കൊല്ലവര്‍ഷം 1201 മീനമാസം 5-ാം തിയതി (19/03/2026) ന് ''പരാഭവം'' എന്ന സംവത്സരം ആരംഭിച്ചു. 22/03/2026 നാണ് ഇന്ത്യന്‍ ശകവര്‍ഷം 1948 ആരംഭിച്ചത്. രാവും പകലും തുല്യമായ ദിനമാണിത്. AD 285 വരെയുള്ള കാലഘട്ടത്തില്‍ അതായിരുന്നു വിഷു. അതുകൊണ്ടായിരിക്കാം കണിക്കൊന്ന അക്കാലത്തേയ്ക്കായി പൂത്തുലയുന്നതും പ്രകൃതി പുതുവത്സരത്തിന് തയ്യാറെടുക്കുന്നതും. പക്ഷെ ഭൂമിയുടെ ചെരിവു കാരണം ( അയനാംശം) സൂര്യന്‍ അശ്വതി നക്ഷത്രത്തിനടുത്ത് കാണുന്നത് മേടം 1 നാണ്. അന്നാണ് അശ്വതി ഞാറ്റുവേലയുടെ ആരംഭവും. ഞാറ്റുവേലകള്‍ക്ക് കാലാവസ്ഥയും കൃഷിയുമായി അഭേദ്യബന്ധമുള്ളതിനാല്‍ മലയാളികള്‍ക്ക് വിഷു സമൃദ്ധിയെ വരവേല്‍ക്കുന്ന ഉത്സവം കൂടിയാണ്. അതിനാണ് പുതുവത്സരത്തെ വരവേറ്റുകൊണ്ട് അതിരാവിലെ കണി കണ്ടുണരുന്നതും. അയന ചലനം കാരണം 72 വര്‍ഷം കൂടുമ്പോള്‍ 1 ദിവസം വരെ മാറി മാറിയാണ് ഇപ്പോള്‍ മാര്‍ച്ച് 22 ല്‍ നിന്ന് വിഷു ഏപ്രില്‍ 15 ലേയ്ക്ക് എത്തിയിരിക്കുന്നത്. ഈ വര്‍ഷം മേടം 1 ന് രാവിലെ 09:09 നാണ് സൂര്യന്‍ അശ്വതി നക്ഷത്രത്തിനടുത്തെത്തുന്നത്. അപ്പോള്‍ അടുത്ത ദിവസം സൂര്യോദയത്തിനാണ് വിഷു ആചരിയ്ക്കുന്നത്. അതാണ് മേടം 2 ലേയ്ക്ക് മാറിയതും.
വിഷുദിനത്തെ ഗ്രഹനില വെച്ച് കാലവര്‍ഷ പ്രവചനം, വിള പ്രവചനം, വില പ്രവചനം എന്നിവ നടത്തിയിരുന്നു. വിഷുദിനത്തിലെ ആഴ്ചയെ വെച്ച് ഈ വര്‍ഷം 2 പറ വര്‍ഷം എന്ന കണക്കിലാണ് കാലാവസ്ഥ പ്രവചനം. അതിനാല്‍ സാധാരണയിലും താഴ്ന്ന മഴയേ പ്രതീക്ഷിയ്ക്കാനാവൂ.
ഈ വര്‍ഷം മെയ് 29നാണ് ബുധൻ മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കുന്നത്. അതിനെ തുടര്‍ന്ന് ശരാശരി 22 മി.മീറ്ററോളം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 8ന് ശുക്രന്‍ കര്‍ക്കിടക രാശിയിലേയ്‌ക്കെത്തുമ്പോള്‍ കാലവര്‍ഷം കുറച്ചു കൂടി ശക്തി പ്രാപിയ്ക്കും. ജൂണ്‍ 22ന് ബുധന്‍ കൂടി കര്‍ക്കിടക രാശിയില്‍ വന്നാല്‍ താരതമ്യേന നല്ല മഴ കിട്ടും. ജൂലൈ 4 ന് ശുക്രന്‍ ചിങ്ങം രാശിയിലേയ്ക്ക് മാറിയാലും ശരാശരി 23 മി.മീ മഴ കിട്ടേണ്ട സമയമാണ്. ബുധന്‍ ജൂലൈ 7 ന് മിഥുനത്തിലേയ്ക്ക് മാറുമെങ്കിലും ശുക്രന്‍ ഓഗസ്റ്റ് 1 ന് ജലരാശിയായ കന്നിയിലും ബുധന്‍ ഓഗസ്റ്റ് 5 ന് ജലരാശിയായ കര്‍ക്കിടകത്തിലുമെത്തുമ്പോള്‍ പരമാവധി നല്ല മഴ കിട്ടുന്ന സമയമാണ്. ഓഗസ്റ്റ് 22 ഓടെ മഴയുടെ കാഠിന്യം കുറയും. സെപ്റ്റംബര്‍ 7 ഓടെ വീണ്ടും കുറച്ച് മഴ കിട്ടും. ഈ വര്‍ഷം തുലാവര്‍ഷവും താരതമ്യേന നല്ല മഴ കിട്ടുന്ന ലക്ഷണമുണ്ട്. നവംബര്‍ പകുതിയോടെ മഴക്കാലം പൂര്‍ണ്ണമായി മാറും. വിഷുഫലത്തില്‍ മഴക്കുറവു കാണുന്നുണ്ടെങ്കിലും ഗ്രഹ ഘടന പ്രകാരം ഓഗസ്റ്റ് വരെ നല്ല വര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ട്.
അതേ സമയം ചൊവ്വ 02/08/2026 മുതല്‍ 26/04/2027 വരെ ചിങ്ങത്തിലും കര്‍ക്കിടകത്തിലുമായി നില്‍ക്കുന്നത് ചൂട് കൂടുന്നതിന് ധാരാളം സാധ്യത കാണിയ്ക്കുന്നതാണ്. അതിനാല്‍ ജലദൗര്‍ലഭ്യം മുന്നില്‍ കണ്ടു കൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ട കാലം കൂടിയാണ്.കൂടാതെ ജനങ്ങളില്‍ സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും അലര്‍ജി മൂലമുള്ള രോഗങ്ങള്‍ക്കും ചിക്കന്‍പോക്‌സ് മുതലായവയ്ക്കും എല്ലാം സൂചന നല്‍കുന്നതുമാണീ ഗ്രഹ ഘടന.
വ്യാഴം മൂന്ന് രാശിയില്‍ സഞ്ചരിയ്ക്കുന്ന വര്‍ഷം കൂടിയാണിത്. അതും പല തരം കൃമി കീടാദികളുടെ ഉപദ്രവത്തിനും സാധ്യത കൂട്ടുന്നതാണ്. മാലിന്യ സംസ്‌കരണ രംഗത്തുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് സാധ്യത പറയാവുന്ന കാലം കൂടിയാണ്.
അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് സുഖഭോഗ സമൃദ്ധമായ ജീവിതത്തിനും നൂതനഗൃഹനിര്‍മ്മാണം, വാഹനങ്ങളുടെ ക്രയവിക്രയം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, സഹായികളുടെ വര്‍ദ്ധന എന്നിവയ്ക്കെല്ലാം യോഗമുള്ള വര്‍ഷമാണ്. ശനിയുടെ സ്ഥിതി അനുസരിച്ച് പ്രതീക്ഷിയ്ക്കാത്ത ചെലവുകള്‍ അടിയ്ക്കടിയുണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷം കൂടിയാണ്. അതു കൊണ്ടു തന്നെ വര്‍ഷാരംഭം മുതല്‍ ഒരു മിതവ്യയം ശീലിയ്‌ക്കേണ്ടതുണ്ട്.
കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍
ഇവര്‍ക്ക് ഈ വര്‍ഷം ഗുണപ്രദമാണ് ആരോഗ്യം, ഐശ്വര്യം, ഉദ്യോഗലബ്ധി, ധനലാഭം, പ്രശസ്തി എന്നിവയ്ക്കെല്ലാം യോഗമുണ്ട്. പ്രസംഗകലകള്‍, അധ്യാപനം, ഗാനാലാപനം എന്നീ മേഖലയിലുള്ളവര്‍ക്കും വളരെ ഗുണകരമാണ്. എന്നിരുന്നാലും കഫശല്യം, ഉദരരോഗം, അനാവശ്യ കലഹങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ആയതിനാല്‍ വാക്‌സംയമനം പാലിക്കേണ്ട വര്‍ഷമാണിത്.
മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രത്തില്‍പെട്ടവര്‍ക്ക് താരതമ്യേന ഗുണകരമായ വര്‍ഷമാണ്. എന്നിരുന്നാലും മാര്‍ഗ്ഗതടസ്സങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദ സഞ്ചാര വേളകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട കാലമാണിത്.
പുണര്‍തം 4-ാം പാദം, പൂയം, ആയില്യം
ഈ നക്ഷത്രക്കാര്‍ക്ക് താരതമ്യേന ഗുണകരമായ വര്‍ഷമാണിത്. ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, പുണ്യകര്‍മ്മങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍, സമൂഹനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലുണ്ട്. ഉദരരോഗസാധ്യതകള്‍, രക്തദൂഷ്യം എന്നിവയ്ക്കും സാധ്യതയുണ്ട്. ധനസംബന്ധമായി ചതിയേല്‍ക്കാനിടയുള്ളതിനാല്‍ വളരെ ശ്രദ്ധിയ്‌ക്കേണ്ട കാലമാണിത്.
മകം, പൂരം, ഉത്രം 1-ാം പാദം
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് താരതമ്യേന ഗുണപ്രദമായ സമയമാണ്. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിച്ചാല്‍ പ്രശസ്തിക്ക് യോഗമുണ്ട്. നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം, ലോഹങ്ങളാല്‍ ശരീരത്തില്‍ മുറിവേല്‍ക്കാനിടവരിക, യാത്രാവേളകളില്‍ മലിനമായ ഭക്ഷണം കഴിക്കാനിടവരിക എന്നിവയ്ക്ക് യോഗമുണ്ട് എന്നറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ നല്ലതാണ്.
ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍
ഇവര്‍ക്ക് മാര്‍ഗ്ഗതടസ്സം, അകാരണഭയം, വീഴ്ച, രക്തദൂഷ്യം, കണ്ണിന് അസുഖം, അനാവശ്യമായി ആര്‍ഭാടത്തിനും, വസ്ത്രാഭരണാദികള്‍ക്കുമായി ധനം ചെലവ് ചെയ്യാനിടവരിക, വേണ്ടാത്തവ വാങ്ങിക്കൂട്ടാനായി വെറുതെ കടം വാങ്ങേണ്ടിവരിക, ധൂര്‍ത്ത് ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട വര്‍ഷമാണിത്.
ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് ഏറ്റവും നല്ല വര്‍ഷമാണിത്. ഭാഗ്യം, കര്‍മ്മാഭിവൃദ്ധി, പ്രശസ്തി, സന്താനാദികള്‍ക്ക് അഭിവൃദ്ധി, കുടുംബൈശ്വര്യം, ഗവേഷകര്‍ക്ക് പ്രശസ്തി, ക്രയവിക്രയങ്ങളില്‍ ലാഭം, വൈദ്യരംഗത്തുള്ളവര്‍ക്ക് ഗുണാനുഭവങ്ങള്‍, ഭരണരംഗത്തുള്ളവര്‍ക്ക് ശോഭിക്കാനിട വരിക എന്നിവയ്ക്കെല്ലാം യോഗമുണ്ട്. സ്വമനസ്സാലെ ദേവന്മാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നതുമൂലം ആരോഗ്യപ്രദമായ ജീവിതത്തിനും യോഗം കാണുന്നുണ്ട്.
വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട
ഇവര്‍ ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പല ഗുണഫലങ്ങള്‍ക്കും സാധ്യത അനുഭവിക്കാവുന്ന വര്‍ഷമാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് യോഗം കാണുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജലസ്രോതസ്സുകളുടെ നിര്‍മ്മാണത്തിനും, നാല്‍ക്കാലി വര്‍ദ്ധനയ്ക്കും എല്ലാം യോഗമുണ്ട്. അലസത മാറ്റി മുന്നിട്ടിറങ്ങിയാല്‍ മനസ്സിലുദ്ദേശിക്കുന്ന സര്‍വ ഗുണങ്ങളും ഇവര്‍ക്ക് ലഭിക്കാനിടയുണ്ട്.
മൂലം, പൂരാടം, ഉത്രാടം 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശനി ഉണ്ടെങ്കിലും പൊതുവെ നല്ല ഫലമാണ്. നൂതന സ്ഥാനമാനങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും, സാഹിത്യ സിനിമാ മേഖലകളിലുള്ളവര്‍ക്ക് ധനലാഭത്തിനും സാധ്യതയുണ്ട്. പുണ്യതീര്‍ത്ഥസ്നാനാദി ഗുണഫലങ്ങള്‍ക്കും വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും ക്രയവിക്രയങ്ങളില്‍ ഗുണങ്ങള്‍ക്കും സാധ്യതയുണ്ട്. നന്മ ചെയ്താലും ചീത്ത ഫലം കേള്‍ക്കേണ്ടതായി വരുമെന്ന് പ്രതീക്ഷിച്ച് പ്രവര്‍ത്തിയ്‌ക്കേണ്ട വര്‍ഷം കൂടിയാണിത്.
ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ സമയമാണിത്. ഉന്നത സ്ഥാനമാനലബ്ധി, പ്രശസ്തി, ഉദ്യോഗ ലബ്ധി, പരീക്ഷാദികളില്‍ വിജയം, സഹായികളുടെ വര്‍ദ്ധന എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് മാറുകയും, ചതിയേല്‍ക്കാന്‍ സാധ്യത മുന്നില്‍ കാണാന്‍ കഴിയുകയും ചെയ്താല്‍ ഈ വര്‍ഷം ഗുണകരമാക്കി മാറ്റാന്‍ കഴിയും.
അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍
പൊതുവെ ഈശ്വരാനുഗ്രഹമുള്ള സമയമാണിത്. എന്നിരുന്നാലും സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട സമയമാണ്. പരസ്യങ്ങളില്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കേണ്ട സമയമാണിത്. നൂതന പഠനങ്ങള്‍ക്ക് താല്പര്യം, ഗവേഷണാത്മകമായ സമീപനം, ആരോഗ്യം, ഐശ്വര്യം, പ്രതാപം, കര്‍മ്മകുശലത എന്നിവയ്ക്കെല്ലാം യോഗമുണ്ട്. നാഡീസംബന്ധമായോ ഉദരസംബന്ധമായോ അസുഖസാധ്യതകള്‍ അനുഭവിയക്കാന്‍ യോഗമുണ്ട്.
പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി
ഈ നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഗുണാധിക്യം കാണുന്നുണ്ടെങ്കിലും അലസത, സ്വയം ചിന്തിയ്ക്കാതെ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് പിറകെ പോകല്‍ എന്നിവ നിമിത്തം ധനനഷ്ടത്തിന് യോഗമുണ്ട്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിക്കും മനഃസന്തോഷത്തിനും യോഗമുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ വര്‍ഷാരംഭം മുതല്‍ അച്ചടക്കം പാലിയ്‌ക്കേണ്ട വര്‍ഷം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates