീതയുടെ സംരക്ഷണത്തിനായി ആശ്രമ ത്തിനു ചുറ്റും ഒരു ദിവ്യരേഖ വരച്ച് അതു കടക്കരുതെന്ന് ലക്ഷ്മണൻ നിർദ്ദേശിച്ചു. ഈ സംരക്ഷണ വലയമാണ് പിന്നീട് "ലക്ഷ്മണ രേഖ" എന്ന പേരിൽ അറിയപ്പെട്ടത്.
ലക്ഷ്മണൻ പോയതിനു പിന്നാലെ സന്യാസിയുടെ വേഷത്തിൽ രാവണൻ ആശ്രമത്തിലെത്തി ഭിക്ഷ ചോദിച്ചു.അതിഥിയെ നിരാശപ്പെടുത്തുന്നത് അധർമ്മമാണെന്ന ചിന്തയിൽ സീത ആശ്രമത്തിന് പുറത്തേക്കു വന്നു. ആ നിമിഷം രാവണൻ തന്റെ യഥാർത്ഥ രൂപം പ്രാപിച്ച് സീതയെ ബലമായി തട്ടിക്കൊണ്ടുപോയി. സീതയെ രക്ഷിക്കാൻ ശ്രമിച്ച പക്ഷിരാജാവായ ജടായു രാവണനുമായി അതിശക്തമായ യുദ്ധം നടത്തി. ജടായുവിന്റെ ചിറകുകൾ വെട്ടിമുറിച്ച് രാവണൻ സീതയുമായി ലങ്കയിലേക്ക് യാത്ര തുടർന്നു. പിന്നീട് ശ്രീരാമനും ലക്ഷ്മണനും ഗുരുതരമായി പരിക്കേറ്റ ജടായുവിനെ കണ്ടുമുട്ടി. സീതയെ രാവണൻ തട്ടിക്കൊണ്ടുപോയ വിവരം ജടായു അവരോട് അറിയിച്ചു. തുടർന്ന് ശ്രീരാമന്റെ സാന്നിധ്യത്തിൽ ജടായു ജീവൻ വെടിഞ്ഞു. ശ്രീരാമൻ സ്വന്തം പിതാവിന് നൽകുന്ന ബഹുമാനത്തോടെ ജടായുവിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചു.
തുടർന്ന് ശ്രീരാമൻ കബന്ധനെ വധിച്ചശേഷം അവന്റെ നിർദേശപ്രകാരം പമ്പാ സരസ്സിന്റെ സമീപത്തെത്തി. അവിടെ ഹനുമാനെ കണ്ടുമുട്ടുകയും പിന്നീട് ഋഷ്യമൂക പർവതത്തിൽ താമസിച്ചിരുന്ന സുഗ്രീവനുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. സുഗ്രീവന്റെ നേതൃത്വത്തിൽ വാനരസേന സീതയെ അന്വേഷിക്കാൻ പുറപ്പെട്ടു. ഹനുമാൻ സമുദ്രം താണ്ടി ലങ്കയിലെത്തി. അശോകവനികയിൽ സീതയെ കണ്ടെത്തി ശ്രീരാമന്റെ മുദ്രവളയം നൽകി ആശ്വസിപ്പിച്ചു. തുടർന്ന് ലങ്കയിൽ തന്റെ പരാക്രമം പ്രകടിപ്പിച്ച ശേഷം തിരിച്ചെത്തി വിവരം ശ്രീരാമനെ അറിയിച്ചു.
പിന്നീട് ശ്രീരാമന്റെ നിർദേശപ്രകാരം സമുദ്രത്തിനുമേൽ പാലം നിർമ്മിച്ച് വാനരസേന ലങ്കയിലെത്തി. കുംഭകർണനെയും ഇന്ദ്രജിത്തിനെയും ഉൾ പ്പെടെ അനേകം രാക്ഷസന്മാരെ വധിച്ചശേഷം ശ്രീരാമൻ രാവണനെ സംഹരിച്ചു. വിഭീഷണനെ ലങ്കയുടെ രാജാവായി അഭിഷേകം ചെയ്തു. സീത യെ മോചിപ്പിച്ച്, വനവാസകാലം പൂർത്തിയാക്കിയ ശേഷം എല്ലാവരും അയോധ്യയിലേക്ക് മടങ്ങി. അവിടെ ശ്രീരാമന്റെ പട്ടാഭിഷേകം നടന്നു. ധർമ്മവും നീതിയും നിറഞ്ഞ രാമരാജ്യത്തിന് തുടക്കമായി.
ലക്ഷ്മണ രേഖ എന്നത് ഒരു വര മാത്രമല്ല. ധർമ്മത്തിന്റെയും വിവേകത്തിന്റെയും മുൻകരുതലിന്റെയും പ്രതീകമാണ്. ജീവിതത്തിൽ മര്യാദ കളുടെയും സുരക്ഷയുടെയും അതിരുകൾ ലംഘിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ശാശ്വതമായ ഓർമ്മപ്പെടുത്തലാണ് ഈ കഥ. അതുകൊണ്ടുതന്നെ ഇന്നും ഏതൊരു സുരക്ഷാ പരിധിയെയും നാം "ലക്ഷ്മണ രേഖ" എന്ന് വിശേഷിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates